ഹിന്ദുമഹാസഭ നേതാവും ഹിന്ദുത്വത്തിന്റെ ആദ്യകാല സൈദ്ധാന്തികരിലൊരാളുമായ വി ഡി സവര്‍ക്കറുടെ ആത്മകഥാപരമായ പുസ്തകം ‘മാജി ജന്മതേപ് (majhi janmathep) ആണ് തന്നെ ഏറെ പ്രചോദിപ്പിച്ച പുസ്തകമെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. അന്തമാന്‍ നികോബാറിലെ സെല്ലുലാര്‍ ജയില്‍ സന്ദര്‍ശിക്കാന്‍ തനിക്ക് പ്രചോദനം നല്‍കിയത് ഈ പുസ്തകമാണെന്ന് സവര്‍ക്കറുടെ ജന്മവാര്‍ഷികദിനം അനുസ്മരിച്ച് അദ്ദേഹം വ്യക്തമാക്കി. ഞായറാഴ്ച നടത്തിയ (മന്‍ കി ബാത്തി’ല്‍) റേഡിയോ പ്രഭാഷണത്തിലാണ് മോദിയുടെ വെളിപ്പെടുത്തല്‍.
സെല്ലുലാര്‍ ജയിലിലെ ചെറിയ സെല്ലിലടച്ച സവര്‍ക്കര്‍ കവിതകളെഴുതിയിരുന്നുവെന്നും ഇതുപോലുള്ള സ്വാതന്ത്ര്യസമര സേനാനികള്‍ കടുത്ത പീഡനങ്ങളിലൂടെയാണ് കടന്നുപോയതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
സെല്ലുലാര്‍ ജയിലിലെ സവര്‍ക്കറുടെ അനുഭവങ്ങള്‍ സംബന്ധിച്ച പുസ്തകമാണ് ‘മാജി ജന്മതേപ്’. അന്തമാന്‍ സെല്ലുലാര്‍ ജയിലില്‍ കിടക്കവേയാണ് ബ്രട്ടീഷ് സാമ്രാജ്യത്തോട് തന്നെയും സഹോദരനെയും മോചിപ്പിക്കണമെന്ന് അപേക്ഷിച്ച് സവര്‍ക്കര്‍ ദയാഹര്‍ജി നല്‍കിയത്. ഇതടക്കം പുസ്തകത്തില്‍ സൂചിപ്പിക്കുന്നുണ്ട്. മറാത്തിയില്‍ എഴുതിയ പുസ്തകത്തിന്റെ ആദ്യ പതിപ്പ് 1927ല്‍ പ്രസിദ്ധീകരിച്ചുവെങ്കിലും രണ്ടാം പതിപ്പ് ഇറക്കുന്നത് അന്നത്തെ ബോംബെ സര്‍ക്കാര്‍ നിരോധിച്ചു. 1947ലാണ് പിന്നീട് പുസ്തകം വെളിച്ചം കണ്ടത്.
ആദ്യകാല ഹിന്ദുമഹാസഭ നേതാക്കള്‍ മുന്നോട്ടുവെക്കുന്നതും സംഘ്പരിവാര്‍ പിന്തുടരുന്നതുമായ കടുത്ത മുസ്‌ലിം ന്യൂനപക്ഷവിരുദ്ധ രാഷ്ട്രീയമാണ് സവര്‍ക്കര്‍ പുസ്തകത്തിലൂടെ മുന്നോട്ടുവച്ചതെന്നും ആരോപണമുണ്ട്.