മലയാളിയുടെ വായനയില്‍ മൂന്ന് പതിറ്റാണ്ടു നിറഞ്ഞു നിന്ന നോവലാണ് സി.വി.ബാലകൃഷ്ണന്റെ ‘ആയുസ്സിന്റെ പുസ്തകം‘ . മധ്യതിരുവിതാംകൂറില്‍ നിന്നും മലബാറിലേയ്ക്കു കുടിയേറിയ ക്രിസ്ത്യാനികളുടെ കഥ പറയുന്ന നോവലിലൂടെ യോഹന്നാന്‍ എന്ന കൗമാരക്കാരന്റെ ജീവിതമാണ് സി.വി.ബാലകൃഷ്ണന്‍ വരച്ചിട്ടത്. കൗമാര ജീവിതത്തിന്റെ വിശുദ്ധ പുസ്തകമായി തലമുറകള്‍ കൈമാറിപ്പോന്ന ‘ആയുസ്സിന്റെ പുസ്തകം‘ ചില വര്‍ഷങ്ങളില്‍ കേരളത്തിലും പുറത്തും സര്‍വ്വകലാശാലാ വിദ്യാര്‍ത്ഥികള്‍ക്ക് പാഠപുസ്തകമായിരുന്നു. അതിലുമേറെ പേരെ ജീവിതം എന്താണെന്ന് തിരിച്ചറിയാന്‍ സഹായിച്ച പുസ്തകം കൂടിയാണിത്.
ചെറുപ്പത്തില്‍ തന്നെ അമ്മയെ നഷ്ടമാവുകയും അപ്പനില്‍ നിന്ന് അവഗണന മാത്രം നേടുകയും ചെയ്തിരുന്ന യോഹന്നാനെ മുത്തച്ഛന്റെ ആത്മഹത്യ കൂടുതല്‍ ഏകാകിയാക്കി. സഹോദരി ആനി ഇടവകയിലെ അസിസ്റ്റന്റ് വികാരി മാത്യുവിനൊപ്പം ഒളിച്ചോടുകയും കാമുകി റാഹേല്‍ കന്യാസ്ത്രിയാവുകയും കൂടി ചെയ്തപ്പോള്‍ അവര്‍ കൂടുതല്‍ ഒറ്റപ്പെട്ട യോഹന്നാന്‍ സാറ എന്ന വിധവയുമായി ബന്ധം സ്ഥാപിച്ചു. സാറായെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്ന തോമാ, തന്റെ മകനും അവളുമായുള്ള ബന്ധം കണ്ടെത്തുന്നു. ഇതിന്റെ പേരില്‍ സാറായെ തോമാ കഴുത്തു ഞെരിച്ചു കൊല്ലുന്നു. ഇതേ തുടര്‍ന്നുള്ള യോഹന്നാന്റെ മാനസികാവസ്ഥകളോടെയാണ് നോവല്‍ സമാപിക്കുന്നത്.
വായനാനുഭൂതികൊണ്ട് ഏറെ ശ്രദ്ധിക്കപ്പെടുകയും ചര്‍ച്ചചെയ്യപ്പെടുകയും ചെയ്തു ‘ആയുസ്സിന്റെ പുസ്തകം‘ 1984ല്‍ ആണ് പുസ്തകരൂപത്തില്‍ പുറത്തിറക്കിയത്. അതിനുമുമ്പ് 1983 ഏപ്രില്‍ മാസം മുതല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഖണ്ഡശ:പ്രസിദ്ധീകരിച്ചുവന്നു. ആദ്യാവസാനം ബൈബിളിനെ പിന്തുടരുന്ന ഭാഷയും ആഖ്യാനശൈലിയും ഈ കൃതിയുടെ ഒരു പ്രത്യേകതയാണ്.
1940കളുടെ പശ്ചാത്തലത്തില്‍ മലബാറിലെ ക്രിസ്ത്യന്‍ കുടിയേറ്റക്കാരുടെ കഥ പറഞ്ഞ എസ്.കെ. പൊറ്റെക്കാടിന്റെ വിഷകന്യക എന്ന പ്രസിദ്ധ നോവലുമായി ആയുസ്സിന്റെ പുസ്തകത്തെ താരതമ്യം ചെയ്യാറുണ്ട്. പൊറ്റെക്കാട്, വെളിയില്‍ നിന്നുള്ള നിരീക്ഷകന്റെ നിലപാടില്‍ കഥ പറഞ്ഞപ്പോള്‍, നോവലിന്റെ ലോകത്തിലെ ഒരംഗമെന്ന നിലയിലാണ് സി.വി.ബാലകൃഷ്ണന്റെ ആഖ്യാനമെന്ന് സക്കറിയ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. 1940കളില്‍ നിന്ന് 1960കളിലെത്തിയപ്പോള്‍ കുടിയേറ്റക്കാരുടെ ലോകത്തില്‍ വന്ന മാറ്റത്തേയും ‘ആയുസ്സിന്റെ പുസ്തകം‘ പതിഫലിപ്പിക്കുന്നു.
ഏറെ ശ്രദ്ധിക്കപ്പെട്ട ഈ നോവല്‍ അനേകം പതിപ്പുകളിലൂടെ കടന്നുപോയി. ‘ആയുസ്സിന്റെ പുസ്തകം‘ തമിഴ് ഭാഷയില്‍, ‘ഉയിര്‍ പുത്തഗം’ എന്ന പേരില്‍ മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ നാടകാവിഷ്‌കരണം സംഗീത നാടക അക്കാദമിയുടെ അമച്വര്‍ നാടകോത്സവത്തില്‍ അഞ്ചു പുരസ്‌കാരങ്ങള്‍ നേടി.