പക്ഷികളെ നമുക്കെല്ലാം ഇഷ്ടമാണ്. ഒരിക്കലെങ്കിലും അവയെ നോക്കി നിന്നിട്ടില്ലാത്ത മനുഷ്യര്‍ ഈ ഭൂമിയില്‍ ഉണ്ടാവില്ല. നമ്മുടെ കണ്ണും കാതും കുളിര്‍പ്പിക്കുന്നതോടൊപ്പം പരിസ്ഥിതിയുടെ ആരോഗ്യത്തിന്റെ സൂചകങ്ങള്‍ കൂടിയാണ് ഇവ. കീടനാശിനികളുടെ അപകടങ്ങളെപ്പറ്റി നാം അറിയുന്നത് പക്ഷികളിലൂടെയാണ്. പക്ഷികളെപ്പറ്റിയുള്ള കണ്ടെത്തലുകള്‍ ഏറെയും നടത്തിയിട്ടുള്ളത് സ്വതഃസിദ്ധമായ താത്പര്യം മൂലം പക്ഷിനിരീക്ഷണം നടത്തുന്നവരാണ്. ചെറുപ്പം മുതലേ ഇവര്‍ നടത്തുന്ന നിരീക്ഷണങ്ങളില്‍ നിന്നുള്ള അനുഭവസമ്പത്ത് പ്രകൃതിയാകുന്ന പുസ്തകത്തില്‍നിന്നും മാത്രം കിട്ടുന്നതാണ്. ഈ അനുഭവങ്ങളുടെ ഒരു പങ്കുവയ്ക്കലാണ് ദൈവത്തിന്റെ സ്വന്തം പക്ഷികള്‍ എന്ന പുസ്തകം. വീട്ടമ്മയായ ഷിബി മോസസ്സാണ് ഈ ഗ്രന്ഥം തയ്യാറാക്കിയിരിക്കുന്നത്.
സ്വന്തം അനുഭവങ്ങളെയും അറിവുകളെയും വളരെ മനോഹരമായി അവതരിപ്പിച്ചിരിക്കുകയാണ് ഇതില്‍. ദൂരയാത്ര നടത്തിയോ, മറ്റ് പക്ഷി നിരീക്ഷകരുമായുള്ള സഹവര്‍ത്തിത്വത്തിലൂടെയോ അല്ല ഷിബി മോസസ്സ് ഈ അറിവ് നേടിയിരിക്കുന്നത്. മറിച്ച് ദീര്‍ഘകാലം വീടിനു ചുറ്റും നിരീക്ഷണങ്ങള്‍ നടത്തിയും പുസ്തകങ്ങള്‍വായിച്ചും മാത്രമാണ് ഈ അറിവുകള്‍ നേടിയിട്ടുള്ളത്. വിവിധതരം പക്ഷികള്‍, അവയുെട ശാസ്ത്രീയനാമം, പ്രാദേശികനാമങ്ങള്‍, ജീവിതരീതിഎന്നിവയെല്ലാം ഈ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. അതുകൊണ്ടുതന്നെ ഈ പക്ഷിപുസ്തകം പക്ഷിനിരീക്ഷകര്‍ക്കു മാത്രമല്ല സാധാരണക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും കൂടി പ്രയോജനപ്രദമാകും എന്ന് ഉറപ്പാണ്.
എണ്ണായിരത്തില്‍പ്പരം ഗണങ്ങളില്‍പ്പെട്ട പക്ഷികള്‍ ഈ ലോകത്തുണ്ട്. ഇതില്‍ ആയിരത്തിഇരുനൂറു ഗണത്തിലുള്ള പക്ഷികളെ ഭാരതത്തില്‍ കാണാം. നമ്മുടെ നാട്ടിലെ കാലാവസ്ഥയും ഭൂപ്രകൃതിയും പക്ഷികളുടെ ജീവിതത്തിന് അനുകൂലമായതിനാലാണ് ഇത്രയധികം പക്ഷികളെ ഇവിടെ കാണാന്‍ സാധിക്കുന്നത്. അതുകൊണ്ടുതന്നെ ധാരാളം പക്ഷികള്‍ ദേശാടകരായി നമ്മുടെ നാട്ടിലെത്താറുണ്ട്. പ്രകൃതിയുടെ മാറ്റമനുസരിച്ച് മൈലുകള്‍ താണ്ടി ദേശാന്തരഗമനം നടത്തുന്നത് പക്ഷികള്‍ മാത്രമല്ല; ഇത്തിരിക്കുഞ്ഞന്മാരായ തുമ്പികള്‍വരെ അതിലുള്‍പ്പെടുന്നു. നോക്കെത്താദൂരത്ത് പരന്നുകിടക്കുന്ന കടലിനു മുകളില്‍ക്കൂടി കൊച്ചുതുമ്പികള്‍ വിശ്രമിക്കാതെ പറന്ന് ദേശാടനം നടത്താറുണ്ടന്നു കേള്‍ക്കുന്നത് നമുക്ക് വിശ്വസിക്കാന്‍ കഴിയാത്ത കാര്യമാണ്. എന്നാലും വിശ്വസിക്കാതെ തരമില്ല. കാരണം, അതു സത്യമാണ്. എന്തിനാണ് ഈ ജീവികളൊക്കെ ഇങ്ങനെ ദേശാടനം നടത്തുന്നതെന്ന് ഒരു നിമിഷം നമുക്ക് ചിന്തിച്ചുനോക്കാം.