ബുദ്ധന് ജീവിച്ചിരുന്നപ്പോള്‍ ഒരു രാജാവും പ്രജകളും ചേര്‍ന്ന് ബുദ്ധനോടുള്ള സ്‌നേഹസൂചകമായി ‘ആയിരം ദീപസമര്‍പ്പണം’ നടത്താന്‍ തീരുമാനിച്ചു. നിരവധി പേര്‍ അതിനുള്ള സന്മനസ്സുമായി എണ്ണയും തിരിയുമായി മുന്നോട്ടുവന്നു. അവരുടെ ഒപ്പം പരമദരിദ്രയായ ഒരു യാചകിയുമുണ്ടായിരുന്നു.വിളക്കിലൊഴിക്കാനുള്ള എണ്ണ ശേഖരിക്കാനവര്‍ക്ക് നന്നേ വിഷമിക്കേണ്ടിവന്നു. ഒടുവില്‍ ആ ദിവസം പൂര്‍ണ്ണമായി പട്ടിണികിടന്നാണ് വിളക്കിലൊഴിക്കാനുള്ള എണ്ണ അവര്‍ സംഘടിപ്പിച്ചതും സമയത്തുതന്നെയെത്തി ദീപം തെളിയിച്ചതും. പിറ്റേന്നു പുലരിയില്‍ അണഞ്ഞ വിളക്കുകള്‍ക്കു നടുവിലൂടെ നടന്നുപോയ ഭിക്ഷു ഒരു ദീപം മാത്രം നിറഞ്ഞ പ്രഭയോടെ ജ്വലിച്ചുകൊണ്ടിരിക്കുന്നതു കണ്ടു. അതിലെ ബാക്കി എണ്ണ പാഴാവാതിരിക്കാന്‍ അത് കെടുത്തുവാന് പലതവണ ശ്രമിച്ചിട്ടും അത് സ്ഥിരതയോടെ, അണഞ്ഞുപോകാതെ ഏറെനേരം കത്തിക്കൊണ്ടിരുന്നു. ആ വിളക്ക് അജ്ഞാതയായ ആ യാചകിയുടേതായിരുന്നു.
മനുഷ്യസംസ്‌കാരത്തിന്റെ ഉദയകാലം മുതല്‍ മനുഷ്യന്റെ ഹൃദയവിളക്കുകളില്‍ ഇപ്പോഴും അണയാതെ ജ്വലിച്ചുകൊണ്ടിരിക്കുന്ന വെളിച്ചത്തിനു മുന്നില്‍ മനോനിറവോടെ ഇരിക്കുമ്പോള്‍ ‘വെളിച്ചം വെളിച്ചമാണ്, അത് നിങ്ങളുടേതോ എന്റേതോ അല്ല’ എന്ന് ജെ. കൃഷ്ണമൂര്‍ത്തി പറഞ്ഞത് നെട്ടൂര്‍ ഗോപാലകൃഷ്ണന്റെ ‘സ്വയം ദീപമാവുക’ എന്ന പുസ്തകം ഓര്‍മ്മിപ്പിക്കുന്നു. വാക്കിന്റെയും തിരിച്ചറിവിന്റെയും വിളക്കുകൊണ്ട് ഒരാള്‍ വാക്കുകള്‍ക്കപ്പുറത്തേക്ക്, തിരിച്ചറിവിന്റെ അപ്പുറത്തേു പോവുകയും പ്രകാശസാക്ഷാത്കാരത്തിന്റെ വഴിയിലേക്ക് പ്രവേശിക്കുകയും വേണം.
സ്‌നേഹം, വെളിച്ചം, മൗനം എന്നിവ ചേര്‍ത്ത് അസാധാരണമായ മഷിക്കൂട്ടൊഴിച്ചാണ് നെട്ടൂര്‍ ഗോപാലകൃഷ്ണന്‍ ‘സ്വയം ദീപമാവുക’ രചിച്ചിരിക്കുന്നത്. നിരവധി വിളക്കുകളില്‍നിന്നുള്ള വെളിച്ചത്തിന്റെ വാക്കുകള്‍ മനുഷ്യവംശത്തിന്റെ ഏറ്റവും വലിയ, അനശ്വരമായ സമ്പാദ്യമാകുന്നു. വായനക്കാര്‍ക്ക് സമാധാനവും വെളിച്ചവും മാര്‍ഗ്ഗനിര്‍ദേശവും പ്രചോദനവും ആവശ്യമാകുന്ന വേളകളില്‍ അവരെ സഹായിക്കാനുതകുന്ന ഇത്തരമൊരു പുസ്തകം മലയാളത്തിലാദ്യമായാണ് കാണുന്നത്. സെന്‍, ബുദ്ധന്‍, താവോ, സൂഫി, ശ്രീരാമകൃഷ്ണപരമഹംസര്‍ തുടങ്ങിയവരുടെ ദര്‍ശനങ്ങളും വചനങ്ങളും കഥകളും സമന്വയിക്കുന്ന ഈ പുസ്തകം ഏതൊരുവന്റെയും ജീവിത്തത്തില്‍ പ്രകാശം കൊണ്ടുവരുമെന്ന കാര്യം തീര്‍ച്ച.