വാക്കുകള്‍ മാത്രമല്ല ചിത്രങ്ങളും കഥ പറയുമെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് കൊപ്രച്ചേവ് എന്ന ഗ്രാഫിക് നോവലിലൂടെ ജോഷി ബെനഡിക്ട്. ‘കൊപ്രച്ചേവ്’ എന്നാല്‍ തേങ്ങ ഉണക്കി കൊപ്രയാക്കി മാറ്റുന്ന സ്ഥലം എന്നാണ് അര്‍ത്ഥം. ശൗരിച്ചേട്ടന്റെയും ഷാജിയുടെയും കഥയാണ് കൊപ്രച്ചേവിലൂടെ ജോഷി പറഞ്ഞുവയ്ക്കുന്നത്. ഇതിലെ മറ്റൊരു പ്രധാനകഥാപാത്രമാണ് കൊപ്രച്ചേവ്.
കൊപ്രച്ചേവിനെ കുറിച്ച് ചിത്രകാരന്റെ വാക്കുകളിലൂടെ പറഞ്ഞാല്‍ ‘കാട്ടുകല്ല് വെച്ച് പടപടവ് ചെയ്ത ഓടിട്ട ഒറ്റമുറി. അകത്ത് ഒരാള്‍പ്പൊക്കത്തില്‍ കവുങ്ങിന്റെ അലക് അടിച്ച തട്ട് ഉണ്ടാവും. ഇതാണ് കൊപ്രച്ചേവ്. നാളികേരം വെട്ടി ചേവിന്റെ തട്ടില് അടുക്കി,താഴെ തറയില് പാകത്തിന് ചിരട്ട നിരത്തി കത്തിച്ച് തീച്ചൂട് കൊള്ളിച്ചാല് നാല് അഞ്ച് ദിവസങ്ങള കൊണ്ട് നാളികേരം കൊപ്ര ആയിക്കിട്ടും.
സുഹൃത്തുക്കളായ ശൗരിച്ചേട്ടന്റെയും ഷാജിയുടെയും സൗഹൃദം തകരുന്നു, തുടര്‍ന്ന് ശൗരിച്ചേട്ടന്‍ പ്രതികാരദാഹിയായി കൊപ്രച്ചേവിന് തീയിടുന്നു. കൊപ്രച്ചേവ് തുടങ്ങുന്നത് ഇങ്ങനെയാണ്. കാത്തുകിടപ്പ് എന്ന ആദ്യ അധ്യായത്തില് കൊപ്രച്ചേവ് കത്തിച്ചു നശിപ്പിക്കാനായി പ്രവര്‍ത്തിക്കുന്ന ശൗരിച്ചെട്ടനെ നമുക്ക് കാണാം. അവിടെ നിന്നു പിറകോട്ടുള്ള നോട്ടമാണ് തുടര്‍ന്നുള്ള അധ്യായങ്ങള്‍. ഗ്രാഫിക് നോവല്‍ എന്ന നിലയില്‍ പറ്റുന്നത്ര എഴുത്ത് കുറച്ച് ചിത്രങ്ങളിലൂടെ കഥ പറയാനാണ് ശ്രമിച്ചിട്ടുള്ളത്. ഓരോ ചിത്രങ്ങളും കണ്ട് കണ്ട് മുന്നോട്ട് പോകാനുള്ള അഭ്യര്‍ത്ഥനയുമുണ്ട്.
ശൗരിച്ചേട്ടനും ഷാജിയുമാണ് പ്രധാന കഥാപാത്രങ്ങള്‍. ഇവര്‍ സുഹൃത്തുക്കളാകുന്നത്, കൊപ്രച്ചേവ് തുടങ്ങുന്നത്, ഇരുവരും തമ്മിലുള്ള സൗഹൃദം തകരുന്നത്. ശൗരിച്ചേട്ടന്‍ പ്രതികാരദാഹിയായി കൊപ്രച്ചേവിന് തീയിടുന്നത്. ഇവയെല്ലാം ചിത്രങ്ങളിലൂടെ നമുക്ക് വായിച്ചെടുക്കാവുന്നതാണ്.
