മുപ്പതു വർഷത്തിലേറെയായി അറബിനാട്ടിൽ ജീവിക്കുന്ന കുഞ്ഞാച്ചയുടെ ജീവിതത്തിന്റെ അതിതീക്ഷ്ണമായ പ്രവാസജീവിതത്തിന്റെ ആവിഷ്കാരം മരുജീവിതത്തിന്റെ കാഠിന്യങ്ങളിലൂടെ അലഞ്ഞ് ഗതിപിടിക്കാതെ പോകുന്ന അനേകരിൽ ഒരാളുടെ തീക്ഷ്ണാനുഭവങ്ങൾ .ഗൾഫിലെ അനധികൃത ജീവിതത്തിന്റെ തീപ്പൊള്ളലുകൾ അതിന്റെ എല്ലാ സങ്കീർണതകളുടേയും വൈവിധ്യങ്ങളോടെയും അവതരിപ്പിച്ചിരിക്കുന്ന സാദിഖ് കാവിലിന്റെ ‘ഔട്ട് പാസ്‘ എന്ന നോവലിനെ കുറിച്ച് ഡോ. അംബികാ സുതൻ മാങ്ങാട് എഴുതുന്നു.
അതി തീക്ഷ്ണമായ പ്രവാസ ജീവിതം നിര്‍ഭാഗ്യവശാല്‍ വളരെ കുറച്ചേ മലയാള സാഹിത്യത്തില്‍ ആവിഷ്‌കാരം നേടിയുള്ളൂ. കൊടിയ ഏകാന്തതയും നീറ്റുന്ന അനുഭവങ്ങളും പിറന്ന നാടിനെയും ഉടപ്പിറന്നവരേയും കുറിച്ചുള്ള ഒടുങ്ങാത്ത ചിന്തകളും ശോക താപങ്ങളും പ്രവാസികളെപ്പോലെ മാറ്റാരും അത്ര ആഴത്തില്‍ അനുഭവിച്ചിട്ടില്ല. കേരളത്തിന്റെ പ്രത്യക്ഷത്തിലുള്ള ‘ഭൗതികശോഭ’യുടെ പിന്നിലെ പ്രധാന സ്രോതസ്സ് മണലാരണ്യത്തിലൊഴുകിയ മലയാളിയുടെ വിയര്‍പ്പാണ്. ‘എന്തുമാത്രം വെന്തിട്ടാണ് ഇത്രമാത്രം വെളുത്തത് എന്ന് കുമ്മായത്തെക്കുറിച്ച് കവി എഴുതിയതുപോലെയാണത്. എന്നാല്‍, പാതവക്കിലെ രമ്യഹര്‍മ്യങ്ങള്‍ പോലെ, നാടുവിട്ടവന്റെ മഹാഖേദങ്ങള്‍ മലയാളത്തില്‍ മികവുറ്റ ആഖ്യാന ശില്പങ്ങളായില്ല. ഇപ്പോഴിതാ, മരുജീവിതത്തിന്റെ തീപ്പൊള്ളലുകള്‍ അതിന്റെ എല്ലാ സങ്കീര്‍ണതകളും വൈവിധ്യങ്ങളും വൈരുധ്യങ്ങളും തികഞ്ഞ കലാശില്പത്തോടെ സാദിഖ് കാവില്‍ ഈ പുതിയ നോവലില്‍ ആഖ്യാനിക്കുകയാണ്.
