മോള്‍ക്ക് അടുക്കളയില്‍ കയറി വല്ലതും വെച്ചുവിളമ്പാനറിയാമോ..? മിക്കവരുടെയും ചോദ്യമിതാണ്. പെണ്‍കുട്ടിയായാല്‍ നന്നായി പാചകം ചെയ്യാനറിയണം.പണ്ടുമുതലേയുള്ള ഒരു പറച്ചിലിതാണ്. പഠിക്കാന്‍ വിട്ടില്ലെങ്കിലും നന്നായി പാചകംചെയ്യാന്‍ പഠിപ്പിക്കും അമ്മമാര്‍. കാലം മാറി.., പെണ്‍കുട്ടികളാണ് ഇന്ന് ഏറ്റവും കൂടുതല്‍ പഠിക്കാന്‍പോകുന്നതും പല സ്ഥാപനത്തിലും ജോലിചെയ്യുന്നതും. പക്ഷേ അതിനിടയില്‍ അടുക്കളയില്‍ കയറാറില്ല. എന്നാല്‍ വിവാഹംകഴിഞ്ഞ് ചെല്ലുമ്പോഴാണ് പുകില്..! എന്തെങ്കിലുമൊക്കെ വച്ചുണ്ടാക്കാനറിയണം. ഇല്ലെങ്കില്‍ ആകെപ്രശ്‌നമാകും. ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ പെണ്‍കുട്ടികള്‍ക്ക് തുണയാകുന്നത് പാചകപുസ്തകങ്ങളാണ്.
പാചകം അറിഞ്ഞുകൂടാ എന്നുള്ളതാണ് ഈ തലമുറ അഭിമുഖീകരിക്കുന്ന ഒരു വലിയ പ്രശ്‌നം. ശരിയായി പാചകം ചെയ്തു സന്തോഷത്തോടും സ്‌നേഹത്തോടുംകൂടി വിളമ്പി കൊടുക്കുമ്പോള്‍ ഭക്ഷണത്തിന്റെ സ്വാദ് ഏറുന്നു. ലില്ലി ബാബു ജോസ് തയ്യാറാക്കിയ തുടക്കക്കാര്‍ക്കുള്ള പാചകം വിവാഹിതരായവര്‍ക്കും ഉടന്‍ വിവാഹിതരാകാന്‍ പോകുന്നവര്‍ക്കും പാചകം പഠിക്കാനാഗ്രഹിക്കുന്ന ഏവര്‍ക്കും വേണ്ടിയുള്ളതാണ്.
ഈ പുസ്തകത്തില്‍ പ്രതിപാദിക്കുന്നത് എളുപ്പത്തില്‍ ചെയ്യാവുന്ന പാചകവിധികളാണ്. അളവുകളും തൂക്കങ്ങളും ചേരുവകളുടെ പേരുകള്‍, അടുക്കളയില്‍ ആവശ്യമുള്ള പാത്രങ്ങളുടെ പേരുകള്‍, അടുക്കളയില്‍ സഹായകമാകുന്ന പൊതുനിര്‍ദ്ദേശങ്ങള്‍, അടിസ്ഥാന പാചകവിധികള്‍, സാലഡ്, റെയ്ത്ത, മുട്ട, പാനീയങ്ങള്‍, പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, ലഘുവിഭവങ്ങള്‍, അത്താഴം, എന്നിവയ്ക്കു പുറമേ സന്തോഷകരമായി ഭക്ഷണം അവസാനിപ്പിക്കുവാനുള്ള മധുരങ്ങള്‍ അടങ്ങിയ ‘ഹാപ്പി എന്‍ഡിങ്ങു’കള്‍ തുടങ്ങിയവയെല്ലാം ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പാചകവിധി ശ്രദ്ധാപൂര്‍വ്വം വായിക്കുക. വേണ്ട ചേരുവകളും പാത്രങ്ങളും അടുപ്പിച്ച് വയ്ക്കുക. നേരേ അടുക്കളയിലേക്ക് കയറുക, സാമാന്യ ബിദ്ധിയുപയോഗിച്ച് ശാന്തമായി പാചകം ചെയ്യുക. സ്വാദിഷ്ടമായ വിഭവങ്ങള്‍ വിളമ്പി എല്ലാവരുടെയും അഭിനന്ദനം ഏറ്റുവാങ്ങുക…!