ആയിരംകൊല്ലത്തെ പഴക്കമുള്ള കഥയാണിത്.
മലകളും കാടുകളും പുഴകളും പുല്‍ത്തകിടികളും ധാരാളമുള്ള മനോഹരമായ ഒരു നാട്ടിലാണ് അവന്‍ ജനിച്ചത്. ജനിച്ചപ്പോള്‍തന്നെ പുറത്തൊരു കൂനുണ്ടായിരുന്നു. അതുകൊണ്ട് നല്ലപോലെ നിവര്‍ന്നു നടക്കാന്‍ വയ്യാ. മുതുക് അല്പം വളഞ്ഞിരുന്നു. കനമുള്ള ചാക്ക് പുറത്തേറ്റിയാലെന്നപോലെ. എല്ലാവരും അവനെ വിളിച്ചു;
കുഞ്ഞിക്കൂനന്‍..!
അതേ.., മുതുകത്ത് കൂനുമായി ജനിച്ച കുഞ്ഞിക്കൂനന്റെ കഥയാണ് കുട്ടികളുടെ പ്രിയഎഴുത്തുകാരന്‍ പി നരേന്ദ്രനാഥ് കുഞ്ഞിക്കൂനന്‍ എന്ന പുസ്തകത്തിലൂടെ പറയുന്നത്. ജനിച്ചപ്പോള്‍ തന്നെ അമ്മയെ കൊലയ്ക്കുകൊടുത്ത കരിമ്പൂരാടക്കാരനായ കുഞ്ഞിക്കൂനനെ അച്ഛനുപോലും ഇഷ്ടമല്ല. പക്ഷേ ആ നാട്ടില്‍ ഉണ്ടായിരുന്ന എഴുത്താശാനാണ് അവനെ എടുത്തുവളര്‍ത്തിയത്. എന്നാല്‍ കുഞ്ഞിക്കൂനനെ എഴുത്തും വായനയും മുഴുവന്‍ പഠിക്കും മുമ്പ് അദ്ദേഹം മരിച്ചുപോകുന്നു. പിന്നീട് കുഞ്ഞിക്കൂനന് അവിടെ നില്‍ക്കാന്‍ പറ്റുന്നല്ല.അവന്‍ മറ്റൊരു ദേശത്ത് എത്തപ്പെടുന്നു. അസാമാന്യ ബുദ്ധിയുണ്ടായിരുന്ന അവന്‍ ആ ഗ്രാമവായികളെ ഒരു മന്ത്രവാദിയില്‍ നിന്ന് രക്ഷിക്കുന്നു. പീന്നീട് അവന് ആ മന്ത്രവാദിയില്‍ നിന്നും നീചമായ പ്രവര്‍ത്തികള്‍ നേരിടേണ്ടി വരുന്നു. എന്നാല്‍ അവയെല്ലാം തരണം ചെയ്ത് ഒരുരാജ്യത്തെ പ്രജകളെയെല്ലാം സംരക്ഷിച്ച അവനെ അവിടുത്തെ മന്ത്രിയായി അവരോധിക്കുന്നു. ഇങ്ങനെ കുഞ്ഞിക്കൂന്‍ അവിടുത്തെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമെല്ലാം പ്രിയപ്പെട്ടവനായിത്തീരുന്നു.
കുഞ്ഞിക്കൂനന്റെ കുട്ടിക്കാലം മുതലുണ്ടായ സംഭവബഹുലമായ കഥയാണ് പി നരേന്ദ്രനാഥ് പറഞ്ഞുതരുന്നത്. കുട്ടികള്‍ തീര്‍ച്ചയായും വായിച്ചരിക്കേണ്ട ഈ പുസ്തകം ഡി സി ബുക്‌സ് മാമ്പഴം ഇംപ്രിന്റിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. പുസ്തകത്തിന്റെ 25ാമത് പതിപ്പാണ് ഇപ്പോള്‍ പുറത്തുള്ളത്.