2015ലെ ജെ.സി. ഡാനിയേല്‍ പുരസ്‌കാരം സംവിധായകനും തിരക്കഥാകൃത്തുമായ കെ.ജി. ജോര്‍ജ്ജിന്. മലയാള സിനിമക്ക് നല്‍കിയ സമഗ്രസംഭാവനകള്‍ കണക്കിലെടുത്താണ് പുരസ്‌കാരം. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പവും അടങ്ങുന്നതാണ് പുരസ്‌കാരം.
ഐ.വി. ശശി ചെയര്‍മാനും സിബി മലയില്‍, ജി.പി. വിജയകുമാര്‍, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, സാംസ്‌കാരിക സെക്രട്ടറി റാണി ജോര്‍ജ് എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്. ഒക്ടോബര്‍ 15ന് പാലക്കാട്ട് നടക്കുന്ന സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിശയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാരം സമ്മാനിക്കും.
1946ല്‍ തിരുവല്ലത്ത് ജനിച്ച കെ.ജി. ജോര്‍ജ്ജ് എഴുപതുകളില്‍ മലയാള സിനിമാ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ച സംവിധായകനാണ്. പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍നിന്ന് ഡിപ്ലോമ നേടിയ ശേഷം സംവിധായകന്‍ രാമു കാര്യാട്ടിന്റെ അസിസ്റ്റന്റായാണ് തുടക്കം.ആദ്യ സിനിമയായ സ്വപ്നാടനത്തിന് (1975) മികച്ച മലയാളം ഫീച്ചര്‍ ഫിലിമിനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചു. ഒമ്പത് സംസ്ഥാന അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്. ഉള്‍ക്കടല്‍ (1979), മേള (1980), യവനിക (1982), ലേഖയുടെ മരണം ഒരു ഫ്‌ളാഷ് ബാക് (1983), ആദാമിന്റെ വാരിയെല്ല് (1983) പഞ്ചവടിപ്പാലം (1984) ഇരകള്‍ (1986)തുടങ്ങിയവയൊക്കെ മലയാള സിനിമയില്‍ മാറ്റത്തിന്റെ വെളിച്ചം വീശിയവയാണ്.
ശ്രദ്ധേയങ്ങളായ ഒരുപിടി ചിത്രങ്ങളിലൂടെ മലയാളസിനിമയില്‍ സ്വന്തമായി ഒരു ഇരിപ്പിടം സൃഷ്ടിച്ച കെ.ജി. ജോര്‍ജ്ജിന്റെ ആത്മകഥ ഫ്‌ളാഷ്ബാക്ക്: എന്റെയും സിനിമയുടെയും എന്ന കൃതി ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
1998 ല്‍ മമ്മൂട്ടി കേന്ദ്രകഥാപാത്രമായ ഇലവംകോട് ദേശമാണ് അവസാനം സംവിധാനം ചെയ്ത സിനിമ. 2015ല്‍ കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ സമാപന ചടങ്ങില്‍ ഫെഫ്ക മാസ്‌റ്റേഴ്‌സ് അവാര്‍ഡ് നല്‍കി ജോര്‍ജ്ജിനെ ആദരിച്ചിരുന്നു.
The post കെ ജി ജോര്‍ജ്ജിന് ജെ.സി ഡാനിയേല്‍ പുരസ്‌കാരം appeared first on DC Books.