മുഹമ്മദ് ശമീം ഉമരി എഴുതിയ നന്മയുള്ള 101 ഇസ്ലാം കഥകളെക്കുറിച്ച് സാഹിത്യനിരൂപകനായ വിനോദ്കുമാര്‍ പെരുമ്പള എഴുതിയ ആസ്വാനക്കുറിപ്പ്;
“ചിന്തനീയങ്ങളായ കഥകള്‍”
ലോകത്തെമ്പാടും വിപ്ലവകരമായ രീതിയില്‍ സ്വാധീനം ചെലുത്തി വരുന്ന ഒരു തത്ത്വസംഹിതയാണ് ഇസ്ലാമിക ദര്‍ശനങ്ങള്‍. നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഈ ചരിത്രസത്യങ്ങള്‍ അതിന്റെ പ്രായോഗികതയിലൂന്നി അനുദിനം കൂടുതല്‍ പ്രസക്തിയുള്ളതായിത്തീരുന്നു. ഇസ്ലാമിക സാഹിത്യത്തില്‍ അഗാധ പാണ്ഡിത്യം നേടിയിട്ടുള്ള മുഹമ്മദ് ശമീം ഉമരി എന്ന അദ്ധ്യാപകന്റെ വിപുലമായ വായനാനു ഭവങ്ങളില്‍നിന്ന് കോരിയെടുത്ത മുത്തുകളാണ് 101 ഇസ്ലാം കഥകള്‍. നാല്പതോളം ഇസ്ലാമിക ഗ്രന്ഥങ്ങളുടെ കര്‍ത്താവായ മുഹമ്മദ് ശമീം ഉമരിയുടെ ആഖ്യാനമികവ് ഈ പുസ്തകത്തെ വായനക്കാരിലേക്കടുപ്പിക്കുന്നു.
അന്ത്യപ്രവാചകനായ മുഹമ്മദ് നബിയുടെ ജീവിതവുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് ഇതിലെ ഭൂരിഭാഗം കഥകളും. പ്രവാചകന്‍ നൂഹ് (നോഹ)ന്റെ ജീവിത ദര്‍ശനം വെളിവാക്കുന്ന കഥകളും ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്നു. ഇമാം മാലിക്, ശൈഖുമാര്‍, സൂഫിവര്യന്‍മാര്‍, വിവിധ ഭക്തന്‍മാര്‍ എന്നിവരുടെ ജീവിതത്തില്‍ നടന്ന പ്രധാന സംഭവങ്ങള്‍ വലിയ സന്ദേശം നല്‍കുന്ന കഥകളായി നമ്മുക്ക് മുമ്പില്‍ അവതരിപ്പിക്കുന്നു. ഖലീഫമാരായ അലി, ഉമര്‍, ഹാറൂണ്‍ റശീദ് തുടങ്ങിയവരുടെ ഭരണകാലത്ത് നടന്ന സംഭവങ്ങള്‍, അവ സമൂഹത്തിന് നല്‍കുന്ന സന്ദേശങ്ങള്‍, വ്യക്തികളുടെ തര്‍ക്കങ്ങള്‍ പരിഹരിച്ച രീതികള്‍ എന്നിവയൊക്കെ മനോഹരമായ കഥകളിലൂടെ അനുവാചകരുടെ മനസ്സിനെ സ്വാധീനിക്കുന്നു. പ്രവാചകനും പെരുങ്കള്ളനും എന്ന ഒന്നാമത്തെ കഥയില്‍, തന്നെ കാണാനെത്തിയ നുണയനും ക്രൂരനുമായ ഒരു പെരുങ്കള്ളന്റെ വ്യക്തിത്വത്തെ പ്രവാചകന്‍ എപ്രകാരം ശുദ്ധീകരിക്കുന്നുവെന്ന് കാണിച്ചു തരുന്നുണ്ട്.
” മകനെ, നിന്റെ ദു:ശ്ശീലങ്ങളില്‍ ഏതെങ്കിലുമൊന്ന് ഉപേക്ഷിക്കുവാന്‍ നീ തയ്യാറാണോ ?
