ദീപക് കുഞ്ഞിക്കണ്ണന്‍ എന്ന തൂവാനത്തെ പുതിയ അപരിചിതന്‍ സാവധാനം ടാക്‌സി ജീപ്പിനരികിലേക്കുനടന്നു. മറ്റൊന്നും ചെയ്യാനുണ്ടായിരുന്നില്ല. തുവാനത്തു തനിക്കാരുമില്ല. ഔദ്യോഗികബന്ധങ്ങള്‍ക്കപ്പുറം ചെന്നൈയിലും ആരുമില്ല. എറണാകുളത്ത് ചെന്ന് അച്ഛനുമമ്മയ്ക്കുമൊപ്പം ജീവിക്കാനുമാവില്ല.മറ്റേവിടേക്ക്.? വണ്ടിയെടുക്കാന്‍ നിര്‍ദ്ദേശം കൊടുത്തിട്ട് അയാള്‍ മുന്നിലേക്ക് നോക്കിയിരുന്നു…!
ജീവിതത്തിന്റെ തുരുത്തുകളില്‍ ഒറ്റപ്പെട്ട് നില്ക്കുമ്പോഴും ഒരു സാമൂഹ്യജീവിയായി കഴിയാന്‍ വിധിക്കപ്പെട്ട മനുഷ്യരുടെ കഥയാണ് സുസ്‌മേഷ് ചന്ദ്രോത്തിന്റെ ‘9’ എന്ന നോവലിന്റെ ഇതിവൃത്തം. ഹൈറേഞ്ചിന്റെ പശ്ചാത്തലത്തില്‍ രചിച്ചിരിക്കുന്ന ഈ നോവലില്‍ ഒറ്റപ്പെടലിന്റെ വേദനയും തീക്ഷ്‌ണാനുഭവങ്ങളുടെ പകര്‍ന്നാട്ടവും അനുഭവവേദ്യമാകുന്നു. കേന്ദ്രസാഹിത്യ അക്കാദമിയുടെ പ്രഥമയുവപുരസ്‌കാര്‍ ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുള്ള യുവസാഹിത്യകാരനാണ് സുസ്‌മേഷ് ചന്ദ്രോത്ത്. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ നോവലാണ് 9 (ഒന്‍പത്).
ദീപക് എന്ന വ്യക്തിയുടെ ജീവിതത്തിലൂടെ കടന്നുപോകുന്ന നോവലാണ് 9 (ഒന്‍പത്). ദീപക് സുപ്രിയ എന്നിവരാണ് ഈ കൃതിയിലെ കേന്ദ്രകഥാപാത്രങ്ങള്‍. മഹാനഗരത്തിന്റെ തിരക്കില്‍ നിന്ന് ഗ്രാമീണതയുടെ പശ്ചാത്തലത്തിലേക്കാണ് കഥയുടെ ഒഴുക്ക്. ചെന്നൈ എന്ന മഹാനഗരത്തിന്റെ തിരക്കില്‍ കഴിവേ നാട്ടിലെ തന്റെ മുത്തശ്ശച്ഛന്‍ മരിച്ചതറിഞ്ഞ് ദീപക് നാട്ടിലേക്ക് തിരിക്കുന്നു. അവിടെയെത്തിയിട്ടും ഗൃഹാതുരത്വസ്മരണകളില്‍ മുഴുകയാണ് അയാള്‍. തന്റെ ചെറുപ്പകാലവും പഠനകാലവും, ഒടുവില്‍ നാട്ടില്‍ നിന്നും വിട്ട് മഹാനഗരത്തില്‍ ചേക്കേറിയതും, തന്റെ സൗഹൃദങ്ങളുമെല്ലാം അയാളുടെ ഓര്‍മ്മകളിലൂടെ കടന്നുപോകുന്നു. അവസാനം മുത്തച്ഛന്റെ സംസ്‌കാരചടങ്ങുകളെല്ലാം കഴിഞ്ഞ് മടങ്ങാന്‍ തുടങ്ങുന്ന അയാളെ കാത്തിരിക്കുന്നതാകാട്ടെ കുറേക്കാലം ഒരുമിച്ച് താമസിച്ച, പ്രണയിനിയുടെ കല്യാണം കഴിഞ്ഞു എന്ന വാര്‍ത്തയാണ്.
മൂന്നുഭാഗങ്ങളിലായാണ് സുസ്‌മേഷ് ദീപക്കിന്റെ ജീവീതത്തെ അവലോകനം ചെയ്യുന്നത്. അക്കാലഘട്ടത്തിലെ പാരിസ്ഥിതിക മാറ്റങ്ങളും രാഷ്ട്രീയസാംസ്‌കാരിക രംഗങ്ങളിലെ മാറ്റങ്ങളും മുന്നേറ്റങ്ങളും ജാതിമത ചിന്തയും എല്ലാം 9 എന്ന ഈ നോവലിലേക്ക് ആവാഹിച്ചിരിക്കുന്നു. ഇവിടെ ദീപക് കണ്ടുമുട്ടുന്നവരും അയാളുടെ പരിചയക്കാരുമെല്ലാം ഒരു തരം ഏകാന്തത അനുഭവിക്കുന്നവരും ജീവിതത്തിന്റെ തുരുത്തുകളില്‍ ഒറ്റപ്പെട്ടുപോയവരുമാണ്. ചുറ്റിന് എല്ലാവരുമുണ്ടായിട്ടും ആരുമില്ലാത്ത അവസ്ഥയുള്ളവര്‍. അവരുടെ കഥയാണ് 9 (ഒന്‍പത്). ‘0’ മുതല്‍ ‘9’ വരെയുള്ള ഒറ്റയ്ക്കുനില്‍ക്കുന്ന ആ സംഖ്യകളില്‍ തനിച്ചുനില്‍ക്കുന്ന ‘9’ പോലെ ജീവിതവഴികളില്‍ ഒറ്റപ്പെട്ടുപോയവരുടെ കഥയാണ് 9 (ഒന്‍പത്)..!