സ്ത്രൈണാനുഭവങ്ങളിലൂടെ തീണ്ടാത്ത കന്യാവനങ്ങളിലൂടെ ആസ്വാദകനെ കൂട്ടിക്കൊണ്ടു പോവുകയും മനുഷ്യാവസ്ഥയുടെ ജൈവപ്രകൃതി പകർന്നു നൽകുകയും ചെയ്യുന്ന മാധവിക്കുട്ടിയുടെ എട്ടു നോവെല്ലകൾ -രുഗ്മിണിക്കൊരു പാവക്കുട്ടി , അവസാനത്തെ അതിഥി , രോഹിണി , ചന്ദനമരങ്ങൾ , കടൽമയൂരം ,മനോമി , രാത്രിയുടെ പദവിന്യാസം , ആട്ടുകട്ടിൽ എന്നീ നോവെല്ലകൾ ആദ്യമായി ഒരുമിച്ചു സമാഹരിക്കപ്പെടുന്ന പുസ്തകം – മാധവിക്കുട്ടിയുടെ നോവെല്ലകൾ.
സ്ത്രീ ശരീരത്തത്തെയും സ്ത്രീ ജീവിതത്തെയും തുറന്നെഴുതി സത്യങ്ങളെ മറ്റാരും പറയാത്ത തലങ്ങളിലേക്ക് ആവിഷ്കരിക്കുകയാണ് മാധവിക്കുട്ടി. പലവേഷങ്ങളിൽ മാറാനും ആ മനോവികാരങ്ങളെ സൂക്ഷ്മമായി ആവാഹിച്ചെടുത്ത് ഭാഷയിലൂടെ പ്രതിഫലിപ്പിക്കുന്ന ആ രചനാശൈലിയുടെ ആരാധകരല്ലാത്തവർ ആരുമില്ല.
തീവ്ര വികാരങ്ങള്‍ നിറഞ്ഞതായിരുന്നു അവരുടെ കഥകള്‍. പ്രണയത്തിനു വേണ്ടിയുള്ള അടങ്ങാത്ത ദാഹമാണ് മാധവിക്കുട്ടിയുടെ നോവലുകളിലും കഥകളിലും ഏറ്റവുമധികം പ്രതിഫലിക്കുന്നത്. സ്‌ത്രൈണഭാവങ്ങളുടെ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു ലോകത്തേക്കാണ് മാധവിക്കുട്ടിയുടെ നോവെല്ലകള്‍ എന്ന കൃതിയിലൂടെ എഴുത്തുകാരി നമ്മെ കൊണ്ടുപോകുന്നത്.
സമൂഹത്തിലെ വ്യത്യസ്ത തലങ്ങളിലുള്ള സ്ത്രീകളാണ് മാധവിക്കുട്ടിയുടെ നോവെല്ലകളിലെ പ്രധാന കഥാപാത്രങ്ങള്‍. സ്‌നേഹത്തിനായി കൊതിക്കുന്ന പെണ്‍മനസ്സുകള്‍ക്കൊപ്പം അത് നഷ്ടമാകുമെന്ന് തോന്നിയ അവസരത്തില്‍ കുറ്റകൃത്യത്തിലേക്ക് തിരിയാന്‍ പോലും അവര്‍ മടി കാണിക്കുന്നില്ല. അവസാനത്തെ അതിഥി, രാത്രിയുടെ പദവിന്യാസം എന്നീ നോവലുകളില്‍ ഇത് സംഭവിക്കുന്നു.
വേശ്യാ ഗൃഹത്തിലെത്തുന്ന പതിമൂന്നുകാരിയുടെ കഥയാണ് രുഗ്മിണിക്കൊരു പാവക്കുട്ടി. അവള്‍ക്കവിടെ കൂട്ടിന് പതിനഞ്ചുകാരി സീതയും, കളികള്‍ക്കിടയിലെ ചെറിയ ശിക്ഷയായാണ് അവര്‍ തങ്ങളുടെ വേഴ്ചകളെ കാണുന്നത്.
‘ഇപ്പോള്‍ വേണ്ട, ആയി’ രുഗ്മിണി ചെറിയശാഠ്യം പിടിച്ചു. ‘ഞങ്ങളിവിടെ നല്ല തമാശ കളിച്ചു കൊണ്ടിരിക്കുകയാണ്. ഇന്നലെ വാങ്ങി തന്ന ഈ പാവക്കുട്ടിക്ക്, നമ്മുടെ പാവക്കുട്ടിയെ ഞങ്ങള്‍ വിവാഹം കഴിച്ചുകൊടുക്കാന്‍ പോവുകയായിരുന്നു. മീരയെന്നും കൃഷ്ണനെന്നും ഞങ്ങള്‍ ഇവര്‍ക്ക് പേരിട്ടിരിക്കുകയാണ്.
