സ്വാതന്ത്ര്യസമര ചരിത്രം സമഗ്രമായി പ്രതിപാദിക്കുന്ന ഒട്ടേറെ കൃതികള്‍ രചനകളായും വിവര്‍ത്തനങ്ങളായും മലയാളത്തിലുണ്ട്. അവയില്‍, പ്രതിപാദനത്തിന്റെ സവിശേഷതകൊണ്ട് വ്യത്യസ്തത പുലര്‍ത്തുന്ന കൃതിയാണ് കെ. തായാട്ടിന്റൈ നാം ചങ്ങല പൊട്ടിച്ച കഥ‘. കുട്ടികള്‍ക്കായി രചിക്കപ്പെട്ട ഈ കൃതിയില്‍ സ്വാതന്ത്ര്യസമര ചരിത്രം അടുക്കും ചിട്ടയോടുംകൂടി കഥപറയുന്ന ശൈലിയല്‍ ലളിതമായി അവതരിപ്പിച്ചിരിക്കുന്നു. സാമാന്യം ദീര്‍ഘമായ ഈ ചരിത്രകഥാഖ്യാനത്തില്‍ പ്രാധാന്യം അര്‍ഹിക്കുന്ന ഒരു സംഭവവും ‘ഒഴിവാക്കിയിട്ടില്ല’ എന്നതിനാല്‍ സമഗ്രമായ സ്വാതന്ത്ര്യസമര വിവരണമാണ് കൃതി നല്‍കുന്നത്. കേരളത്തിലെ കുട്ടികള്‍ക്ക് നമ്മുടെ സ്വാതന്ത്ര്യസമരത്തില്‍ താത്പര്യം ഉണര്‍ത്തുന്നതിനാണ് കെ.തായാട്ട് ഈ ഗ്രന്ഥം രചിച്ചിട്ടുള്ളത്.
ഒന്നാം സ്വാതന്ത്ര്യസമരമെന്ന് അറിയപ്പെടുന്ന 1857ലെ സായുധകലാപം മുതല്‍ 1947ലെ അധികാരക്കൈമാറ്റം വരെ 90 വര്‍ഷം നടന്ന വ്യത്യസ്ത സമരധാരകളാണ് ഇന്ത്യന്‍ സ്വാതന്ത്ര്യസമരം എന്ന് പറയുന്നത്. എന്നാല്‍, ഈ കൃതിയില്‍ 1757ലെ പ്ലാസിയുദ്ധം തൊട്ടുള്ള കാര്യങ്ങള്‍ പരാമര്‍ശിക്കപ്പെടുന്നുണ്ട്. ഒട്ടുമിക്ക സ്വാതന്ത്ര്യസമര ചരിത്രങ്ങളും വടക്കേ ഇന്ത്യയില്‍ നടന്ന സംഭവങ്ങള്‍ക്കുമാത്രമാണ് പ്രാധാന്യം നല്‍കിയിട്ടുള്ളത്. കേരളമെന്നൊരു ഭൂപ്രദേശം ഉണ്ടെന്നും അവിടെയും ധീരരക്തസാക്ഷികളായ സമരനായകരുണ്ടായിരുന്നെന്നും മനസ്സിലാക്കാന്‍ ആ രചനകള്‍ ഉപകരിക്കില്ല. ഇന്ന് സി.ബി.എസ്.ഇ പദ്ധതിയില്‍ പഠനം നടത്തുന്ന വിദ്യാര്‍ഥികള്‍ക്കും കേരളത്തില്‍ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി നടന്ന പോരാട്ടങ്ങള്‍ അപരിചിതമാണ്. എന്നാല്‍, തായാട്ടിന്റെ ഈ കൃതിയില്‍ വേലുത്തമ്പി ദളവയുടെയും പഴശ്ശിരാജയുടെയും സാഹസിക പ്രവൃത്തികളടക്കം സ്വാതന്ത്ര്യം ലക്ഷ്യമാക്കി കേരളത്തില്‍ നടന്ന സംഭവങ്ങളെല്ലാം കഥാപാത്രത്തില്‍ ഇണക്കിച്ചേര്‍ത്തിട്ടുണ്ട്.
