വലിപ്പത്തിലും ഭാരത്തിലും വിലയിലും എല്ലാം മുന്നില്‍ നില്‍ക്കുന്ന ലോകത്തെ ഏറ്റവും വലിയ ഗ്രന്ഥം റംസാന്‍ മാസാചരണത്തിന്റെ ഭാഗമായി പ്രദര്‍ശിപ്പിക്കുന്നു. യുഎഇയിലാണ് ‘ഇതാണ് മുഹമ്മദ്’ എന്ന ബൃഹദ് ഗ്രന്ഥം പ്രദര്‍ശിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി അബുദാബി അല്‍വാദാ മാളിലും പ്രദര്‍ശനം സംഘടിപ്പിച്ചിട്ടുണ്ട്. ഒരുമാസക്കാലമാണ് പുസ്തകം ഇവിടെ ഉണ്ടാവുക.
ഇസ്ലാം മതം ഉദ്‌ഘോഷിക്കുന്ന സഹിഷ്ണുതയും ദാനധര്‍മശീലവും ജനങ്ങളെ ബോധ്യപ്പെടുത്താനാണ് ഈ അത്യപൂര്‍വ പ്രദര്‍ശനമെന്ന് ഗ്രന്ഥത്തിന്റെ ഉടമയും മഷാഹാദ് ഇന്റര്‍ നാഷണല്‍ ഗ്രൂപ്പ് ചെയര്‍മാനുമായ സയിദ് അല്‍ അവാതക്കി വ്യക്തമാക്കി.
1500 കിലോ ഭാരമുള്ള അറബി ഭാഷയിലെ ഈ പുസ്തകത്തിന്റെ നീളം 8.06 മീറ്ററും വീതി 5 മീറ്ററുമാണ്. പക്ഷേ 431 പേജുകളേയുള്ളു. 20 കോടി രൂപയാണ് മതിപ്പുവിലയെങ്കിലും നൂറോ അതിലധികമോ കോടി നല്‍കി ഈ പുസ്തകം സ്വന്തമാക്കാന്‍ അനേകം അറബി സൂപ്പര്‍ കോടീശ്വരന്മാര്‍ മുന്നോട്ടുവന്നിട്ടുണ്ടെന്ന് അല്‍വാ ദാ മാള്‍ അധികൃതര്‍ അറിയച്ചു. ഗിന്നസ് ബുക്കില്‍ കയറിപ്പറ്റിയ ആദ്യപുസ്തകമാണിത്. ഭീകരത നടമാടുന്ന കാലത്ത് സഹിഷ്ണുത സന്ദേശം ചൊരിയുന്ന ഈ ഗ്രന്ഥം അറബിനാടുകളിലെങ്ങും പ്രദര്‍ശിപ്പിക്കുമെന്ന് അല്‍വാക്കി പറഞ്ഞു. 15 ഇസ്ലാമിക പണ്ഡിതരും മുന്നൂറു തൊഴിലാളികളും നാലു വര്‍ഷം പണിയെടുത്താണ് ഈ ഗ്രന്ഥഭീമനെ ഒരു യാഥാര്‍ഥ്യമാക്കിയത്. ആയിരക്കണക്കിനാളുകള്‍ ഗ്രന്ഥലോകത്തെ ഈ വിസ്മയം കാണാന്‍ അല്‍വാദാ മാളിലെത്തുന്നുണ്ട്.