മനുഷ്യ സംസ്കാരത്തിന്റെ ചരിത്രത്തിൽ ഈജിപ്തിന് പ്രാതസ്മരണീയമായ സ്ഥാനമാണുള്ളത്.ബി സി ഇരുപതാം ശതകത്തിൽ തന്നെ ജീവിതത്തിന്റെ എല്ലാ വശങ്ങളെയും പുൽകുന്ന നാഗരികത ഈജിപ്തിൽ വേരുറച്ചതായി ചരിത്രകാരന്മാർ പറയുന്നു. ആ ഗതകാലത്തിന്റെ അനശ്വര ചിഹ്നങ്ങളായി ആകാശത്തിലേക്ക് തലയുയർത്തി നിൽക്കുന്ന കൂറ്റൻ പിരമിഡുകൾ ഇന്നും നാം കാണുന്നു. എഴുത്തിന്റെയും കടലാസിന്റെയും പിതൃത്വം ചില ചരിത്രകാരന്മാർ ഈജിപ്ഷ്യൻ നാഗരീകതയ്ക്ക് നൽകുന്നുണ്ട്.
ഓരോ നാടിന്റെയും സംസ്കാരവും ജീവിതവും തുടിക്കുന്ന നിരവധി കഥകളുണ്ട്. ആ കഥകളുടെ വൈവിധ്യ പൂർണ്ണവും വർണ്ണാഭവുമായ ലോകത്തെ കുട്ടികൾക്കായി അവതരിപ്പിക്കുകയാണ് ഡി സി ബുക്സ് മാമ്പഴം. ‘റോഡോപീസ് എന്ന കന്യകയുടെ കഥ‘ ഈജിപ്തിലെ നാടോടിക്കഥകളുടെ പുസ്തകമാണ്.
ജലപിശാശ് , ആദാമിന്റെ മകനും മുതലയും , ആദാമിന്റെ മകനും സിംഹവും തുടങ്ങി 55 ൽ പരം കഥകളാണ് ‘റോഡൊപീസ് എന്ന കന്യകയുടെ കഥ’ എന്ന പുസ്തകത്തിൽ ഉള്ളത്. വ്യവസ്ഥാപിതമായ എഴുത്തും വായനയും സാഹിത്യവും ജനകീയമായ അടിത്തറയോടെ പൗരാണിക ഈജിപ്തിൽ നിലനിനിന്നിരുന്നില്ല. ഇങ്ങനെ വാദിക്കുന്ന ചരിത്രപണ്ഡിതന്മാർ ധാരാളമുണ്ട്.
പ്രാചീന ഈജിപ്ഷ്യൻ സാഹിത്യത്തിന്റെ ഗുണവും മഹത്വവും ശരിയായി പഠിക്കാൻ പാകത്തിൽ രചനകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. അത്തരത്തിൽ അവർക്ക് കാവ്യസമ്പത്ത് ഉണ്ടായിരുന്നുവോ എന്ന കാര്യത്തിലും സംശയമുണ്ട്. ശവക്കല്ലറകളിൽ നിന്ന് കിട്ടിയിരിക്കുന്ന ചില രചനകളാണ് ശേഷിച്ചിരിക്കുന്ന സാഹിത്യ ലക്ഷ്യങ്ങൾ.ഫറോവൻ പിരമിഡുകളിൽ ഫറോവമാരുടെ ധീരകൃത്യങ്ങളെ പുകഴ്ത്തുന്ന അപധാനകഥകളും മന്ത്രങ്ങളും പ്രാർത്ഥനാഗാനങ്ങളും പരലോക ജീവിതത്തെ പറ്റിയുള്ള വിവരങ്ങളും പാപ്പിറസ് ചുരുളുകളിൽ ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്. അവയിൽ നിന്ന് ഗവേഷകർ കണ്ടെടുത്ത് പുറത്തെത്തിച്ചിട്ടുള്ള കഥകളാണ് ‘റോഡോപീസ് എന്ന കന്യകയുടെ കഥ എന്ന പുസ്തകത്തിൽ.
കഥകൾ പുനരാഖ്യാനം ചെയ്തിരിക്കുന്നത് ശ്രീദേവി പിള്ള , നിവേദിത ഭാരതി , സ്മിത എൻ കെ , വി. രാജമ്മ കുഞ്ഞമ്മ , എൻ. വിനു എന്നിവർ ചേർന്നാണ്. ചിത്രങ്ങൾ കെ ആർ രാജി.