രാജാറാം മോഹന്‍ റായ്, രാമകൃഷ്ണ പരമഹംസന്‍, വിവേകാനന്ദന്‍, ദാദാബായ് നവറോജി, ഗോപാലകൃഷ്ണ ഗോഖലെ, ബാലഗംഗാധര തിലകന്‍, അരവിന്ദഘോഷ്, മഹാത്മാഗാന്ധി, ആനി ബസന്റ്, ഭഗത്സിങ്, രാജഗുരു, സുഖ്‌ദേവ്, ജവഹര്‍ലാല്‍ നെഹ്‌റു, അംബേദ്കര്‍, സുഭാഷ് ചന്ദ്രബോസ്, അബുള്‍കലാം ആസാദ് തുടങ്ങിയ മഹത് വ്യക്തികളെല്ലാം തായാട്ടിന്റെ ഈ പുസ്തകത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ഒന്നാം സ്വാതന്ത്ര്യസമരം (1857), ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ രൂപവത്കരണം (1885), പ്ലോഗ്ബാധ (1896), ബംഗാള്‍ വിഭജനം (1905), ഒന്നാം ലോകയുദ്ധം (1914-18), ജാലിയന്‍വാലാബാഗ് കൂട്ടക്കൊല (1919), സൈമണ്‍ കമീഷന്‍ (1927), ഉപ്പുസത്യഗ്രഹം (1927), വട്ടമേശ സമ്മേളനങ്ങള്‍ (193032), ഗാന്ധിജിയുടെ കേരള സന്ദര്‍ശനം (1925), വൈക്കം സത്യഗ്രഹം (1924), രണ്ടാം ലോകയുദ്ധം (1939-45), ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭം (1942), ബോംബെയിലെ നാവിക കലാപം (1946), അര്‍ധരാത്രിയിലെ സ്വാതന്ത്ര്യപ്രാപ്തി (1947) തുടങ്ങി സ്വാതന്ത്ര്യ സമരവീഥിയിലെ നാഴികക്കല്ലുകളിലൊന്നുപോലും ഗ്രന്ഥകര്‍ത്താവ് വിട്ടുകളഞ്ഞിട്ടില്ല.
നാം ചങ്ങല പൊട്ടിച്ച കഥ ബാലസാഹിത്യശാഖയിലാണ് ഉള്‍പ്പെടുന്നതെങ്കിലും ഇന്ത്യാ ചരിത്രത്തില്‍ തല്‍പരരായ മുതിര്‍ന്നവര്‍ക്കും ഉത്തമപഠനസഹായിയാണ് എന്നതില്‍ സംശയംവേണ്ട.
സാഹിത്യകാരനും, നാടകനടനും, നാടകകൃത്തുമായിരുന്നു തായാട്ട് കുഞ്ഞനന്തന്‍ എന്ന കെ.തായാട്ട്. ഒരു സ്‌കൂള്‍ അധ്യാപകന്‍ കൂടിയായിരുന്ന ഇദ്ദേഹത്തിന് സാഹിത്യമേഖലയിലെ വിവിധ പുരസ്‌കാരങ്ങള്‍ക്ക് പുറമേ മികച്ച അധ്യാപകര്‍ക്കുള്ള കേന്ദ്രസംസ്ഥാന അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്. 1986 ആഗസ്റ്റ് 15ന് പുറത്തിറങ്ങിയ ഈ ഗ്രന്ഥത്തിന്റെ ഡി സി ബി പതിപ്പ് ഇറങ്ങുന്നത് 2012 ലാണ്. വര്‍ഷങ്ങള്‍ക്കുശേഷം രണ്ടാമത് ഡി സി ബി പതിപ്പ്പു റത്തിറങ്ങിയിരിക്കുകയാണിപ്പോള്‍.
ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച കെ തായാട്ടിന്റെ മറ്റ് കൃതികള്‍