കേരളത്തിന്റെ സാമൂഹ്യചരിത്രം സശ്രദ്ധം പഠിക്കുമ്പോള്‍ നമ്മുടെ ശ്രദ്ധയില്‍പ്പെടുന്ന ഒരു കാര്യം മലയാളികള്‍ കൂട്ടമായി പലപ്പോഴും കബളിപ്പിക്കപ്പെട്ടിട്ടുണ്ട് എന്നതാണ്. അത്തരം കൂട്ടക്കബളിപ്പിക്കലുകളെപ്പറ്റി, അതുനടപ്പാക്കിയ പ്രായോഗികവശങ്ങളെപ്പറ്റിയും മലയാളികള്‍ ഒരിക്കലും പാഠം പഠിക്കാതെ ഈയാംപാറ്റകണക്ക് അത്തരം കുതന്ത്രങ്ങളില്‍ ചെന്നുവീഴുന്നതിനെപ്പറ്റിയും വിശകലനാത്മകമായി പരിശോധിച്ചുകൊണ്ട് പ്രശാന്ത് മിത്രന്‍ തയ്യാറാക്കിയ പുസ്തകമാണ് ഞാന്‍ പെട്ടു; കബളിപ്പിക്കപ്പെടുന്ന മലയാളി.
ദശാബ്ദങ്ങളായി മലയാളിയെ പ്രലോഭിപ്പിക്കുന്ന വാചകമാണ് ‘ഒന്നുവച്ചാല്‍ പത്ത്, പത്ത് വച്ചാല്‍ നൂറ്….’. ഉള്ളതുകൊണ്ട് തൃപ്തിപ്പെടാത്ത ഈ മനോഭാവത്തെ തിരിച്ചറിഞ്ഞ് അതിനെ ചൂഷണം ചെയ്യുകയായിരുന്നു കബളിപ്പിക്കലുകളുടെ എല്ലാം പിന്നില്‍ ഒളിഞ്ഞു കിടന്നിരുന്നത്. സ്വാതന്ത്ര്യത്തിനുമുമ്പുള്ള കേരളത്തിന്റെ സാമ്പത്തികാന്തരീക്ഷത്തില്‍ വ്യാപകമായ വലിയ തട്ടിപ്പുകള്‍ക്കുള്ള സാധ്യതകള്‍ കുറവായിരുന്നു. അതിനുശേഷം രേഖപ്പെടുത്തിയിട്ടുള്ള വലിയതോതിലുള്ള ആദ്യ കബളിപ്പിക്കലുകള്‍ മാര്‍ക്ക് ലിസ്റ്റ്, സര്‍ട്ടിഫിക്കറ്റ് (പ്രത്യേകിച്ചും എസ് എസ് എല്‍ സി) തുടങ്ങിയവയിലും ഒപ്പം വിദേശതൊഴിലവസരങ്ങള്‍ തേടുന്നവരെ വ്യാജവിസയിലൂടെ കബളിപ്പിക്കുന്നതും ആയിരുന്നു. 1980 കളില്‍ ബ്ലേഡ് കമ്പനി എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന സാമ്പത്തികസ്ഥാപനങ്ങള്‍ ആവിര്‍ഭവിച്ചു. ബ്ലേഡുകൊണ്ടു മുറിഞ്ഞാലും മുറിച്ചാലും ആ സമയത്ത് വേദന അനുഭവപ്പെടില്ല, അല്പനേരത്തിനുശേഷമായിരിക്കും വേദന തോന്നുക. അതേപോലെയാണ് ഈ സാമ്പത്തികസ്ഥാപനങ്ങളും. അവിടെ പണം നിക്ഷേപിക്കുകയോ കടമെടുക്കുയോ ചെയ്ത പലര്‍ക്കും ദുരിതപൂര്‍ണ്ണമായ അനുഭവങ്ങളാണ് അതു നല്‍കിയത്.