പേടിപ്പെടുത്തുന്ന മുഖമുള്ള ആ ഇന്‍സ്‌പെക്ടറോട് പോകാന്‍ പറ.. ആയി…’ആയി കുനിഞ്ഞ് അവളുടെ ചെവി പിടിച്ചു തിരുമ്മി, ‘ഇവിടെ നിന്നും ഇപ്പം എഴുന്നേല്‍ക്കണം’ അവര്‍ ശാസിച്ചു. ‘ഇന്‍സ്‌പെക്ടര്‍ സാഹിബിനെപ്പോലൊരാളിനെ നിനക്ക് എങ്ങനെ അപ്രീതിപ്പെടുത്താന്‍ തോന്നി? നിന്നെ അദ്ദേഹത്തിന് വേണമെന്ന് തോന്നിയാല്‍ നീ പോയി അദ്ദേഹത്തെ സന്തോഷിപ്പിക്കണം. നീ വന്നു വന്ന് അനുസരണക്കേടും കാണിച്ചു തുടങ്ങിയോ? ‘ശരി ആയി’. നിലത്തു നിന്നും മെല്ലെ എഴുന്നേറ്റ ആ പെണ്‍കുട്ടി സമ്മതം മൂളി. സീതേ നീ ഇവിടെ തന്നെ ഇരുന്നോ. ഞാനിതാ വരുന്നു. എന്നിട്ട് പാവകളുടെ വിവാഹം നടത്താം.’
കളികളെ തടസ്സപ്പെടുത്തുന്ന ഇടവേളകളായി മാത്രം ഇതിനെ കാണാന്‍ കഴിയുന്നത്ര ചെറിയ കുട്ടികള്‍. വളരെവ്യത്യസ്തമായ സ്ത്രീയനുഭവങ്ങള്‍ ഇവയിലുണ്ട്. സ്വന്തം ഇച്ഛക്കനുസരിച്ച് നീങ്ങുന്ന സ്ത്രീ കഥാപാത്രങ്ങളെയാണ് മാധവിക്കുട്ടി സൃഷ്ടിച്ചത്. മറ്റുള്ളവരുടെ കണ്ണില്‍ അവരുടെ പ്രവൃത്തികള്‍ അപരാധമാവാം. പക്ഷെ മാധവിക്കുട്ടി പറയുന്നു. ‘ആത്മാവിന്റെ നൈസര്‍ഗ്ഗികമായ ആര്‍ജ്ജവത്തെ ആ വരികളില്‍ തൊട്ടറിയാം’ എന്ന്.
കല്ല്യാണിക്കുട്ടിയുടെയും ഡോ. ഷീലയുടെയും തീവ്രമായ ആത്മബന്ധമാണ് ചന്ദനമരങ്ങളില്‍ ഉയര്‍ന്നു നില്‍ക്കുന്നത്. തന്റെ വൈവാഹിക ജീവിതം പൊട്ടിച്ചെറിയുന്ന കല്ല്യാണിക്കുട്ടിക്ക് വേണ്ടത് ഷീലയുടെ സാമീപ്യമായിരുന്നു. ഷീലയുടെയും കല്ല്യാണിക്കുട്ടിയുടെയും ജീവിതം വേറിട്ട വഴികളില്‍ സഞ്ചരിക്കുമ്പോഴും സ്വവര്‍ഗ്ഗാനുരാഗത്തിന്റെ അലയടികള്‍ അവരുടെ ജീവിതത്തിലുണ്ടാവുന്നുണ്ട്. കല്ല്യാണിക്കുട്ടി അത് അംഗീകരിക്കുകയും ഷീല തുറന്നു സമ്മതിക്കാതിരിക്കുകയും ചെയ്യുന്നു എന്ന വ്യത്യാസം മാത്രമാണ് അവര്‍ക്കിടയിലുള്ളത്. ശ്രീലങ്കയില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് പറിച്ച നടപ്പെട്ട പെണ്‍കുട്ടിയുടെ കഥയാണ് മനോമി.
മലയാളത്തിലും ഇംഗ്ലീഷിലും നിരവധി കൃതികള്‍ രചിച്ച മാധവിക്കുട്ടിക്ക് ഏഷ്യന്‍ പോയട്രി പ്രൈസ്, കെന്റ് അവാര്‍ഡ്, ആശാന്‍ വേള്‍ഡ് പ്രൈസ്, കേരള സാഹിത്യ അക്കാദമി ചെറുകഥാ അവാര്‍ഡ്, വയലാര്‍ അവാര്‍ഡ്, എഴുത്തച്ഛന്‍ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. എന്റെ കഥ, മാനസി, ഒറ്റയടിപ്പാത, ഭയം എന്റെ നിശാവസ്ത്രം, മാധവിക്കുട്ടിയുടെ കഥകള്‍ സമ്പൂര്‍ണ്ണം, ഡയറിക്കുറിപ്പുകള്‍, കമലദാസിന്റെ തിരഞ്ഞെടുത്ത കവിതകള്‍ തുടങ്ങി മുപ്പതോളം കൃതികള്‍ ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
മാധവിക്കുട്ടിയുടെ പ്രിയ വായനക്കാർക്കായി ഡി സി ബുക്‌സിന്റെ ഏറ്റവും പുതിയ പ്രസിദ്ധീകരണമാണ് മാധവിക്കുട്ടിയുടെ നോവെല്ലകൾ