നമ്മുടെ ജീവിതത്തിൽ പലർക്കും ഇപ്പോൾ ഗുരുവില്ല. തന്റെ ഗുരുവിനെ കണ്ടെത്താനുള്ള ഒരു ഉദ്യമമാണ് ദത്തന്റെ ‘സുകുമാർ അഴീക്കോടിന്റെ കൂടെ. അതായത് കൂടെ ഗുരുവുണ്ടെങ്കിൽ ജീവിതത്തിൽ നമുക്ക് ലക്ഷ്യവും പൂർണ്ണതയും ഉണ്ടാകും. ദത്തൻ തന്റെ ഓർമ്മയിൽ നിന്ന് വായനക്കാരെ ഓർമ്മപ്പെടുത്തുന്ന വാക്യമാണ് ‘ സുകുമാർ അഴീക്കോട് കൂടെയുണ്ട് ‘. വായനക്കാർക്ക് മനസ്സിൽ ഗുരുവിനെ പ്രതിഷ്‌ഠിക്കാൻ ഇതാ ‘സുകുമാർ അഴീക്കോടിന്റെ കൂടെ.’
സുകുമാർ അഴീക്കോടിനെ കൊച്ചു കൊച്ചു സംഭവങ്ങളിലൂടെ വായനക്കാർക്ക് പരിചയപ്പെടുത്തുന്ന പുസ്തകമാണ് വി. ദത്തൻ എഴുതിയ ‘ സുകുമാർ അഴീക്കോടിന്റെ കൂടെ ‘ ഇത് ദത്തന്റെ ഒരു ഓർമ്മ പുസ്തകമെന്ന് വിശേഷിപ്പിക്കാമെങ്കിലും ഇതിലെ ഓരോ ഖണ്ഡവും അഴീക്കോടിൻറെ ജീവിതത്തിലെ ഓരോ ഖന്ധം തന്നെയാണ്. നമ്മുടെ സാഹിത്യ സാംസ്കാരിക രംഗത്തെ പ്രോജ്വലമാക്കിയ വാഗ്മിയും ദാര്ശനിനുമായിരുന്ന സുകുമാർ അഴീക്കോടിന്റെ കൂടെ ഒരു നിഴലു പോലെ പ്രഭാഷണ യാത്രകളിൽ കൂട്ടു പോയ ഓർമ്മകളാണ് ഈ പുസ്തകത്തിൽ.
അഴീക്കോടിന്റെ നിലപാടുകൾ, സ്വഭാവം, പ്രതിബദ്ധത, നിരീക്ഷണം, വിലയിരുത്തൽ എന്നിങ്ങനെ അനന്യ സാധാരണവും സൂക്ഷ്മവുമായ കാര്യങ്ങളെ കുറിച്ചുള്ള അറിവും അനുഭവവും അവതരിപ്പിക്കുന്ന ഈ കൃതി അഴീക്കോടിന്റെ ജീവിതത്തെ വ്യത്യസ്തമായി കോറിയിടുന്ന ഒരു പുസ്തകം തന്നെയാണ്. കേട്ടറിഞ്ഞ കാര്യങ്ങളേക്കാൾ നേരിട്ട് കണ്ടും അനുഭവിച്ചും മനസ്സിലാക്കിയും ഉള്ള കാര്യങ്ങളും കഥകളുമാണ് പുസ്തകത്തിൽ. 1984 മുതൽ ദത്തൻ അഴീക്കോടുമായി അടുത്തിടപെട്ടു പ്രവർത്തിച്ചു തുടങ്ങി. 2012 ൽ അദ്ദേഹം അന്തരിക്കുന്നതു വരെ ആ ബന്ധം തുടർന്നു.
ഓരോ തവണ കാണുമ്പോഴും ഇടപെടുമ്പോഴും ഓർത്തിരിക്കേണ്ട എന്തെങ്കിലും കാര്യങ്ങളോ സംഭവങ്ങളോ നടന്നിട്ടുണ്ടാവും. അതെല്ലാം ഒരോർമ്മയായി ദത്തന്റെ മനസ്സിൽ സൂക്ഷിച്ചു വച്ചിട്ടുണ്ടായിരുന്നെന്ന് ഈ പുസ്തകത്തിന്റെ അവതരണത്തിലൂടെ ബോധ്യപ്പെടുന്നു. അഴീക്കോടിന്റെ ജീവിതത്തിലെ അവസാനത്തെ കാൽ നൂറ്റാണ്ടിന്റെ നേർക്കാഴ്ചയെന്നും ഈ പുസ്തകത്തെ വിശേഷിപ്പിക്കാൻ കഴിയും.
‘അഴീക്കോടിന്റെ പ്രഭാഷണങ്ങൾ’ എന്ന കൃതിയുടെ ആമുഖത്തിൽ വി ദത്തനെ പറ്റി അഴീക്കോട് എഴുതിയത്, തിരുവനന്തപുരത്തു ചെന്നാൽ തനിക്ക് തുണയായി പരിലസിച്ച സ്നേഹിതൻ എന്നാണ്. മറ്റൊരവസരത്തിൽ ദത്തനെപ്പറ്റി അഴീക്കോട് പറഞ്ഞ മനോഹരമായ ഒരു വാചകം ഇതാണ് ‘ തന്റെ സാഹിത്യ ധൃമത്തിന്മേൽ പൂക്കൾ വിരിയിക്കുന്നതിനു വെള്ളം നനയ്ക്കാനും ദത്തൻ തയ്യാറായി എന്നാണ്.