Quantcast
Channel: LITERATURE | DC Books
Viewing all articles
Browse latest Browse all 3641

‘എവിടെയാണ് പെണ്‍പ്രണയങ്ങള്‍ക്ക് ഇടമുണ്ടാകുക ? മീനുകൾ ചുംബിക്കുന്നു’എന്ന പുസ്തകത്തിന്റെ പ്രകാശനവേദി നിഷേധിച്ച പശ്ചാത്തലത്തിൽ ശ്രീപാർവ്വതി ചോദിക്കുന്നു

$
0
0

meenukal-chumbikunu”പല പെണ്‍കുട്ടികളും എന്റെ അടുത്ത് വന്നിട്ട് എന്നോട് പ്രണയമാണെന്ന് പറഞ്ഞിട്ടുണ്ട്. അതൊരു പ്രണയം എന്നു പറയാന്‍ പറ്റുമോയെന്നറിയില്ല. ഇങ്ങോട്ട് പ്രണയമാണ്, എനിക്ക് തിരിച്ചങ്ങോട്ടും സ്‌നേഹമുണ്ട്. എന്നെ സംബന്ധിച്ച് നൂറുശതമാനം പ്രണയം എന്നു പറയുമ്പോള്‍ അതൊരു പുരുഷനോട് മാത്രമെ തോന്നു…. എന്നാൽ ലെസ്ബിയൻ പ്രണയങ്ങളുള്ള സുഹൃത്തുക്കൾ എനിക്കുണ്ട് … അവരുടെ വികാരങ്ങളും , ചിന്തകളുമെല്ലാം എനിക്ക് മനസിലാക്കാൻ കഴിഞ്ഞിട്ടുണ്ട്…. അതാണ് എന്റെ ആദ്യ നോവലിൽ തന്നെ ഇത്തരത്തിലൊരു പ്രമേയം സ്വീകരിക്കാൻ ഞാൻ തുനിഞ്ഞത്.

പുറത്തിറങ്ങുന്നതിന് മുൻപേ വിവാദങ്ങളിൽ മുങ്ങിയ ശ്രീപാർവ്വതിയുടെ ‘മീനുകൾ ചുംബിക്കുന്നു എന്ന നോവലിനെ കുറിച്ചും നോവലിലെ തീവ്രമായ പ്രണയഭാഷ്യങ്ങളെ കുറിച്ചും ശ്രീപാർവ്വതി മനസ് തുറക്കുന്നു….

നോവലിന്‍റെ പ്രകാശനത്തിന് എറണാകുളം സെന്‍റ് തെരേസാസ് കോളജായിരുന്നു തീരുമാനിച്ചത്. സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ എല്ലാ സുഹൃത്തുക്കളെയും ക്ഷണിക്കുകയും ചെയ്തു. വേദിയുടെ ഫീസ് അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് കോളേജ് അധികൃതരുമായി ബന്ധപ്പെട്ടപ്പോഴാണ് അധികൃതര്‍ വേദി നിഷേധിച്ച കാര്യം അറിയുന്നത്. ‘ആദ്യം കേട്ടപ്പോള്‍ ഷോക്കായിപ്പോയി, മെയ് 14ന് നോവല്‍ പ്രകാശനത്തിനായി എല്ലാം സജ്ജീകരിച്ചതാണ്. പെട്ടെന്നാണ് നോവല്‍ പ്രകാശനത്തിന് വേദി തരില്ലെന്ന് അറിയിച്ചത്. എന്തിനാണവര്‍ എന്‍റെ നോവലിനെ ഭയക്കുന്നത് ?’

ലെസ്ബിയൻ പ്രണയം പ്രമേയമാക്കിയ ഒരു നോവലിനെ സ്വീകരിക്കാനല്ല പക്വത ഇന്നും ഉണ്ടായിട്ടില്ല എന്ന് വേണം ഈ സംഭവത്തിൽ നിന്നും കരുതാൻ.കേരളത്തില്‍ പുരോഗമനപരമായി ചിന്തിക്കുന്ന പെണ്‍കുട്ടികള്‍ ഏറ്റവും കൂടുതല്‍ പഠിച്ചിറങ്ങുന്ന ഇടമാണ് എറണാകുളം സെന്‍റ് തെരേസാസ് കോളേജ്. ഈ വിഷയം പഠിക്കുന്ന നിരവധി പേരുള്ളത് കൊണ്ടാണ്ട് സ്ത്രീകള്‍ക്ക് പ്രാമുഖ്യം നല്‍കി പുസ്തകപ്രകാശനത്തിന് സെന്റ് തെരേസാസ് കോളേജ് തിരഞ്ഞെടുത്തത്. പെണ്‍പ്രണയത്തിന്റെ പുസ്തകം പുറത്തിറക്കുന്ന ചടങ്ങില്‍ പ്രകാശനവും പരിചയപ്പെടുത്തലുമടക്കം സ്ത്രീകളെ തന്നെയായിരുന്നു ഏല്‍പ്പിച്ചിരുന്നത് ശ്രീ പാര്‍വതി പറയുന്നു.