മൂന്നു പതിറ്റാണ്ടുകാലം അരക്ഷിതമായ പ്രവാസജീവിതം അനുഭവിക്കേണ്ടി വന്ന കുഞ്ഞാച്ചയുടെ ജീവിതത്തിന്റെ നേരനുഭവങ്ങള്‍ നിറഞ്ഞുവിങ്ങുന്ന ഈ നോവല്‍ ഓരോ മലയാളിയേയും വല്ലാതെ നൊമ്പരപ്പെടുത്തും. ബോംബെയിലെ ഗലികളില്‍ എട്ടുവര്‍ഷത്തോളം അഴുക്കുജീവിതം ജീവിച്ച് ഗള്‍ഫിലേയ്ക്ക് കടക്കാന്‍ പണത്തിന് നാട്ടിലെത്തിയ കുഞ്ഞാച്ച, സുലൈഖയെ ഇരുപത്തിയഞ്ചാം വയസില്‍ വിവാഹം കഴിച്ച് വീണ്ടും ഗള്‍ഫ് മോഹവുമായി ബോംബെയിലെത്തി. ഗര്‍ഭിണിയായ സുലൈഖയെ വിട്ടുപിരിയുമ്പോള്‍, ‘നമ്മുടെ ദുരിതങ്ങളൊക്കെ തീരും’ എന്ന പ്രതീക്ഷ അയാളെ സമാധാനിപ്പിച്ചു. പക്ഷേ, കാലം കാത്തുവച്ചത് കാഠിന്യത്തിന്റെ ദയാരഹിതമായ മരുപ്പറമ്പായിരുന്നു. രേഖകളൊന്നുമില്ലാതെ ഗള്‍ഫിലെത്തിയ കഥാനായകന്‍ ഇരുള്‍ നിറഞ്ഞ വഴികളിലൂടെ അലഞ്ഞു. ഏറെ വേണ്ടാതീനങ്ങള്‍ക്ക് കൂട്ട് നിന്നു. വേശ്യാലയങ്ങള്‍ക്ക് സഹായിയായി. നീല ചിത്ര സിഡികളുടെ വില്‍പനക്കാരനായി. ഇങ്ങനെ കുത്തഴിഞ്ഞ ഇരുള്‍ ജീവിതം നയിക്കുമ്പോഴും നന്മനിറഞ്ഞ ഒരു മനുഷ്യന്‍ കുഞ്ഞാച്ചയുടെ ഉള്ളില്‍ മരിക്കാതെ ജീവിക്കുന്നുണ്ടായിരുന്നു. ആ മരുപ്പൊള്ളലുകള്‍ക്കിടയില്‍ അയാള്‍ അഭിമുഖീകരിച്ച അനേകം മനുഷ്യര്‍ ഈ നോവലിലെ കഥാപാത്രങ്ങളായി ജീവന്‍ തേടുന്നു.
ഏറെ ആകര്‍ഷകമാണ് ഈ നോവലിന്റെ ശില്പം. പ്രവാസ ജീവിതം മതിയാക്കി ‘ഔട്ട്പാസ്‘ കേന്ദ്രത്തിന് മുന്നിലെ മനുഷ്യരുടെ നിരകളിലൊന്നില്‍ സ്ഥാനം പിടിക്കുന്നതോടെ കുഞ്ഞാച്ചയുടെ ഓര്‍മകളും നോവലും ആരംഭിക്കുന്നു. ഒരേ സമയം ഈ നീണ്ടകഥ കുഞ്ഞാച്ച സ്വയം പറയുന്നതും കൂടെ ക്യൂവില്‍ നില്‍ക്കുന്നവരോട് പറയുന്നതും ഇങ്ങനെ ആഖ്യാനം മെറ്റാഫിക്ഷന്റെ ഉത്തരാധുനികമായ സാധ്യതകളെ ഉപയുക്തമാക്കുന്നു. ക്യൂ പതിനഞ്ച് മണിക്കൂറോളം നീളുന്നു. ‘ആയിരത്തൊന്ന് രാവുകളി’ലെ കഥ പറച്ചില്‍ പോലെ കഥ നീണ്ടുപോകുമ്പോള്‍ വായനക്കാരന്റെ ഉത്കണ്ഠയും പെരുകുന്നു. ജെയിംസ് ജോയിസിന്റെ ‘യുളീസസി’ലേത് പോലെ ഒരു ദിവസത്തെ ഓര്‍മകളില്‍ ഭൂതകാലത്തിന്റെ വലിയ വരവുണ്ട്. ക്യൂ തീരുന്നതിനനുസരിച്ച് കഥയും പറഞ്ഞു തീരുന്നു. ഭൂതകാലം അവസാനിക്കുമ്പോള്‍ പാമ്പ് മാളത്തില്‍ കയറിത്തീര്‍ന്ന പോലെ കഥാഖ്യാനവും അവസാനിക്കുന്നു. പിന്നെ, നാട്ടിലെത്തിയ ശേഷമുള്ള കഥാന്ത്യം വര്‍ത്തമാന കാലത്തിന്റെ ഒരു കൂട്ടിച്ചേര്‍ക്കലാണ്.
