മലയാളിയുടെ ഭാവുകത്വ പരിണാമത്തിന് പുതിയ ദിശ നല്‍കിയ എഴുത്തുകാരനാണ് സി.വി ബാലകൃഷ്ണന്‍ എന്ന ചൂവാട്ട വടക്കേക്കര ബാലകൃഷ്ണന്‍. വിഷയസ്വീകരണത്തിലെ വൈവിധ്യവും ആഖ്യാന പാടവവും കൊണ്ട് കഥകളിലും നോവലുകളിലും വേറിട്ട സ്വരം കേള്‍പ്പിക്കുന്നു അദ്ദേഹം. നോവലുമാത്രമല്ല, കഥകള്‍, നോവലെറ്റുകള്‍, ലേഖനങ്ങള്‍, ചലച്ചിത്രപഠനം, വിവര്‍ത്തനം, തിരക്കഥ, ഓര്‍മ്മക്കുറിപ്പുകള്‍, ആത്മകഥ തുടങ്ങി സാഹിത്യത്തിന്റെ എല്ലാ മേഖലയിലും അദ്ദേഹത്തിന്റെ കൈയ്യൊപ്പുപതിഞ്ഞിട്ടുണ്ട്. അവയെല്ലാമാകട്ടെ വായനക്കാര്‍ക്ക് ഏറെ പ്രിയപ്പെട്ടതുമാണ്.
വേറിട്ട രചനാപാടവം കൊണ്ട് മലയാളസാഹിത്യത്തെ സമ്പന്നമാക്കിയ സി.വി.ബാലകൃഷ്ണന്റെ എഴുത്തിന്റെ 50-ാം വര്‍ഷമാണിത്. 1967-ല്‍ ആകാശവാണി കോഴിക്കോട് നിലയത്തിലേക്ക് നാടകം തയ്യാറാക്കി അയച്ചുകൊടുത്തായിരുന്നു എഴുത്തിന്റെ തുടക്കം. അന്ന് എഴുതിയ റേഡിയോ നാടകവും അതിനു ലഭിച്ച പ്രതിഫലവും ഇന്നും സി വി യുടെ മനസ്സില്‍ മായാതെ നില്‍ക്കുന്നു. ആറാം ക്ലാസില്‍ പഠിപ്പുക്കുമ്പോഴാണ് ആദ്യകഥ എഴുതിയത്. അമ്മാവനെ കേന്ദ്രകഥാപാത്രമാക്കി എഴുതിയ കഥ അന്ന് അമ്മാവന്‍തന്നെ വലിച്ചറിഞ്ഞുകളഞ്ഞു.
പിന്നീട് 1969 ല്‍ വയലാറും മാങ്കൊമ്പ് ഗോപാലകൃഷ്ണനും ചേര്‍ന്ന് മദ്രാസില്‍നിന്ന് ഉറക്കിയ “ഉപാസന” മാസികയിലായിലാണ് സി വിയുടെ ആദ്യകഥ പ്രസിദ്ധീകരിച്ച് വന്നത്. പേര് “കോടാലി”. അദ്ധ്യാപക പരിശീലനം നടത്തുന്ന സമയത്ത് എഴുതിയ കഥയായിരുന്നു അത്. ഒ വി വിജയനായിരുന്നു സി വിയുടെ എഴുത്തുമാതൃക. അദ്ധ്യാപകജീവിതത്തിലെ അനുഭവങ്ങളും എഴുത്തിന് സഹായിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു. പക്ഷേ അക്കാലത്ത് അധികം എഴുതിയിരുന്നില്ല. 1974 മുതലാണ് എഴുത്തില്‍ സജീവവമായത്. അന്ന് സ്വന്തംപേരിലും മറ്റ് പേരുകളിലും കഥകളെഴുതി പ്രസിദ്ധീകരിച്ചിരുന്നു.
1979 ല്‍ കേരള സാഹിത്യ അക്കാദമിയുടെ ഗ്രാന്റോടെ ബംഗാള്‍ തിയറ്ററിനെക്കുറിച്ച് പഠിക്കാന്‍ കല്‍ക്കത്തയ്ക്ക് പോയതാണ് ഒരു എഴുത്തുകാരന്‍ എന്ന നിലയ്ക്ക് സിവിയെ മാറ്റിയെടുത്തത്. അവിടെ ബംഗാളി എഴുത്തുകാരെ പരിചയപ്പെടുകയും അവരുടെ കൃതികള്‍ വായിക്കുകയും അവരുടെ ജീവിതം പഠിക്കുകയും ചെയ്തു. അതിന്റെ ഫലമായി പിറന്ന നോവലാണ് ആയുസ്സിന്റെ പുസ്തകം. വായനാനുഭൂതികൊണ്ട് ഏറെ ശ്രദ്ധിക്കപ്പെടുകയും ചര്‍ച്ചചെയ്യപ്പെടുകയും ചെയ്തു ആയുസ്സിന്റെ പുസ്തകം. അതോടെ 20 വര്‍ഷത്തെ അദ്ധ്യാപക ജോലിയില്‍ നിന്ന് സ്വയം വിരമിച്ച് എഴുത്തിന്റെ വഴിയേനടന്നു. ശരിയെന്നു തോന്നിയതുമാത്രം എഴുകതുകയും ചെയ്തു. സിനിമാ മോഹം ഉള്ളില്‍ കൊണ്ടുനടന്നിരുന്ന സി വി തിരക്കഥാകൃത്തിന്റെ വേഷത്തിലും നമുക്കുമുന്നില്‍ എത്തിയിട്ടുണ്ട്. ആദ്യമായി കഥയും തിരക്കഥയും എഴുതിയത് കെ.ജി.ജോര്‍ജിന്റെ ‘മറ്റൊരാള്‍’ എന്ന ചിത്രത്തിനാണ്. മലയാളത്തിലെ പ്രമുഖരായ പല സംവിധായകര്‍ക്കൊപ്പവും പ്രവര്‍ത്തിച്ചിട്ടുണ്ട്. കൊച്ചു കൊച്ചു സന്തോഷങ്ങള്‍, ഓര്‍മ്മ മാത്രം എന്നീ ചിത്രങ്ങളും സിവിയുടേതാണ്.
