‘ഓരോ വാക്കുകളും ഓരോ മുറിവുകളാണ്, ആത്മാവിൽ വീണ ചെറുപോറലുകളും വലിയ ക്ഷതങ്ങളുമാണ് …ഇരുട്ടും മുള്ളുകളും വിഷസർപ്പങ്ങളുമുള്ള നീണ്ട ഇടവഴിയിൽ ഞാനെന്ന പെൺകുട്ടി പരിഭ്രമിച്ചു നിൽക്കുന്നു….
അകാരണമായ ഭയത്താലും , സങ്കടത്താലും ,രോഗാതുരമായ എന്റെ ഹൃദയം സ്വന്തം അറയിലേക്ക് തന്നെ ചോര ഛർദ്ധിക്കുന്നു – ഈ പുസ്തകം നിങ്ങൾക്കുളത്താണ്.
പ്രേമ ഭംഗത്താൽ ചിതറിപ്പോയ ഹൃദയമുള്ളവർക്ക് …
പ്രേമത്താൽ ചിതറിപ്പോയ ഹൃദയമുള്ളവർക്ക് ., ഏകാകികൾക്ക് ,സ്വപ്നം കണ്ട് കറുത്തുപോയ കണ്ണുകളുള്ള പെൺകുട്ടികൾക്ക് , പ്രണയിച്ചു നടക്കുന്ന തന്റേടിയായ വൃദ്ധർക്ക് …
ഒരു ശിശുവിനെ പോലെ ഇന്നും ഇപ്പോഴും എന്റെ പ്രേമം തിരഞ്ഞെടുക്കുന്ന ഏറ്റം ദയാലുവും വികാരങ്ങളാൽ നയിക്കപ്പെടുന്നവനും , വിടർന്ന വലിയ മത്തൻ കണ്ണുകളും നെഞ്ചിലെ മുലചുണ്ടിൽ കാക്കാപ്പുള്ളിയുള്ളവനുമായ എന്റെ കാമുകന് …..’
എന്നിവർക്കെല്ലാം വേണ്ടി സമർപ്പിക്കുകയാണ് ഇന്ദുമേനോൻ , കഥകൾ : ഇന്ദുമേനോൻ
”പനിയും പനിച്ചൂടും പോലെ വേർപെടുത്താനാകാത്ത സ്നേഹമായിരുന്നു അവരുടേത് …. പെട്ടെന്ന് മെഹമൂദ് ഖാന്റെ മുഖം ചുവന്ന കനൽകട്ട പോലെ പഴുക്കുന്നത് മെഹറുന്നീസ കണ്ടു….. അവളുടെ കണ്ണുകൾ ഡിജിറ്റൽ വാച്ചെന്ന വണ്ണം പ്രകാശിച്ചു.”
പുതിയ തലമുറയിലെ സർഗ്ഗ വൈഭവമുള്ള എഴുത്തുകാരുടെ മുൻനിരയിൽ നിൽക്കുന്ന കഥാകാരിയാണ് ഇന്ദു മേനോൻ. ശുദ്ധ കലാപത്തിന്റെ കഥകളാണ് ഇന്ദു മേനോന്റേത്.നമ്മുടെ ആധുനിക സാഹിത്യത്തിൽ കലഹിച്ചതും കലാപക്കൊടിയുയർത്തിയതും ആണെഴുത്തുകാരായിരുന്നെങ്കിൽ ആധുനികാനന്തര മലയാള കഥയിൽ ആ ദൗത്യം ഏറ്റെടുത്തിരിക്കുന്നത് പെണ്ണെഴുത്തുകാരികളാണ് . അവരിൽ മുൻപന്തിയിലാണ് ഇന്ദുമേനോൻ.
ശുദ്ധകലാപത്തിന്റെ കഥകളാണ് ഇന്ദുവിന്റേതെന്ന് എം.മുകുന്ദന്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. പൊട്ടിത്തെറിച്ച് നിറങ്ങളും തീയും പുകയും വാരിവിതറുന്ന ഭാഷയാണ് ഇന്ദുവിന്റേതെന്നും അദ്ദേഹം പറയുന്നു. കഥ ഇന്ദുമേനോന് കുളിര്‍ നല്‍കുന്ന മകരമാസത്തിലെ കാറ്റല്ലെന്നും കര്‍ക്കിടകത്തിന്റെ കിടിലം കൊള്ളിക്കുന്ന മുരള്‍ച്ചയാണെന്നും കെ.ഇ.എന്‍ അഭിപ്രായപ്പെടുന്നു.
എഴുതുന്നവരുടെ ആള്‍ക്കൂട്ടത്തില്‍നിന്നോ ചെറുകൂട്ടത്തില്‍നിന്നോപോലും വേറിട്ട സ്വരം കേള്‍പ്പിക്കുക ശ്രമകരമാണ്. അത്തരം പ്രതിസന്ധികളെ നിഷ്പ്രയാസം തരണം ചെയ്തുകൊണ്ട് ഇന്ദുമേനോന്‍ വലിയ മുഴക്കങ്ങള്‍ സൃഷ്ടിക്കുന്നു. പ്രമേയത്തില്‍, അവതരണത്തില്‍, ഭാഷാപ്രയോഗങ്ങളില്‍ എല്ലാം വ്യതിരിക്തതയോടെ ഈ കഥാകാരി മലയാള ചെറുകഥാസാഹിത്യത്തെ സമ്പന്നമാക്കുന്നു. ഇന്ദുമേനോന്റെ 27 കഥകള്‍ സമാഹരിച്ച പുസ്തകമാണ് കഥകള്‍ : ഇന്ദുമേനോന്‍. 2010ല്‍ പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ അഞ്ചാം പതിപ്പാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്.
അങ്കണം ഇ.പി.സുഷമ അവാര്‍ഡ്, ഉറൂബ് അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി ഗീതാഹിരണ്യന്‍ പുരസ്‌കാരം, മാതൃഭൂമി സാഹിത്യ പുരസ്‌കാരം, ജനപ്രിയ ട്രസ്റ്റ് അവാര്‍ഡ്, എസ്.ബി.റ്റി കഥാ അവാര്‍ഡ് തുടങ്ങിയവ ലഭിച്ചിട്ടുള്ള ഇന്ദുമേനോന്റെ എന്നെ ചുംബിക്കാന്‍ പഠിപ്പിച്ച സ്ത്രീയേ, എന്റെ തേനേ എന്റെ ആനന്ദമേ തുടങ്ങിയവയും വായനക്കാര്‍ക്ക് ഏറെ പ്രിയങ്കരമാണ്.