തൃശ്ശൂര്‍ ഫൈന്‍ ആര്‍ട്‌സ് കേളജില്‍ നിന്ന് ചിത്രകല പഠിച്ചിറങ്ങി ജോഷി ബെനഡിക്ട് അറിയപ്പെടുന്ന ഒരു ക്രിയേറ്റീവ് ഡയറക്ടറാണ്. കൊപ്രച്ചേവ് ഇദ്ദേഹത്തിന്റെ രണ്ടാമത്തെ ഗ്രാഫിക് നോവലാണ്. 2015ല്‍ പ്രസിദ്ധീകരിച്ച പന്നിമലത്ത് ആണ് ആദ്യ ഗ്രാഫിക് നോവല്‍. 113 പേജിലായാണ് പന്നിമലത്ത് വരച്ചിട്ടിട്ടുള്ളത്. നാട്ടുവര്‍ത്തമാനംപോലെ സുന്ദരമായ ഒരു നാട്ടിന്‍പുറജീവിതമാണ് ഇതിവൃത്തം. മലയാള മനോരമ, ടെക്‌നോപാര്‍ക്കിലുള്ള ടൂണ്‍സ് അനിമേഷന്‍, വൈഗ അനിമേഷന്‍, മൈന്‍ഡ് സ്‌കൈ ഡിസൈന്‍ ലാബ് എന്നീ സ്ഥാപനങ്ങള്‍ക്കുവേണ്ടിയും ജോഷി പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഗ്രാഫിക് നോവലിന്റെ വരവ്
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദംമുതല്‍ പ്രചാരത്തിലുള്ള കോമിക് പുസ്തകങ്ങള്‍ക്ക് എണ്‍പതുകളുടെ ആദ്യം അമേരിക്കയില്‍നിന്നാണ് ഗ്രാഫിക് നോവല്‍ എന്ന പേര് ലഭിച്ചത്. കോമിക് പുസ്തകങ്ങളിലേതിനേക്കാള്‍ നീണ്ട കഥപറച്ചില്‍ നടത്തിയതുകൊണ്ടാകണം അത്. മലയാളത്തിന്റെ ചുവയില്ലാത്ത ആ കോമിക് പുസ്തകങ്ങളിലൂടെയാണ് ഗ്രാഫിക് കഥകള്‍ നാം ആദ്യം പരിചയിച്ചത്. സൂപ്പര്‍മാനും മാന്ത്രികനായ മാന്‍ഡ്രേക്കും ഫാന്റവുമൊക്കെ ഉറഞ്ഞാടിയ കോമിക് പുസ്തകങ്ങള്‍ പഴയ കുട്ടിക്കാലങ്ങളെ അതിശയിപ്പിച്ചു. അതിമാനുഷവേഷങ്ങള്‍ക്കു പിന്നാലെ വന്ന പുരാണഇതിഹാസപാത്ര ചിത്രകഥകളും ആദ്യകാല നേരംപോക്കുകള്‍ക്ക് നിറംപകര്‍ന്നു. ടെലിവിഷനും കംപ്യൂട്ടറും മൊബൈലും പ്രചാരത്തിലായതോടെയാണ് ചലനചിത്രങ്ങളില്ലാതെ കഥപറയുന്ന ഗ്രാഫിക് കഥാപുസ്തകങ്ങളുടെ പ്രചാരമിടിഞ്ഞത്. എങ്കിലും സാങ്കേതികവിദ്യയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തിയും കഥപറച്ചിലില്‍ പുതിയ ഭാവതലങ്ങള്‍ കാഴ്ചവച്ചും പുത്തന്‍ ആസ്വാദനലോകം തുറന്നിട്ട് മുന്നേറുകതന്നെയാണ് തലമുറകളെ ത്രസിപ്പിച്ച ചിത്ര കഥാഖ്യാന ശാഖ.
പടിഞ്ഞാറന്‍ ബംഗാളുകാരന്‍ സാരാനാഥ് ബാനര്‍ജി വരച്ചെഴുതിയ 2004 ല്‍ പെന്‍ഗ്വിന്‍ ബുക്‌സിലൂടെ പുറത്തുവന്ന ‘കോറിഡോര്‍’ ആണ് ഇന്ത്യയിലെ ലക്ഷണമൊത്ത ഗ്രാഫിക് നോവല്‍. അതിനും പത്തുവര്‍ഷംമുമ്പ് വിവാദ നര്‍മദ അണക്കെട്ട് വിഷയമാക്കി ഓര്‍ജിത് സെന്‍ ‘റിവര്‍ ഓഫ് സ്‌റ്റോറീസ്’ എന്ന ഗ്രാഫിക് കഥയുണ്ടാക്കിയതായി അവകാശപ്പെടുന്നുണ്ടെങ്കിലും റെക്കോഡ് കോറിഡോറിനൊപ്പമായി. കാര്‍ട്ടൂണിസ്റ്റ് ഉണ്ണിയും അരവിന്ദനുമൊക്കെ മലയാളത്തില്‍ വരച്ചെഴുതിയത് കോറിഡോറിനും വളരെ മുമ്പായിരുന്നെങ്കിലും കഥയെഴുത്തല്ലാതിരുന്നതിനാലാകാം ഗ്രാഫിക് നോവലിന്റെ ഗണത്തില്‍പ്പെടാതിരുന്നത്.
2012ല്‍ കെ പി മുരളീധരന്‍ രചിച്ച പത്മരാജന്റെ ‘തകര’യും, ബഷീറിന്റെ ‘പ്രേമലേഖന’വുമാണ് മലയാളത്തില്‍ ഗ്രാഫിക് നോവല്‍ എന്ന പ്രസ്ഥാനത്തിന് ഇടം നല്‍കിയത്. പിന്നീട് ജോഷി ബെനഡിക്ടിന്റ ‘പന്നിമലത്ത്’ മലയാളത്തില്‍ ഗ്രാഫിക് നോവല്‍ പ്രസ്ഥാനത്തിന് പുതിയ ഭാവുകത്വം സമ്മാനിച്ചു.