ഇങ്ങനെ പരിഷ്‌കരിക്കുന്നതു ശരിയാണോ? എന്ന് എന്നോട് പലരും ചോദിക്കുകയുണ്ടായി. അതേക്കുറിച്ച് ലോകനിലവാരത്തില്‍ എന്തെങ്കിലും നിയമങ്ങളുണ്ടോഎന്നൊന്നും എനിക്കറിയില്ല. ഉണ്ടെങ്കില്‍ തന്നെ ആ നിയമം തിരുത്തുന്ന ആദ്യത്തെയാള്‍ ഞാനാണെങ്കില്‍ അങ്ങനെയാവട്ടെ എന്നായിരുന്നു എന്റെ തീരുമാനം.
ലൈംഗികത്തൊഴിലാളികളോടുള്ള സര്‍ക്കാരിന്റെ സമീപനത്തിലും മാറ്റം വരുത്താന്‍ ഒരു പരിധി വരെ സഹായിച്ച, കേരളത്തിനകത്തും പുറത്തും ഏറെ ചര്‍ച്ചചെയ്യപ്പെട്ട നളിനിജമീലയുടെ ആത്മകഥയാണ് ഞാന്‍ ഞാന്‍ ലൈംഗികത്തൊഴിലാളി. 2005ല്‍ ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ജമീലയുടെ ആത്മകഥ കേരളത്തില്‍ ഒട്ടേറെ ചര്‍ച്ചകള്‍ക്കും വിവാദ പ്രസ്താവനകള്‍ക്കും വഴിയൊരുക്കിയിരുന്നു. ഇതിന്റെ 13,000കോപ്പികളാണ് അന്ന് വിറ്റഴിഞ്ഞത്. പുസ്തകത്തെ അനുകൂലിച്ചും പ്രതികൂലിച്ചും രൂക്ഷമായി വിമര്‍ശിച്ചും കൊണ്ടുള്ള ലേഖന പരമ്പരകള്‍വരെ മലയാളം ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ വന്നിരുന്നു. ആത്മകഥ ആറോളം ഭാഷകളില്‍ ഇറങ്ങി. കന്നഡത്തില്‍ ഇറങ്ങിയ ബുക്ക് അന്ന് കേന്ദ്രമന്ത്രിയായിരുന്നു വീരപ്പ മൊയിലി ആയിരുന്നു പുറത്തിറക്കിയത്. തമിഴില്‍ നടന്‍ നാസര്‍ ആണ് പുറത്തിറക്കിയത്. മലയാളത്തില്‍ പക്ഷേ ആ ചടങ്ങില്‍ പങ്കെടുക്കാന്‍ പലര്‍ക്കും മടിയായിരുന്നു. പുനത്തില്‍ കുഞ്ഞബ്ദുള്ള വന്നു, അദ്ദേഹം മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനായൊരു മനുഷ്യനാണ് എന്നു ജമീല രേഖപ്പെടുത്തുന്നുണ്ട്. പുസ്തകത്തിന്റെ പതിനാലാമത് പതിപ്പാണ് പുറത്തുള്ളത്.
തന്റെ 24ആം വയസ്സില്‍ ഭര്‍ത്താവ് മരിച്ചതില്‍ പിന്നെ തന്റെ കുടുംബം പുലര്‍ത്താനാണ് ലൈംഗിക തൊഴിലാളി ആയതെന്ന് നളിനി പറയുന്നു. ‘എനിക്ക് 51 വയസ്സുണ്ട്, ഞാന്‍ ഒരു ലൈംഗിക തൊഴിലാളി ആയി തുടരാന്‍ ആഗ്രഹിക്കുന്നു’ എന്നാണ് നളിനിയുടെ ആത്മകഥ തുടങ്ങുന്നത്. ഐ. ഗോപിനാഥ് എന്ന സാമൂഹിക പ്രവര്‍ത്തകന്റെ സഹായത്തോടെ ആണ് ഈ പുസ്തകം രചിച്ചത്. ലൈംഗിക തൊഴിലാളികളോടും അവരുടെ ഉപഭോക്താക്കളോടുമുള്ള സമൂഹത്തിന്റെ ഇരട്ടത്താപ്പുനയം ലൈംഗിക തൊഴിലാളികളെ വെറുക്കുകയും എന്നാല്‍ ഉപഭോക്താക്കളോട് മൃദുവായ സമീപനം സ്വീകരിക്കുകയും ചെയ്യുന്നത് നളിനിജമീല ശക്തമായി വിമര്‍ശിക്കുകയും ലൈംഗിക തൊഴിലാളികള്‍ സമൂഹത്തിന് ഒരു സേവനമാണ് ചെയ്യുന്നതെന്നും നളിനി പറയുന്നു.
പുസ്തകം പുറത്തിറങ്ങിയതിനുശേഷം നളിനിജമീലയെ കുറച്ചധികം കാലം പുറത്തേക്കുകണ്ടില്ല. ചെന്നൈയിലും മറ്റുമായി അവര്‍ പലതൊഴിലുകള്‍ ചെയ്ത് കഴിഞ്ഞുകൂടുകയായിരുന്നുവെന്നും, ഒരേയൊരുമകളുടെ ഭര്‍ത്താവും അവരെ ജീവിക്കാന്‍ അനുവദിച്ചിരുന്നില്ലെന്നൊക്കെ ഡി സി ബുക്‌സിന്റെ മെയ് ലക്കംപച്ചക്കുതിരയ്ക്കുനല്‍കിയ അഭിമുഖത്തില്‍ അവര്‍ പറയുകയുണ്ടായി.
ഇന്ന് ഇന്ത്യയില്‍ നടക്കുന്ന ലൈംഗികവ്യാപാരത്തെക്കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചും വ്യക്തമായ ധാരണയും അഭിപ്രായവുമുള്ളയാളാണ് ജമീല. നിരവധി അഭിമുഖങ്ങളില്‍ ഇത് തുറന്നു പറയാനുള്ള ധൈര്യം ജമിലക്കുണ്ടായി. ജമീല ഇപ്പോള്‍ അഞ്ച് സര്‍ക്കാരിതര സംഘടകളുടെ(എന്‍ജിഒ) ഉന്നത സമിതിയില്‍ അംഗമാണ്.