മരുജീവിതത്തിന്റെ കഠിനയാതനകള്‍ ഈ നോവലിലാകെ കല്ലിച്ച് നില്‍പുണ്ട്. ‘ഔട്ട്പാസ് കേന്ദ്രത്തിന് മുന്‍പിലെ നീണ്ട മനുഷ്യനിരകള്‍ മരുഭൂമിയിലെ പാമ്പുകളാണെന്ന് കുഞ്ഞാച്ചക്ക് തോന്നി’ എന്നആദ്യ വാക്യം തൊട്ട് ഈ യാതനാ നിര്‍ഭരത നോവലന്ത്യം വരെ കാണാം.’ഈ മരുഭൂവിലെ അനന്തകോടി മണല്‍ത്തരികളില്‍ ഒന്നു മാത്രമാണ് ഞാന്‍. ചുട്ടുപഴുത്ത് ഉരുകിയൊലിച്ചില്ലാതാകുന്ന കേവലമൊരു മണല്‍ത്തരി. കാലം പോരായ്മകള്‍ മാത്രം സമ്മാനിച്ച ജീവിതത്തിനുടമ. ഒരു അനാവശ്യ പ്രവാസി’. കുഞ്ഞാച്ചയുടെ ഈ നെഞ്ചെരിച്ചില്‍ പ്രവാസി ജീവിതത്തിന്റെ ഒരു നിര്‍വചനം കൂടിയാണ്. ആത്മഹത്യ ചെയ്ത തന്റെ അര്‍ബാബിന്റെ മയ്യിത്ത് കണ്ട് തിരിച്ചുവരുമ്പോള്‍ കുഞ്ഞാച്ച റസ്റ്ററന്റിന് മുന്നില്‍ കാണുന്ന ഒരു കാഴ്ചയുണ്ട്. അഗ്നിയില്‍ വെന്ത് നീറിക്കൊണ്ട് കറങ്ങിത്തിരിയുന്ന ഒരു കോഴി. ‘നരകത്തിലെ കോഴി’ എന്നാണ് മലയാളികള്‍ അതിനെ വിളിക്കാറ്. കുഞ്ഞാച്ചയുടെ ചിന്തയായി നോവലിസ്റ്റ് ഇങ്ങനെ എഴുതിച്ചേര്‍ക്കുന്നു: ഒരര്‍ഥത്തില്‍ ഓരോ പ്രവാസിയും നരകത്തിലെ കോഴികളാണ്. കോഴി മരിച്ചിട്ടാണെങ്കില്‍ മനുഷ്യന്‍ ജീവചലനം നഷ്ടപ്പെടാതെ കറങ്ങിക്കൊണ്ടിരിക്കുന്നു’.
