ആധുനികവും നാഗരീകവുമായ ദളിതരുടെ അഭിമുഖീകരണത്തെ പ്രകടിപ്പിക്കുന്നവയായാണ് മലയാളത്തിൽ കവിതകളുടെ ശക്തമായ തിരിച്ചുവരവ്. എഴുത്തിൽ സജീവമാകുന്ന കവികളും എഴുത്തുകാരും തൂലിക ചലിപ്പിക്കുന്നത് മിക്കപ്പോഴും പ്രതിരോധത്തിന്റെ അടയാളമായിട്ടാണ്. ആ പ്രതിരോധത്തിന്റെ ഭാഷയ്ക്കുമുണ്ട് വൈവിധ്യം. സാമൂഹിക പ്രതിബദ്ധതയുടെ സർഗ്ഗസൃഷ്ടിയാണ് യുവകവികളിൽ ശ്രദ്ധേയനായ എം ബി മനോജ് തന്റെ എഴുത്തുകളിലൂടെ തുറന്നു കാട്ടുന്നത്. ദളിത് ജീവിതങ്ങളും അവരുടെ അതിജീവനവും ഭാഷയിലും പ്രയോഗങ്ങളിലും വ്യത്യസ്തമായി സർഗ്ഗാത്മകമായി രൂപപ്പെടുത്തിയിരിക്കുകയാണ് എം ബി മനോജ് തന്റെ പാവേ പാവേ പോകവേണ്ട എന്ന കവിതാ സമാഹാരത്തിലൂടെ.
സാംസ്കാരിക സാമൂഹികതയുടെ ചിത്തത്തിൽ ഇടം നേടിയ ഈ കാവ്യാനുഭവം ദളിതന്റെ ക്ലാസിക് ഭാഷയുടെ ഒരപൂർവ്വ അനുഭവമാണ്. എഴുത്തിന്റെ ക്ലാസികമായ ഭാഷാഭൂപടം ദളിതന്റെ മാറ്റി നിർത്തപ്പെട്ട ഭാഷാപ്രയോഗം കൊണ്ട് വിപുലീകരിച്ച് മനോജ് എഴുത്തിൽ തന്റേതായ ക്ലാസിക് സൃഷ്ടിക്കുക തന്നെ ചെയ്തു.
”കൊത്തിയിളക്കുമ്പോളറിയാം അതിന്റെ മനസ്
അതിരു പോലെ പെട്ടെന്ന് കീഴടങ്ങി
വെട്ടുകല്ല് കീറുമ്പോലെ കടുത്ത്
എല്ലിനെടയിലെ എറച്ചിയുടെ രുചി
നമ്മുടെ ആധുനീക നവോദ്ധാന വ്യവഹാരങ്ങളുടെ ഭാഷാ നിഘണ്ടുക്കൾ അപൂർണ്ണമാണെന്ന് ഇത്തരം കാവ്യഘടനകൾ ഓർമ്മിപ്പിക്കുന്നു. കാണുന്നീലൊരക്ഷരവും ‘ എന്ന സമാഹാരത്തിൽ ഒരു തെരുവ് ചിത്രകാരനെ പോലെയാണ് കവി പെരുമാറുന്നത്. സാമൂഹിക സമ്പ്രദായങ്ങളിൽ അവഗണിക്കപ്പെട്ടതും ഇരുണ്ടതുമായ ചരിത്ര വസ്തുതകൾ കിട്ടാവുന്നിടത്തോളം മനോജ് തന്റെ കവിതയിലേക്ക് കൊണ്ട് വന്നിട്ടുണ്ട്. കീഴാള ബാല്യത്തിന്റെ ഓർമ്മയുടെ നെരിപ്പോടിൽ നിന്നും ഒരു പുതു ഭാഷാ നിഘണ്ടുവാണ് കവിതയിലേക്ക് വന്നത്.ഭാഷയുടെ മാനകമായ ഉച്ചാരണവ്യവസ്ഥ തെറ്റിച്ചും നാടോടി ഗോത്ര നാഭീനാള ബന്ധങ്ങളെ കവിതയിലേക്ക് സ്വരൂപിച്ചും സമകാലീക കവിതയുടെ ശബ്ദ ഘടനയെത്തന്നെ പൊളിച്ചെഴുതി എം ബി മനോജ് തന്റെ പാവേ പാവേ പോകവേണ്ട എന്ന കവിതാ സമാഹാരത്തിലൂടെ.
ബ്രേക്കിങ് ന്യൂസുകൾ മാത്രം അറിയാൻ പഠിപ്പിക്കുന്ന നമ്മുടെ കോളനീകൃത വിദ്യാവ്യവസ്ഥയോടുള്ള വിമർശനം മിക്ക കവിതകളിലും കാണാം. ശാസനങ്ങൾ , പരസ്യങ്ങൾ , തെറികൾ , താക്കീതുകൾ , എന്നിവയൊക്കെ നാടൻ മട്ടിൽ കവിതകളിലേക്ക് പ്രവേശിക്കുന്നു. പവേ പാവേ പോകവേണ്ട എന്ന കവിത സമാഹാരത്തിൽ ആവുത്തുങ്ങള് , ഉയരെയുയരെ , നീന്തും തോണികൾ , ജലം വേട്ടയാടിയ ദിനം വരും , അപ്പോൾ ആത്മഹത്യ ഏതുത്തരത്തിന്റെ ചോദ്യമാണ് തുടങ്ങിയ 50 ൽ പരം കവിതകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
കാലിക്കറ് സർവ്വകലാശാല മലയാള – കേരളപഠന വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസറാണ് കവി എം. ബി മനോജ്. 2009 ലെ കനകശ്രീ അവാർഡ് നേടിയ മനോജ് ഇടുക്കി സ്വദേശിയാണ്. മനോജിന്റെ കൂട്ടാന്തതയുടെ എഴുപതു വർഷങ്ങൾ , കാണുന്നീലോരക്ഷരവും , എന്നീ കൃതികൾ ഡി സി ബുക്സ് നേരത്തെ പ്രസിദ്ധീകരിച്ചിട്ടുണ്ട്.