Sree_Parvathy_novel

പ്രണയം എന്നാല്‍ ഈ ലോകത്തിലെ ഏറ്റവും മഹത്തരമായ അനുഭവമാണ് എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. അത് ഏതു ലിംഗങ്ങള്‍ തമ്മിലുള്ളതും ആയിക്കോട്ടെ. ആത്മാവിനു അല്ലെങ്കില്‍ തന്നെ എന്ത് ലിംഗ വ്യത്യാസമാണ് ഉള്ളത്? ശരീരം നഷ്ടപ്പെട്ടു കഴിഞ്ഞാല്‍ പിന്നെ എന്ത് ലിംഗവ്യത്യാസം?

നോവലിലെ പ്രമേയം വിദ്യാര്‍ഥിനികളുടെ മാനസികാവസ്ഥയെ സ്വാധിനിച്ചേക്കുമെന്നാണ് പ്രകാശനം നിഷേധിച്ചതിന് മാനേജ്‌മെന്റ് നല്‍കുന്ന വിശദീകരണം. സെന്റ് തെരേസാസ് കോളേജ് ഒരു സ്വാശ്രയ സ്വകാര്യ സ്ഥാപനമാണ്. അവര്‍ക്ക് അവരുടേതായ നിലപാടുകളുണ്ടാകും. പക്ഷേ എന്തുകൊണ്ടാണ് അവര്‍ അക്ഷരങ്ങളെ ഭയപ്പെടുന്നതെന്ന് മനസ്സിലാവുന്നില്ല. ഇത്രയും പുരോഗമന ചിന്താഗതിക്കാരായ വിദ്യാർഥികൾ പഠിക്കുന്ന ഇവിടങ്ങളിൽ പോലും സ്വാതന്ത്ര്യം നിക്ഷേധിക്കപ്പെടുമ്പോള്‍ കേരളത്തില്‍ എവിടെയാണ് പെണ്‍പ്രണയങ്ങള്‍ക്ക് ഇടമുണ്ടാകുക എന്ന ചോദ്യം വളരെ പ്രസക്തമാണ്.

പുറത്തുനിന്നു നോക്കുന്നവര്‍ക്ക് ലെസ്ബിയന്‍ പ്രണയങ്ങളെ വ്യാഖ്യാനിക്കുന്നത് ശരീരം കൊണ്ടായിരിക്കും. പ്രിയപ്പെട്ടവരെ അണച്ചുപിടിക്കുക എന്നത് സ്ത്രീകളുടെ പൊതുവെയുള്ള സ്വഭാവമാണല്ലോ ആ പ്രത്യേകത പെണ്‍പ്രണയങ്ങളിലും തീര്‍ച്ചയായും ഉണ്ടാകും. ശരീരിക താല്‍പര്യങ്ങളെക്കാള്‍ ഒരുപാട് വിലപ്പെട്ടതാണ് ഇത്തരം ചേര്‍ത്തുപിടിക്കലുകള്‍. സ്ത്രീകളുടെ മനസിന്റെ ആഴം അത് തീര്‍ച്ചയായും പെണ്‍പ്രണയങ്ങളില്‍ കൂടുതല്‍ പ്രതിഫലിക്കും.

ആദ്യം രണ്ട് എന്നായിരുന്നു നോവലിന് പേര് നല്‍കിയത്. പിന്നീട് ഈ പേര് കഥയുമായി യോജിക്കുന്നില്ലെന്ന് തോന്നി.. നീണ്ട അന്വേഷണങ്ങള്‍ക്കൊടുവില്‍ എന്റെ സുഹൃത്ത് ജയറാം സ്വാമിയാണ്‌ ഈ പേര് നിര്‍ദ്ദേശിക്കുന്നത്. മീനുകള്‍ ചുംബിക്കുന്നു എന്ന വാക്കിന്റെ അര്‍ത്ഥം ലൈസ്ബിയന്‍ പ്രണയം എന്നു തന്നെയാണ്.

പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത് ജോയ് മാത്യു ആണ്. വാക്കിലും പ്രവര്‍ത്തിയിലും ഇന്നും വിപ്ലവ മനോഭാവം ഉള്ള, അതിലുപരി വിഷയങ്ങളോട് ആത്മാര്‍ത്ഥമായി, സത്യസന്ധമായി പ്രതികരിക്കുന്ന ആളായതിനാലാണ് ജോയ്മാത്യുവിനെ കൊണ്ട് അവതാരിക എഴുതിച്ചത്. ഇതുവരെയുള്ള ലെസ്ബിയന്‍ കഥകളൊക്കെ എടുത്ത് വെച്ച് വായിച്ച് ഒരു പഠനം പോലെയാണ് ജോയ്മാത്യു അവതാരിക എഴുതിയത്.

ഇത് എന്റെ മാത്രം വിഷയമല്ല, ഒരു സമൂഹത്തിന്റെ നേരെയുള്ള ചോദ്യം ചെയ്യലാണെന്നു തോന്നിയപ്പോള്‍ മാത്രമാണ് പ്രതികരിക്കാന്‍ തയ്യാറായത്. പുസ്തകമാണ് ഇവിടെ വിഷയം… പെണ്‍കുട്ടികളുടെ ശുദ്ധമായ പ്രണയം മാത്രമാണ്. പുസ്തക പ്രകാശനത്തിനുള്ള വേദി മാറ്റുകയാണ്. തെരേസാസ് കോളേജിന്റെ നേരെ എതിരെയുള്ള ചില്‍ഡ്രന്‍സ് മിനി പാര്‍ക്കില്‍ വച്ച് മെയ് 14 നു ഉച്ചയ്ക്ക് 2 .30 തന്നെയാണ് പ്രകാശനം. എല്ലാ സ്‌നേഹിതരും എത്തിച്ചേരണം എന്ന് ആഗ്രഹിക്കുന്നുവെന്നും പാര്‍വ്വതി പറഞ്ഞു.

മീനുകൾ ചുംബിക്കുന്നു എന്ന ലെസ്ബിയൻ നോവലിൽ നിന്നുള്ള ഒരു പ്രസക്ത ഭാഗം

നീയെന്താ മിണ്ടാതെയിരിക്കുന്നെ…’

‘ഒന്നൂല്ല…’

‘സമൂഹം എങ്ങനെ കാണും എന്നോര്‍ത്തിട്ടാണോ…’

‘എന്താ അത് പേടിക്കേണ്ട കാര്യമല്ലേ…’ ‘അതെ… പ്രത്യേകിച്ച് ഇന്നത്തെ അവസ്ഥയില്‍ പേടിക്കണം… പക്ഷെ അത് പുറത്തുള്ളവര്‍ അറിയുമ്പോഴല്ലേ, അപ്പോള്‍ അത് നമുക്ക് നേരിടാം….നീ ഇപ്പോള്‍ പേടിച്ച് സന്തോഷം കളയാതെ…’ ‘നിനക്ക് പേടിയില്ലേ …’ ‘ഉണ്ടോന്നോ… ഇതെങ്ങനെ നമുക്കിടയില്‍ വര്‍ക്ക് ഔട് ആയെന്നു എനിക്കിപ്പോഴും അറിയില്ലെടാ… ഞാനിങ്ങനെ ആയിരുന്നില്ല… ഒരു പെണ്‍കുട്ടിയോട് ഇത്തരമൊരു അനുഭവം… നിനക്ക് ആദ്യമല്ലായിരിക്കാം, എനിക്ക് പക്ഷെ… ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിന്റെയും സത്യത്തിന്റെയും നേര്‍ത്ത പാഠങ്ങള്‍ക്കു മുന്നില്‍ ഇപ്പോഴും ഞാന്‍ പകച്ചിരിക്കുന്നുണ്ട്. സമൂഹത്തിനെ അല്ല എനിക്ക് പേടി… എന്നെ തന്നെ… എന്താണ് സംഭവിക്കുന്നതെന്നോര്‍ത്തുള്ളൊരു വിങ്ങല്‍…’

‘നീ പേടിക്കരുത്… ഇതിപ്പോള്‍ പങ്കു വയ്ക്കാന്‍ നമുക്കിടയില്‍ മറ്റൊരാളില്ല.. നീയും ഞാനും മാത്രം… നമ്മുടേത് മാത്രമായ നിമിഷങ്ങള്‍ മാത്രം…’ ‘എനിക്കറിയാമെടാ… എനിക്കറിയാം….

