കഥകളി വേദിയിലെ നിത്യഹരിത നായകന്‍ കലാമണ്ഡലം ഗോപി എണ്‍പതിന്റെ നിറവില്‍. കളിവിളക്കിന് മുന്നില്‍ ധര്‍മ്മസങ്കടങ്ങളുടെ വികാരക്കടല്‍ കണ്ണിലാവാഹിച്ച് കലാമണ്ഡലം ഗോപിയുടെ യുധിഷ്ഠിരന്‍. പാഞ്ചാലിയായി കലാമണ്ഡലം വാസുദേവന്‍. സഹപ്രവര്‍ത്തകരും ശിഷ്യരും ആരാധകരും അടങ്ങുന്ന സദസ്സിനു മുന്നില്‍ എണ്‍പതാം പിറന്നാള്‍ ആഘോഷ വേളയില്‍ ഗോപിയാശാന്‍ ധര്‍മ്മപുത്രരായി നിറഞ്ഞാടി.
നടനകലയുടെ ആചാര്യന് ആശംസകളുമായി കലാ – സാഹിത്യലോകം സംഗമിക്കുന്നു. ഹരിതം എന്ന് പേരിട്ടിട്ടുള്ള അശീതി ആഘോഷങ്ങള്‍ക്ക് ഇന്നലെ തൃശൂരില്‍ തുടക്കമായി. നാലുദിവസങ്ങളിലായി നടക്കുന്ന ആഘോഷങ്ങളില്‍ എം.ടി. വാസുദേവന്‍ നായര്‍, ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍, മോഹന്‍ലാല്‍, ധനഞ്ജയന്‍, ശാന്ത ധനഞ്ജയന്‍, നെടുമുടി വേണു തുടങ്ങിയവര്‍ പങ്കെടുക്കും.
ഗോപിയാശാന്റെ 80-ാം പിറന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായാണ് അദ്ദേഹം കിര്‍മീരവധ’ത്തിലെ ധര്‍മരാജനായി റീജണല്‍ തീയറ്ററിലെ അരങ്ങിലെത്തിയത്. ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ അനുഗ്രഹം വാങ്ങിയായിരുന്നു രംഗപ്രവേശം. പെരുവനം കുട്ടന്‍മാരാരുടെയും പെരുവനം ഹരിദാസിന്റെയും മണിയാംപറമ്പില്‍ മണിനായരുടെയും കേളികൊട്ടോടെ പിറന്നാളാഘോഷപരിപാടികള്‍ക്കു തുടക്കം കുറിച്ചു.
സമുദ്രത്തിന് തുല്യം സമുദ്രം മാത്രം. നടനകലയില്‍ ഗോപിയാശാന് തുല്യം ഗോപിയാശാന്‍ മാത്രം. ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ വാക്കുകള്‍ക്കു മുന്നിൽ പ്രണാമമർപ്പിക്കാൻ മലയാളക്കര നാലുദിവസങ്ങളിലായി ഈ കളിവിളക്കിന് മുന്നിലെത്തും.
ഇന്നലെ നടന്ന സമാരംഭ സദസ്സില്‍ ആര്‍ട്ടിസ്റ്റ് നമ്പൂതിരി ഭദ്രദീപം തെളിയിച്ചു. മേയര്‍ അജിതാ ജയരാജ്, സമാരംഭ പ്രഖ്യാപനം നടത്തി. ഇന്ന് രാവിലെ നടക്കുന്ന ചടങ്ങില്‍ എം.ടി. വാസുദേവന്‍ നായര്‍ ബഹുമതി സമര്‍പ്പിക്കും. കലാമണ്ഡലം ഗോപി രചിച്ച നളചരിതപ്രഭാവം എന്ന കൃതിയുടെ പ്രകാശനവും നടക്കും.
ശനിയാഴ്ച നടക്കുന്ന സമാദരണ സഭയില്‍ മോഹന്‍ലാല്‍ പങ്കെടുക്കും. ഞായറാഴ്ച നടക്കുന്ന സൗഹൃദ സംഗമത്തില്‍ രമേശ് ചെന്നിത്തല, ഒ.രാജഗോപാല്‍ എന്നിവരും മന്ത്രിമാരും ജനപ്രതിനിധികളും പങ്കെടുക്കും. കേരള കലാമണ്ഡലത്തിലെ കലാകാരന്മാര്‍ അവതരിപ്പിക്കുന്ന കഥകളി അവതരണം നാലു ദിവസങ്ങളിലും നടക്കും