മനുഷ്യൻ എണ്ണിത്തുടങ്ങിയതെപ്പോൾ ? പൂജ്യം വന്ന വഴിയേത് ? അഴകിന് അളവുണ്ടോ ? ലീലാവതിയെ കണക്കു പഠിപ്പിച്ചതെങ്ങിനെ ? ക്രിസ്തു ജനിച്ചത് ക്രിസ്തുവിന് മുൻപോ ? തുടങ്ങിയ നിരവധി ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നു പി ടി തോമസ് എഴുതിയ കണക്കിനെ പേടിക്കണ്ട എന്ന പുസ്തകം. കണക്ക് പലർക്കും ഒരു പേടി സ്വപ്നമാണ്.എന്നാൽ ജീവിതത്തിന്റെ എല്ലാ തുറകളിലും ഇവർ കണക്ക് സമർത്ഥമായി കൈകാര്യം ചെയ്യുന്നവരാണെന്നുള്ള കാര്യം അവർ അറിയുന്നില്ല.
ശാസ്ത്രത്തിന്റെ എല്ലാ മേഖലകളിലും ആധിപത്യമുറപ്പിച്ചിരിക്കുന്നതു കൊണ്ട് കണക്കിനെ ശാസ്ത്രത്തിന്റെ റാണി എന്നാണ് വിളിക്കുന്നത്. മനുഷ്യൻ എണ്ണാൻ തുടങ്ങിയപ്പോഴാണ് കണക്ക് എന്ന വിഷയം ജനിച്ചത്.പതിനായിരക്കണക്കിന് വർഷങ്ങളായി മനുഷ്യൻ നേടിയ പുരോഗതിയുടെ ഫലമായി ഗണിതശാസ്ത്രം വളരെ മുന്നേറി.
പാതിരി പറഞ്ഞ കഥ , ഒന്ന് , രണ്ട് , ഒരുപാട് , പിരമിഡിന്റെ ഉയരം ,അറിയുന്നതിൽ നിന്ന് അറിയാത്തതിലേക്ക് തുടങ്ങിയ അധ്യായങ്ങൾ കണക്കിന്റെ അടിസ്ഥാന തത്വങ്ങളെ വിശദീകരിക്കുന്നു. കൂടാതെ ഗണിതം വിനോദത്തിലൂടെ , ചില കുസൃതിക്കണക്കുകൾ , എല്ലാം മായ , അകവും പുറവും , കണ്ടു വിശ്വസിക്കുക , തുടങ്ങിയ അദ്ധ്യായങ്ങൾ കണക്കിന്റെ വിസ്മയ ലോകത്തിലേക്ക് വായനക്കാരെ നയിക്കുന്നതോടൊപ്പം കണക്കിനോടുള്ള പേടി അവസാനിപ്പിക്കുകയും ചെയ്യുന്നു.
വിനോദവും , കുസൃതിക്കണക്കുകളും ഉൾപ്പെടെ നിരവധി രസകരങ്ങളായ പ്രശ്നങ്ങളും കണക്കിനെ പേടിക്കണ്ട എന്ന പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
അധ്യാപകനായി വിരമിച്ച പി ടി തോമസ് ശാസ്ത്ര സംബന്ധിയായ നിരവധി ലേഖനങ്ങളും ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. വീട്ടിലൊരു ലാബറട്ടറി , മധുരിക്കുന്ന മാത്തമാറ്റിക്സ് , അവിശ്വസിക്കേണ്ട വിശ്വാസങ്ങൾ , ജീവനുള്ള ഉപകരണങ്ങൾ , അമ്പരപ്പിക്കുന്ന ശാസ്ത്രം , ശാസ്ത്രം നിത്യജീവിതത്തിൽ , നന്മയുടെ തീരങ്ങളിൽ എന്നിവ അവയിൽ ചിലതാണ്.