വാമൊഴി, ബോധം, ശില്പം എന്നിവയിലൂടെ പഴന്തലമുറകള്‍ കൈമാറിയ പാരിസ്ഥിതികവിവേകത്തെ ഇന്ന് നാം ‘സംസ്കാരപ്പൊലിമകള്‍’ എന്നുവിളിക്കുന്നു.
സാംസ്‌കാരികപൈതൃകം/മാതൃകം, ബൗദ്ധികസ്വത്താവകാശം, തൊട്ടറിയാപൈതൃകങ്ങള്‍ , ഭൗമസൂചകങ്ങള്‍, നാട്ടറിവുകള്‍ എന്നിങ്ങനെ ആഴത്തില്‍ കിടക്കുന്ന സംസ്‌കാരത്തിന്റെ ഈടുറ്റതാവഴികള്‍ അതിജീവനത്തിനുവേണ്ടി പോരാടുന്ന ജനതയുടെ ലോകവീക്ഷണത്തിലൂടെ അവതരിപ്പിക്കുകയാണ് ഈ സംവാദത്തിലൂടെ ചെയ്യുന്നത്. ഇവിടെ മ്യൂസിയത്തിലല്ല അറിവടയാളങ്ങള്‍ കണ്ടെത്തുന്നത്, മലമണ്ണിലും വയല്‍മണ്ണിലുമാണ്. അഭിജാത മേല്‍ക്കോയ്മകള്‍ ഗ്രന്ഥവരികളില്‍ കുറിച്ച ചരിത്രത്തിനപ്പുറം ജനകലാചരിത്രമുണ്ടെന്നു സാക്ഷ്യപ്പെടുത്തുകയാണ്. തിരുമുറ്റങ്ങളിലാണ് പണിത്തരങ്ങള്‍ നിറയുന്നത്.
ദേശി സൗന്ദര്യബോധത്തിലൂടെയാണ് പ്രതിരോധകലാചരിത്രം കളിത്തട്ടിലെത്തുന്നത്. ഇവിടെ ദേശംകണ്ണാടി നോക്കുകയാണ്. സാന്നിദ്ധ്യം തിരിച്ചറിയുകയാണ്. മുഖത്തെഴുത്തിനും അണേലത്തിനുംശേഷം തെയ്യം ‘കണ്ണാടിനോക്കുക’ എന്ന ചടങ്ങുണ്ട്. അപ്പോഴാണ് ദേവതയുടെ പൂര്‍ണരൂപം തെളിയുന്നത്. കൊളോണിയല്‍ ആന്ത്രോപോളജിയുടെ ഒരു ചിഹ്നമാണ് കണ്ണാടി. ആമസോണിലും മറ്റും വെള്ളക്കാരന്‍ വന്നപ്പോള്‍ കണ്ണാടിമന്ത്രവാദം കാണിച്ചാണ് പിപ്പിടികാട്ടിയത്. കേരളത്തിലെ ലോഹക്കണ്ണാടി അവരെ അത്ഭുതപ്പെടുത്തി. കണ്ണാടി നമ്മുടേതാണ്. ഇവിടെ ദേശം ഉള്‍ക്കാഴ്ച്ച ‘നോക്കിക്കാണുക’യാണ്.
കേരളത്തിന്റെ സാംസ്‌കാരികപ്പൊലിമകളെയും മാതൃകകളെയും കണ്ടെത്താനുള്ള ശ്രമമാണ്
‘കേരള സംസ്കാരപ്പൊലിമകള്‍’ എന്ന പുസ്തകം. മണ്‍മറഞ്ഞുകൊണ്ടിരിക്കുന്ന കൈവേലാപൈതൃകങ്ങളെ അടയാളപ്പെടുത്തുകയും സമകാലിക പുനര്‍ജനിയിലേക്കു നയിക്കുകയും ചെയ്യുന്ന പഠനം. ഡോ .സി.ആര്‍ രാജഗോപാലന്‍ രചിച്ച ഈ ഗ്രന്ഥം കേരളസംസ്‌കാരത്തിന്റെ ഈടുറ്റതാവഴികള്‍ നമ്മുക്കു പകര്‍ന്നുതരുന്നു.