അവളുടെ ഹൃദയം പാടിയ പാട്ടില്‍ ഏറെ നേരം ഞാനങ്ങനെ തന്നെ കിടന്നു,

മെല്ലെ അവളെന്റെ മുഖം പിടിച്ചുയര്‍ത്തുന്നത് വരെ, ലോകത്തില്‍ മറ്റെന്തു വന്നു വിളിച്ചാലും ആ നിമിഷം വിട്ടു ഞാന്‍ വെളിയില്‍ വരുമായിരുന്നില്ല… അവളുടെ കണ്ണുകളില്‍ നിന്നും കാടിറങ്ങി വരുന്നു. ഇപ്പോള്‍ അവ എന്റെ മുഖത്തിനു നേര്‍ക്ക് തിരിഞ്ഞിരിക്കുകയാണ്… കാറ്റില്‍ നിന്നും വള്ളിപ്പടര്‍പ്പുകളും മഹാ വൃക്ഷങ്ങളും എന്നിലേയ്ക്ക് അതിന്റെ പച്ചപ്പുകള്‍ നീട്ടുന്നു… ചുണ്ടുകളിലെ തരിപ്പുകള്‍ക്കു മുകളിലേയ്ക്ക് അവളെ ഞാന്‍ ചേര്‍ത്ത് വയ്ക്കുന്നു… ലോകത്തിലെ ഏറ്റവും മനോഹരമായ ചുംബനം… അത് പ്രണയിക്കുന്നവര്‍ പരസ്പരം ആദ്യമായി നല്കുന്നതാകും… പിന്നീടെത്ര നല്കപ്പെട്ടാലും അതാദ്യം ലഭിക്കുന്നത്ര തീവ്രതയോടെ ഉദാത്തമായി നല്കുവാനാവില്ല.. നൂറ്റാണ്ടുകളോളം നിലനില്‍ക്കുന്ന ഓര്‍മ്മകള്‍ക്ക് മുകളില്‍ ചുണ്ടുകള്‍ അമര്‍ന്നു തന്നെയിരിക്കട്ടെ…പരസ്പരം വീണ്ടെടുക്കാനുള്ള മോഹത്തെ അത് ഉന്നതിയിലെത്തിക്കട്ടെ..

ഒരു പെഗ് വിസ്‌കിയുടെ കുഞ്ഞു ലഹരിയാണോ പ്രണയത്തിന്റെ ഒരിക്കലും കെടാത്ത ലഹരിയാണോ എന്നറിയില്ല, അവളെന്റെ മാറിലേക്ക് പെട്ടെന്നാണ് പിടഞ്ഞു വീണത്. ആ വീഴ്ചയില്‍ അത്രമേല്‍ ഹൃദയത്തിലേക്ക് അവള്‍, ഇനിയൊരിക്കലും, വീണ്ടെടുക്കപ്പെടാതെ ഉരുകി ചേര്‍ന്നിരുന്നെങ്കില്‍ എന്ന് തോന്നി. അവളെ വിറയ്ക്കുന്നുണ്ടായിരുന്നോ…

കണ്ണാടിയുടെ മുന്നില്‍ അവളോടൊട്ടി നില്‍ക്കുമ്പോള്‍ ഇതുവരെ തോന്നാത്ത ഒരു കണ്ടെത്തല്‍ ഞങ്ങളൊന്നിച്ച് നടത്തി, രണ്ടു സ്ത്രീ മുഖങ്ങളിലും ഞങ്ങള്‍ പരസ്പരം ഒന്നെന്ന പോലെയിരിക്കുന്നു. അവളുടെ മുഖം എന്നിലും എന്റേത് അവളിലും പ്രതിഫലിക്കുന്നു. വസ്ത്രങ്ങളുടെ ചൂടിന്റെ ദീര്‍ഘശ്വാസങ്ങളില്‍ നിന്നും അരണ്ട വെളിച്ചമുള്ള മുറിയുടെ കരുതലിലേയ്ക്കും തണുപ്പിലേയ്ക്കും ഞങ്ങളിറങ്ങി നടന്നു. എന്നാല്‍ ഓരോ തീച്ചൂളയേയും അതിജീവിക്കാനാകാതെ വീണ്ടും വീണ്ടും അതെ തണുപ്പിലേക്ക് ഞങ്ങള്‍ക്ക് മഴയാകണമായിരുന്നു. അവളുടെ ചുവന്ന വലിയ പൊട്ടിലേയ്ക്കും കറുത്ത കണ്ണുകളിലെ കാടുകളിലേയ്ക്കും ചുംബനത്തിന്റെ നനുത്ത സ്പര്‍ശം. കടലും കാടും ഒന്നായി മാറാറുണ്ടോ? കടലിന്റെ അടിത്ത്തട്ടിലൊരു കാടുണ്ടത്രെ….


Viewing all articles
Browse latest Browse all 3641

Trending Articles