പിന്നീട് പെട്ടന്നു തഴച്ചു വളര്‍ന്ന ഒരു പ്രസ്ഥാനമായിരുന്നു ആട്-മാഞ്ചിയം-തേക്ക് തട്ടിപ്പ്. സമാനമായ രീതിയില്‍ മലയാളിയുടെ പൊങ്ങച്ച സംസ്‌കാരത്തിലേക്ക് എമുതട്ടിപ്പും പിന്നെ പറന്നിറങ്ങി. തട്ടിപ്പുകള്‍ ആധുനിക യുഗത്തിലേക്ക് കടന്നപ്പോള്‍, തലമുറകള്‍ മാറിയപ്പോള്‍ തട്ടിപ്പു പ്രസ്ഥാനവും ആധുനികവത്കരിച്ചു. അതിന്റെ ഒരു മാതൃകയാണ് മണിച്ചെയിന്‍ തട്ടിപ്പ്. മറ്റൊന്നാണ് ഡയറക്ട് മാര്‍ക്കറ്റ് ചെയിന്‍. ലൈംഗികശക്തി കൂട്ടാനുള്ള ‘ദിവ്യൗഷധ’വും കഷണ്ടിക്കുള്ള മരുന്നുകളും നടുവേദനക്കുള്ള പ്രതിവിധിയും ഒക്കെ ആസൂത്രിത തട്ടിപ്പുകള്‍ക്ക് മാര്‍ഗങ്ങളാക്കി മാറ്റി. മലയാളികളെ സാമൂഹികമായും രാഷ്ട്രീയമായും പലപ്പോഴും പിടിച്ചുകുലുക്കിയിട്ടുള്ളതാണ് സെക്‌സ് തട്ടിപ്പുകള്‍. ഏറെ കോളിളക്കങ്ങള്‍ സൃഷ്ടിച്ച പലസെക്‌സ് തട്ടിപ്പുകള്‍ക്കും ഒപ്പം സംബന്ധവും അറബിക്കല്യാണവും മൈസൂര്‍ക്കല്യാണവും ഒക്കെ വ്യത്യസ്തമായ സെക്‌സ് തട്ടിപ്പുകള്‍തന്നെ എന്ന് ഗ്രന്ഥകാരന്‍ ഉദാഹരിക്കുന്നു.
ഡിജിറ്റല്‍ യുഗത്തിന്റെ കാലത്ത് ഇ-തട്ടിപ്പുകളും ആരംഭിച്ചുകഴിഞ്ഞു. അതും പ്രധാനമായും സാമ്പത്തികനഷ്ടത്തിലേക്കാണ് നയിക്കുന്നത്. ദൈവത്തെ സാക്ഷിനിര്‍ത്തി വിശ്വാസത്തിന്റെ പേരിലുള്ള തട്ടിപ്പുകള്‍ തികച്ചും വ്യത്യസ്തമായ മറ്റൊരു മേഖലയാണ്. കുബേര്‍കുഞ്ചിയും ഭാഗ്യരത്‌നങ്ങളും മറ്റുമായി അവ എന്നും പ്രയാണം തുടരുന്നു.
കേരളം 60 പുസ്തകപരമ്പരയുടെ ഭാഗമായി ഡി സി ബുക്‌സ് പുറത്തിറക്കിയിട്ടുള്ള ‘ഞാന്‍ പെട്ടു: കബളിപ്പിക്കപ്പെടുന്ന മലയാളി‘ കേരളസമൂഹത്തിലെ ആസൂത്രിതവും വ്യാപകവുമായ തട്ടിപ്പുകളുടെ ചരിത്രവഴികളിലൂടെയുള്ള ഒരു സഞ്ചാരം എന്നതിലുപരി ഒരു രസകരമായ ഡോക്യുമെന്റേഷനുംകൂടിയാണ്. നമ്മുടെ സമൂഹം പല കാലങ്ങളിലായി ഇങ്ങനെ പല തരത്തില്‍ ആസൂത്രിതമായ പറ്റിക്കലുകള്‍ക്കു വിധേയമായിട്ടുണ്ടെന്ന് മനസ്സിലാക്കേണ്ടതുതന്നെ. നിരവധി ഉദാഹരണങ്ങളും ഉദ്ധരണികളും അടക്കം വളരെ രസകരമായി എഴുതപ്പെട്ടിരിക്കുന്ന ഈ പുസ്തകം മലയാളികള്‍ ഓരോരുത്തരും നമ്മുടെ സമൂഹത്തെ തിരിച്ചറിയാനും സ്വയം ഏതെങ്കിലും അബദ്ധത്തില്‍ ചെന്നുവീഴാതിരിക്കാനും വായിക്കേണ്ട പുസ്തകമാണ്.