മനുഷ്യന്‍ കലഹിച്ചാല്‍ യാദവരെപോലെ നശിക്കും. ധര്‍മ്മത്തിലൂടെയോജിച്ചാല്‍ ശ്രേയസ്സുനേടും. ഭക്തിയിലൂടെ ജ്ഞാനവും അതിലൂടെ കര്‍മ്മ ബോധവും ആത്മബോധവും നേടും. ഇതിനായി ജീവിത തത്ത്വവും ഈശ്വരതത്ത്വവും അവ പ്രാപിക്കാനുള്ള ഉപാധികളും ഉപദേശിക്കുന്ന രസമയമായ ഉത്തമഗ്രന്ഥമാണ് ശ്രീമഹാഭാരതം. മധുരതരമായ ശതം ശതം കഥകളിലൂടെ കാവ്യാത്മകമായി ആത്മതത്ത്വം പ്രബോധനം ചെയ്യുന്ന ഭാഗവതം മൃത്യുമുഖത്തിലെത്തി നില്ക്കുന്ന മര്‍ത്യനെ അമൃത്ത്യുവിലേക്കു കൊണ്ടെത്തിക്കുന്നു. ഇതില്‍നിന്നുയരുന്നത് അമര്‍ത്ത്യതയുടെ അനന്തസംഗീതമാണ്. പ്രൊഫ. ബി സുലോചനാ നായര്‍ എഴുതിയ ഭാഗവതം; അമര്‍ത്ത്യതയുടെ സംഗീതം എന്ന ഭാഗവതകഥനം ആ സംഗീതത്തെ അമൃതമയമായി വര്‍ഷിക്കുന്നവയും വ്യാസവചനങ്ങളെ ധ്വനിസാന്ദ്രവും ഋജുവുമായ ആത്മഭാഷണമാക്കി, അപൂര്‍വ്വാനുഭവലഹരി പടര്‍ത്തുന്നവയുമാണ്.
ഒരു വ്യാഴവട്ടകാലത്തിന്റെ തപസ്യയുടെ ഫലമാണ് പ്രൊഫ. ബി സുലോചനാ നായരുടെ ഈ കൃതി. ശ്രീരാമകൃഷ്ണ ശാരദാമിഷനിലെ കുട്ടികള്‍ക്ക് തുടര്‍ച്ചയായി പറഞ്ഞുകൊടുത്ത ഭാഗവതകഥകളാണ് ഭാഗവതം അമര്‍ത്ത്യതയുടെ സംഗീതം എന്ന പുസ്തകരചനയിലേക്ക് എത്തിയത്. “ഭാഗവതഗ്രന്ഥങ്ങളില്‍ മലയാളത്തിനു ലഭിച്ച അമൂല്യകൃതി” എന്നാണ് ഈ പുസ്തകത്തെക്കുറിച്ച് ബി സുലോചനാ നായരുടെ പ്രിയശിഷ്യനും കവിയുമായ മധുസുധനന്‍ നായര്‍ അഭിപ്രായപ്പെട്ടത്.
പ്രഥമസ്‌കന്ധം, ദ്വിതീയസ്‌കന്ധം, തൃതീയസ്‌കന്ധം, ചതുര്‍സക്ന്ധം, തുടങ്ങി ദ്വാദശസ്‌കന്ധം വരെയുള്ള പന്ത്രണ്ട് ഭാഗങ്ങളാണ് ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. പ്രഥമശ്ലോകങ്ങളും അവയുടെ വ്യാഖ്യാനങ്ങളും കഥകളും എല്ലാം ഉള്‍പ്പെടുത്തിയ ഈ അമൂല്യഗ്രന്ഥം ഡി സി ബുക്‌സ് സാധനഇംപ്രിന്റിലാണ് (ആദ്ധ്യാത്മികഗ്രന്ഥങ്ങള്‍) പ്രസിദ്ധീകരിച്ചിരിക്കുന്നത്.