”കടത്തനാട് കോവിലകമിപ്പോൾ ആയഞ്ചേരി കോവിലകം എടവത്ത് കോവിലകം എന്നീ രണ്ട് താവഴികളായി പിരിഞ്ഞിരിക്കുകയാണ്. തച്ചോളി തറവാടിന്റെ താവഴികൾ ഇപ്പോഴുമുണ്ട്. തച്ചോളി ഒതേനന്റെ ഏറ്റവും പ്രിയപ്പെട്ട ആരാധനാ മൂർത്തിയായ കാവിലമ്മയുടെ ലോകനാർക്കാവും . തച്ചോളി മാണിക്കോത്ത് ക്ഷേത്രവും , ഉറുമീന്റവിട ക്ഷേത്രവും , കേയിമാരുടെ പിതാമഹനായ മൂസ്സാക്ക പണിത തലശ്ശേരിയിലെ ‘ഓടത്തിൽ പള്ളിയും’ മയ്യഴി സെന്റ് തെരേസ്സാസ് പള്ളിയും , വിവിധ മതവിശ്വാസ്സികളുടെ പ്രാർത്ഥനാലയങ്ങളായി , പൈതൃക സ്മാരകങ്ങളായി ഇവിടെ നിൽക്കുന്നു.
1954 നവംബർ ഒന്നിന് മയ്യഴിയിൽ ഫ്രഞ്ച് ഭരണത്തിന് അന്ത്യമായി. ഫ്രഞ്ച് അധീനപ്രദേശങ്ങൾ ഇന്ത്യാ ഗവൺമെന്റിന് കൈമാറിക്കൊണ്ട് ഭൂരിഭാഗം ഫ്രഞ്ചുകാരും സ്വരാജ്യത്തേക്ക് മടങ്ങിയെങ്കിലും ഏതാനും ഫ്രഞ്ച് കുടുംബങ്ങൾ ഇപ്പോഴും മയ്യഴിയിൽ ഉണ്ട്. മയ്യഴിക്കാരുടെ പ്രിയപ്പെട്ട മയ്യഴി മാതാവിന്റെ തിരുസന്നിധിയിൽ പ്രാർഥിക്കാൻ അവിടത്തെ സർവ്വ മതക്കാരും എത്താറുണ്ട്.”
മയ്യഴിപ്പുഴയ്ക്കും കോരപ്പുഴയ്ക്കുമിടയിലാണ് കടത്തനാടിന്റെ സ്ഥാനം. പതിനേഴാം നൂറ്റാണ്ടിന്റെ മധ്യഘട്ടത്തിൽ കടത്തനാടിന്റെ സ്ഥാനമായ മയ്യഴിയിൽ ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യ കമ്പനിയും സമീപ പ്രദേശമായ തലശ്ശേരിയിൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയും ആധിപത്യം സ്ഥാപിച്ച് സുഗന്ധ വ്യഞ്ജനങ്ങളുടെ കച്ചവട കുത്തക കൈക്കലാക്കാൻ മത്സരിക്കുന്നു. കടത്തനാട്ട് കോവിലകത്തിന്റെയും അന്നത്തെ സാമൂഹ്യ വ്യവസ്ഥിതിയുടെയും പശ്ചാത്തലത്തിൽ രചിക്കപ്പെട്ട ചരിത്രേതിഹാസമാണ് അനുരാധയുടെ ‘കടത്തനാടിന്റെ ഓർമ്മചിത്രങ്ങൾ’ എന്ന നോവൽ. പോയ്മറഞ്ഞ ഒരു കാലത്തിന്റെ സാമൂഹ്യാന്തരീക്ഷവും നാട്ടാചാരങ്ങളും ദുരാചാരങ്ങൾക്കെതിരായ പോരാട്ടങ്ങളും ഈ നോവലിനെ ശ്രദ്ധേയമാക്കുന്നു.
കോലത്തുനാടിനും സാമൂതിരി ദേശത്തിനും മദ്ധ്യേ സ്ഥിതിചെയ്യുന്ന നാട് എന്നതിനാലാണ് മയ്യഴിപ്പുഴയ്ക്കും കോരപ്പുഴയ്ക്കും ഇടയിലുള്ള പ്രദേശത്തിന് കടത്തനാട് എന്ന പേര് വന്നത്. കുരുമുളകും ഏലവും സമൃദ്ധമായി വിളഞ്ഞിരുന്ന കടത്തനാടിന്റെ ഭാഗമായ മയ്യഴിയിൽ ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയും സമീപ പ്രദേശമായ തലശ്ശേരി ആസ്ഥാനമാക്കി ബ്രിട്ടീഷ് ഈസ്റ്റ്ഇന്ത്യ കമ്പനിയും സുഗന്ധവ്യഞ്ജനങ്ങളുടെ കച്ചവടകുത്തക സ്വന്തമാക്കാൻ അന്യോന്യം മത്സരിക്കുന്ന 1740 – 41 കാലത്തെ സംഭവവികാസങ്ങളാണ് ഈ നോവലിന്റെ ചരിത്ര പശ്ചാത്തലം. കാലപ്രവാഹത്തിൽ തമസ്കരിക്കപ്പെട്ടുപോയ അക്കാലത്തെ സാമൂഹ്യാന്തരീക്ഷവും നാട്ടാചാരങ്ങളും സംസ്കൃതിയും ‘കടത്തനാടിന്റെ ഓർമ്മചിത്രങ്ങളിലൂടെ‘ പുനർജ്ജനിക്കുകയാണിവിടെ.
ഡി സി ബുക്സ് പ്രസിദ്ധീകരിച്ച കറുത്ത പൊന്നിന്റെ കഥ (നോവൽ ) , ‘കോട്ടക്കൊച്ചിയും കടലും സാക്ഷി , ‘കടത്തനാടിന്റെ ഓർമ്മചിത്രങ്ങൾ’ എന്നീ കൃതികൾക്കു പുറമെ അപരാജിത , അഗ്നിശലഭങ്ങൾ (കഥകൾ ) , വാടാത്ത പൂക്കൾ , ഉണർത്തുപാട്ട് , എല്ലാം ഓർമ്മകൾ , സ്വയം ചിറകുവിരിയും കാലം , അമ്മമനസ്സ് , നിശബ്ദ കലാപങ്ങൾ എന്നിവയും അനുരാധയുടെ രചനകളാണ്. ‘കടത്തനാടിന്റെ ഓർമ്മചിത്രങ്ങൾ’ എന്ന പുസ്തകത്തിന്റെ ആദ്യ പതിപ്പാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്.