അമ്മേ, ദാ മുകളിലൊരു വലിയ പഴം. ഞാനതു പറിച്ചുതിന്നോട്ടെ? എന്നു പറഞ്ഞ് ആഞ്ജനേയന്‍ സര്‍വ്വശക്തിയുമെടുത്ത് സൂര്യബിംബത്തെ ലക്ഷ്യമാക്കി മേലോട്ടുകുതിച്ചു.
മേഘങ്ങളെ കീറിമുറിച്ച് അവന്‍ മുന്നേറി. സൂര്യഭഗവാന്‍ തന്റെ രശ്മികളുടെ ചൂട് നൂറിരട്ടികൂട്ടി അവനെ തടയാന്‍ ശ്രമിച്ചു. അത് വകവയ്ക്കാതെ അവന്‍ മുന്നോട്ടു കുതിച്ചു. ഭയപ്പെട്ട സൂര്യഭഗവാന്‍ ഇന്ദ്രസഹായം തേടി. ദേവേന്ദ്രന്‍ തന്റെ വജ്രായുധം പ്രയോഗിച്ചു. മാരകശക്തിയുള്ള വജ്രായുധത്തിനുപോലും ആഞ്ജനേയന്റെ താടിയില്‍ മുറിവുണ്ടാക്കാനേ കഴിഞ്ഞുള്ളൂ. ഹനുവില്‍ അഥവാ താടിയില്‍ മുറിവേറ്റ ആ ധീരകുമാരന്‍ ലോകം മുഴുവന്‍ ഹനുമാന്‍ എന്ന നാമത്തില്‍ വിഖ്യാതനായി..!
ജ്വലിച്ചുനിന്ന സൂര്യബിംബത്തെ പഴമാണെന്നു കരുതി പറിച്ചുതിന്നാന്‍ മാനത്തേക്കു കുതിച്ചു ചാടിയ ആഞ്ജനേയന്റെ കഥ കേട്ടുവളരാത്ത തലമുറകളുണ്ടാവില്ല. കുട്ടിക്കാലത്തുകേട്ട ഇതിഹാസകഥകളില്‍ ഒരു ഹനുമാന്‍ കഥയെങ്കിലുമുണ്ടാകും. ജനമനസ്സില്‍ അത്രയേറെ ആഴത്തില്‍ പടര്‍ന്നുകിടക്കുന്ന കഥാപാത്രമാണ് ഹനുമാന്‍. നാടോടിക്കഥപോലെ ഹനുമാന്റെ വീരകഥകളും ഇതിഹാസപുസ്തകങ്ങളില്‍ നിന്നിറങ്ങി പലഭാവനകളുടെ ചേരുവുകളായി പടര്‍ന്നുകൊണ്ടിരിക്കുന്നു. ഇതിഹാസത്തിലെ വീരപുരുഷനായ ഹനുമാന്റെ ജീവിതത്തെ കഥകളായി പുനരാഖ്യാനം ചെയ്ത പുസ്തകമാണ് ഹനുമാന്‍. പ്രശസ്ത ബാലസാഹിത്യകാരനായ ഡോ. കെ.ശ്രീകുമാറാണ് ഹനുമാന്‍ കഥകളെ പുനരാഖ്യം ചെയ്തിരിക്കുന്നത്.
ആഞ്ജനേയന്റെ ജനനം, ഹനുമാന്‍ നാരദന്റെ അഹങ്കാരം ശമിപ്പിച്ച കഥ, അംബാലികയുടെ ശാപമോക്ഷം, സുഗ്രീവനുമായി സഖ്യമുണ്ടാക്കിയ കഥ, ശ്രീരാമ സുഗ്രീവ സൗഹൃദം, ബാലി സുഗ്രീവ യുദ്ധം, സീതാന്വേഷണം, സമുദ്രലംഘനം, ലങ്കാലക്ഷ്മി, ലങ്കാദഹനം, എന്നിങ്ങനെ ഹനുമനുമായി ബന്ധപ്പെട്ട നിരവധി കഥകള്‍ പുസ്തകത്തില്‍ സമാഹരിച്ചിരിക്കുന്നു. ഏവര്‍ക്കും ആസ്വാദ്യകരമായ പുസ്തകമാണ് ഹനുമാന്‍.
പുരാണത്തനിമ നിലനിര്‍ത്തി ലളിതവും ആസ്വാദ്യകരമായാണ് കെ.ശ്രീകുമാര്‍ രാമായണ കഥ പുനരാഖ്യാനം ചെയ്തിരിക്കുന്നത് ഡി സി ബുക്‌സ് മാമ്പഴം ഇംപ്രിന്റിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്ന പുസ്തകത്തിനായി ചിത്രങ്ങള്‍ വരച്ചിരിക്കുന്നത് സുനില്‍കുമാറാണ്. കഥാസന്ദര്‍ഭങ്ങളുമായി ചേര്‍ന്നു നില്‍ക്കുന്നതാണ് പുസ്തകത്തിലെ ചിത്രീകരണം. 2011ല്‍ പുറത്തിറങ്ങിയ പുസ്തകത്തിന്റെ രണ്ടാമത് പതിപ്പ് പുറത്തിറങ്ങി.
ഭാരതത്തിന്റെ പൈതൃകസ്വത്തായ ഇതിഹാസങ്ങളിലെ അനശ്വരങ്ങളായ പുരാണകഥാപാത്രങ്ങളെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി പരിചയപ്പെടുത്തുന്ന പുരാണകഥാപാത്രങ്ങള്‍ എന്ന പരമ്പരയില്‍ ഉള്‍പ്പടുത്തി ഭീഷ്മര്‍, ഗാന്ധാരി, ദ്രൗപദി, സീത, കുന്തി, വിശ്വാമിത്രന്‍, രാവണന്‍, യയാതി,കണ്ണകി, ദ്രോണര്‍ , നാരദന്‍, സത്യവതി തുടങ്ങിയ കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.