എങ്കിലും നോവല്‍, കഥകള്‍ എന്നിവയോടാണ് ഏറെ പ്രിയം. ‘ആത്മാവിനു ശരിയെന്നു തോന്നുന്ന കാര്യങ്ങള്‍’ എന്ന നോവലിനു 2000ലെ മികച്ച നോവലിനുള്ള കേരളസാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. സാഹിത്യരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള മുട്ടത്ത് വര്‍ക്കി പുരസ്‌കാരം 2013 ല്‍ ലഭിച്ചു. പത്മപ്രഭാ പുരസ്‌കാരം 2014 ലും. ‘ആയുസ്സിന്റെ പുസ്തകം‘ തമിഴ് ഭാഷയില്‍, ‘ഉയിര്‍ പുത്തഗം’ എന്ന പേരില്‍ മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ നാടകാവിഷ്‌കരണം സംഗീത നാടക അക്കാദമിയുടെ അമച്വര്‍ നാടകോത്സവത്തില്‍ അഞ്ചു പുരസ്‌കാരങ്ങള്‍ നേടി.
അവനവന്റെ ആനന്ദം കണ്ടെത്താനുള്ള വഴികള്‍, ഭവഭയം, സി വി ബാലകൃഷ്ണന്റെ നോവല്ലകള്‍, ആമേന്‍ ആമേന്‍, ‘ആത്മാവിനു ശരിയെന്നു തോന്നുന്ന കാര്യങ്ങള്‍‘ തിരഞ്ഞെടുത്തകഥകള്‍, ആയുസ്സിന്റെ പുസ്തകം, വിവ ഗോവ, ദിശ, കണ്ണാടിക്കടല്‍, ലൈബ്രേറിയന്‍, പരിമളപര്‍വ്വതം, വാതില്‍ തുറന്നിട്ട നഗതത്തില്‍, രതിസാന്ദ്രത , കാമമോഹിതം തുടങ്ങിയ കൃതികള്‍ ഡി സി ബുക്‌സ് പ്രിദ്ധീകരിച്ചിട്ടുണ്ട്. പരല്‍മീന്‍ നീന്തുന്ന പാടം ആണ് ആത്മകഥ. ഇതിന് കേരളസാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിരുന്നു.
നാലര പതിറ്റാണ്ടിനിടയില്‍ സി.വി. ബാലകൃഷ്ണന്‍ എഴുതിയ മുന്നൂറോളം കഥകളില്‍ നിന്നും തിരഞ്ഞെടുത്ത നൂറ്റമ്പതു രചനകളുടെ സമാഹാരമാണ് തിരഞ്ഞെടുത്ത കഥകള്‍ : സി.വി. ബാലകൃഷ്ണന്‍ എന്ന പുസ്തകം. 1975ല്‍ എഴുതിയ ‘കുളിര്’ മുതല്‍ 2013ല്‍ എഴുതിയ ‘ഒരു ഇടതുപക്ഷ നാടോടിക്കഥ’ വരെയുള്ള കഥകളാണ് ഈ ബൃഹദ് സമാഹാരത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്രമേയ സ്വീകരണത്തിന്റെ വൈവിധ്യം, ഭാഷയുടെ സൂക്ഷ്മചാരുത, നവീനമായ ആഖ്യാനരീതി, മനുഷ്യപ്രകൃതിയോടും ഭൂപ്രകൃതിയോടും തിരക്കുകളോടും കാട്ടുന്ന സ്‌നേഹവാത്സല്യങ്ങള്‍ ഇങ്ങനെ നമ്മുടെ കാലത്തെ വലിയ കഥാകൃത്താണ് സി.വി. ബാലകൃഷ്ണന്‍ എന്ന് തെരഞ്ഞെടുത്ത കഥകള്‍ ഓര്‍മ്മിപ്പിക്കുന്നു; സാക്ഷ്യപ്പെടുത്തുന്നു…!