കുഞ്ഞാച്ച മാത്രമല്ല, അവിസ്മരണീയ വ്യക്തിത്വമുള്ള നിരവധി കഥാപാത്രങ്ങള്‍ ഈ നോവലിലുണ്ട്. തങ്ങള്‍ ഉപ്പൂപ്പായും കുഞ്ഞിപ്പോക്കറും ലൈലയും മൊയ്തുവും അര്‍ബാബും സമി അല്‍ ഗര്‍ഗാഷും ശ്യാമയും മറ്റും. കഥാന്ത്യത്തില്‍ ഒറ്റ വാക്യത്തില്‍ പ്രത്യക്ഷപ്പെടുന്ന ആ വൃദ്ധനെ ഒരിക്കലും മറക്കാനാകില്ല. പ്രവാസ ജീവിതത്തിന്റെ രുഗ്ണതകള്‍ക്കൊപ്പം മറ്റൊരു പ്രമേയം കൂടി ഈ നോവലില്‍ സാദിഖ് കാവില്‍ ചേര്‍ത്തുവയ്ക്കുന്നുണ്ട്. കാസര്‍കോട്ടുകാരനായ ഒരു എഴുത്തുകാരന് അങ്ങനെയാവാതെ വയ്യ. കാസര്‍കോട് ജില്ലയെ ബാധിച്ച എന്‍ഡോസള്‍ഫാന്‍ ദുരന്തമാണത്. പ്രിയതമയുടെ നഷ്ടവും മകന്റെ മരണവും ജീവിതത്തില്‍ നിന്നും ഒളിച്ചോടാനല്ല കുഞ്ഞാച്ചയെയെ പ്രേരിപ്പിക്കുന്നത്.
‘കുഴിവെട്ടി മൂടുക വേദനകള്‍
കുതികൊള്‍ക ശക്തിയിലേയ്ക്ക് നമ്മള്‍’
എന്ന് ഇടശ്ശേരി പാടിയതിന് സമാനമായി കബറിടത്തില്‍ ഒരുപിടി മണ്ണ് വാരിയിട്ടതിന് ശേഷം അയാള്‍ നേരെ ചെല്ലുന്നത് എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരസമിതിയുടെ ഓഫീസിലാണ്. വേദനകള്‍ കുഴിച്ചുമൂടിയ ശേഷം പുതിയ സമര ശക്തിയില്‍ അണിചേരാൻ സ്വയം സന്നദ്ധനായി കഥാനായകന്‍.
രാസകീടനാശിനി ദുരന്തം കാസര്‍കോടിന്റെ മാത്രമല്ല, മുഴുവന്‍ ലോകത്തിന്റേതുമാണെന്ന് നോവലിസ്റ്റ് നമ്മെ ഓര്‍മപ്പെടുത്തുന്നു. ഫ്‌ളാറ്റിലെ മൂട്ട ശല്യത്തിന് വിഷപ്രയോഗം പതിവാണ്. അലുമിനിയം ഫോസ്‌ഫൈഡ് എന്ന കൊടുംവിഷം ഉപയോഗിച്ചതിന്റെ ഫലമായി എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിന് ഗള്‍ഫില്‍ പണം പിരിക്കാന്‍ നേതൃത്വം നല്‍കിയ ചെറുപ്പക്കാരന്‍ മരണപ്പെടുന്നു. എല്ലാ രാസകീടനാശിനികളും വിനാശകാരിയാണെന്ന് ഈ സന്ദര്‍ഭം വായനക്കാരെ ബോധ്യപ്പെടുത്തുന്നു. വായന കഴിയുന്നതോടെ തീര്‍ന്നുപോകുന്ന ഒന്നല്ല ഈ നോവല്‍. വായനയുടെ ശേഷവും ഈ നോവലിലെ കഥാപാത്രങ്ങളും സന്ദര്‍ഭങ്ങളും നമ്മുടെ ഞരമ്പുകളില്‍ പ്രാണവേദനയോടെ മിടിച്ചുകൊണ്ടിരിക്കും. കലന്ദര്‍ഷാ പോലെ ഒരു തെറ്റും ചെയ്യാത്ത അനേകം കുഞ്ഞുങ്ങളെ അതിക്രൂരമായി ശിക്ഷിച്ച ഭരണകൂട ഭീകരതയെ, അതില്‍ പങ്കുചേര്‍ന്ന ശാസ്ത്രജ്ഞന്മാരുടെ മനുഷ്യ വിരുദ്ധതയെ ഈ നോവല്‍ നിരന്തരം ചോദ്യം ചെയ്തുകൊണ്ടിരിക്കും.