എങ്കില്‍ നീ ഇനി മുതല്‍ നുണ പറയരുത് ”.
പ്രവാകനോട് നുണ പറയരുതെന്ന സത്യം മാത്രം ചെയ്തതിനാല്‍ മോഷണം തുടരാന്‍ തീരുമാനിച്ച പെരുങ്കള്ളന്‍, മോഷ്ടിച്ച മുതലിനെപ്പറ്റി നുണ പറയേണ്ടി വരുമെല്ലോയെന്ന് ചിന്തിച്ചു തുടര്‍ന്ന് പ്രവാചകശാപത്തിലും ശിക്ഷയിലും ഭയന്ന് മോഷണം ഉപേക്ഷിക്കുകയും എല്ലാ ദു:ശ്ശീലങ്ങളില്‍നിന്നും മാറി ശിഷ്ടകാലം അധ്വാനിച്ചു ജീവിക്കുകയും ചെയ്യുന്ന ഒരു പെരുങ്കള്ളന്റെ കഥയാണിത്.
നൂറ്റിയൊന്നാമത്തെ കഥയില്‍ ഇയാസ്ബ്‌നുമു ആവിയ നടത്തിയ ഒരു വിധിന്യായത്തിന്റെ കഥയാണ്. പ്രതിയുടേയോ വാദിയുടേയോ നാവില്‍നിന്നും ഇറിയാതെ വീണുപോകുന്ന വാക്കില്‍നിന്നും സത്യത്തെ എങ്ങനെ അടര്‍ത്തിയെടുത്ത് നീതി പ്രഖ്യാപിക്കാമെന്ന് ഈ കഥ കാണിച്ചു തരുന്നു. പുണ്യ ഹജ്ജ് കര്‍മ്മത്തിന്റെ പ്രസക്തി ബോധ്യപ്പെടുത്തുന്ന ‘ഹജ്ജും കൃഷിയും ” എന്ന കഥ ഓരോ മുസ്ലീമും വായിച്ചിരിക്കേണ്ട ഒന്നാണ്.
അബു ഉബൈഹ് അത്തസ്തരി, ഹജ്ജിലെ പ്രധാന ചടങ്ങായ അസ്വര്‍ നിസ്‌കാരത്തിനുശേഷം നിലം ഉഴുകുകയായിരുന്നു. അപ്പോള്‍ മറ്റൊരു സുഹൃത്ത് ഹജ്ജിനു ക്ഷണിച്ചപ്പോള്‍ അബു പറഞ്ഞു;
‘ ഇല്ല ഞാന്‍ ഹജ്ജ് ചെയ്യാന്‍ ഉദ്ദേശിച്ചിട്ടില്ല, കൃഷിപ്പണി ഇന്ന് തീര്‍ക്കണമെന്നാണ് ഞാന്‍ തീരുമാനിച്ചിട്ടുള്ളത്. അല്ലാഹുവിന് വേണ്ടി ചെയ്യുന്ന ഒരു കര്‍മ്മത്തില്‍ മറ്റൊരു കര്‍മ്മം കടത്തുവാന്‍ പാടില്ല. ഞാനിപ്പോള്‍ ചെയ്യുന്ന കൃഷിപ്പണി എഴുപത് ഹജ്ജിനേക്കാള്‍ പുണ്യകരമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ”
101 ഇസ്ലാം കഥകള്‍ മറ്റു ഇതുഹാസകഥകളെപ്പോലെ എല്ലാ മനുഷ്യരുടേയും കഥകളാണ്. മനുഷ്യമനസ്സിലെ ശുദ്ധീകരിക്കാനും ധര്‍മ്മത്തിന്റെ പാതയിലേക്ക് നയിക്കാനും ഗുണപാഠമുള്ള ഇത്തരം കഥകള്‍ സഹായിക്കും. കഥകള്‍ സങ്കല്‍പ്പങ്ങളല്ല, ജീവിതം തന്നെയാണ്.