തണുപ്പുകാലം തുടങ്ങുമ്പോഴാണ് ജീവികള്‍ പ്രധാനമായും ദേശാടനം നടത്തുന്നത്. കാശ്മീര്‍ താഴ്‌വരകളില്‍ മഞ്ഞുവീഴാന്‍ തുടങ്ങുമ്പോള്‍ പല പക്ഷികളും നമ്മുടെ നാട്ടില്‍ വിരുന്നിനെത്തും. മൂന്നാലുമാസം ഇവിടെ താമസിച്ച് സ്വന്തം നാട്ടില്‍ തിരിച്ചെത്തുമ്പോഴേക്കും അവിടെ മഞ്ഞു മാറി നല്ല കാലാവസ്ഥയാകും. പിന്നീട് കൂടൊക്കെക്കെട്ടി കുഞ്ഞു വിരിഞ്ഞിറങ്ങി അവ അല്പം വലുതാവുമ്പോഴേക്കും കാലാവസ്ഥയില്‍ മാറ്റം സംഭവിക്കുന്നതിനാല്‍ വീണ്ടും ദേശാടനം നടത്തേണ്ടതായിവരുന്നു. ഇതിന് ഉത്തമ ഉദാഹരണമാണ് നാകമോഹന്‍ എന്ന പക്ഷി. വിദേശരാജ്യങ്ങളില്‍നിന്നും ധാരാളം പക്ഷികള്‍ ദേശാടകരായി കേരളത്തിലും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും വരാറുണ്ട്. ചില പക്ഷികള്‍ കൂടുകെട്ടുവാനും കുഞ്ഞുവിരിയിക്കാനുമാണ് ഇങ്ങനെ ദേശാടനം നടത്തുന്നത്.
പക്ഷികളുടെ വീടുകള്‍ക്കുമുണ്ട് പ്രത്യേകതകള്‍ ധാരാളം. തറയിലും പുല്‍ക്കൂട്ടങ്ങളിലും മാളങ്ങളിലും മരക്കൊമ്പുകളിലുമൊക്ക കൂടുകള്‍ കെട്ടുന്നു. വലിയ കൊറ്റികള്‍മുതല്‍ ചെറിയ ഇത്തിള്‍ക്കണ്ണിക്കുരുവികള്‍വരെ മരത്തില്‍ കൂടുകെട്ടുന്നു. എന്നാല്‍ നീര്‍ത്തടങ്ങളുമായി ബന്ധമുള്ള നീലക്കോഴി, താമരക്കോഴി, ചിലയിനം കാട്ടുതാറാവുകള്‍ മുതലായ പക്ഷികള്‍ പുല്‍ക്കൂട്ടങ്ങളിലാണ് കൂടുകെട്ടുന്നത്. തത്ത, മീന്‍കൊത്തി മുതലായ പക്ഷികള്‍ മാളങ്ങളില്‍ കൂടുകെട്ടുന്നു. പെന്‍ഗ്വിന്‍ എന്ന പക്ഷി സ്വന്തം കാലുകളില്‍ മുട്ടവെച്ച് തൂവലുകള്‍കൊണ്ട് മൂടിയാണ് വിരിയിച്ചെടുക്കുന്നത്. പക്ഷേ, ഫെയറിപെന്‍ഗ്വിന്‍ കടല്‍ത്തീരത്തിനോടടുത്തു കാണുന്ന കരിങ്കല്‍ പാളികള്‍ക്കിടയിലുള്ള ഗുഹയില്‍ ചുള്ളിക്കമ്പുകള്‍ കൂട്ടിവെച്ച് കൂടുണ്ടാക്കി മുട്ടയിട്ട് കുഞ്ഞു വിരിയിക്കുന്നു.
ഇത്രയുമൊക്കെ പക്ഷികളെക്കുറിച്ചറിഞ്ഞുകഴിഞ്ഞപ്പോള്‍ ഇവയെ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ എന്ന് ഒരു നിമിഷം നിങ്ങള്‍ ചിന്തിച്ചുപോയില്ലേ? പക്ഷിനിരീക്ഷണം വളരെ രസകരമായ ഒരു വിനോദമാണ്. സമയം കിട്ടുമ്പോഴെല്ലാം വീട്ടിലിരുന്നുതന്നെ ചുറ്റുവട്ടത്തുള്ള പക്ഷികളെ നിരീക്ഷിക്കാനാകും. സെപ്റ്റംബര്‍മുതല്‍ ദേശാടകരായ പക്ഷികളെയും നമ്മുടെ വീട്ടുവളപ്പില്‍ കാണാനാവും. ഇവയെ നിരീക്ഷിച്ചാല്‍തന്നെ നല്ലൊരു ശതമാനം പക്ഷികളെക്കുറിച്ച് നമുക്ക് പഠിക്കാനാവും. മനസ്സിനും ശരീരത്തിനും ഒരുപോലെ ഉന്മേഷം തരുന്ന അല്പംപോലും ചെലവില്ലാത്ത ഒരു വിനോദമാണ് പക്ഷിനിരീക്ഷണം. ദൈവത്തിന്റെ സ്വന്തം പക്ഷികള്‍ മികച്ചൊരു വഴികാട്ടിയായിരിക്കും.