ബാലസാഹിത്യ കൃതികളിൽ ഏറ്റവും പ്രശസ്തമായ ‘ഹൈദി’ യിലൂടെ നന്മ ചൊരിയുന്ന ഒരു പെൺകുട്ടിയും ആം അപ്പൂപ്പനും പീറ്ററും ക്ലാരയും മഞ്ഞുമൂടിയ പർവ്വതനിരയും ആട്ടിൻകൂട്ടങ്ങളും നിറഞ്ഞ ഊഷ്മളമായ ഒരു അന്തരീക്ഷം ജോഹന്ന സ്പൈറി ഒരുക്കുന്നു. കുട്ടികൾക്കും കുട്ടികളെ സ്നേഹിക്കുന്നവർക്കും വേണ്ടി എഴുതപ്പെട്ട ഈ നോവൽ പ്രായഭേദമന്യേ വായനക്കാരുടെ മനസിനെ കീഴടക്കുന്നു. ആഖ്യാന ഭംഗിയിലും കഥാപാത്ര അവതരണത്തിലും മികച്ചു നിൽക്കുന്ന ഈ നോവൽ നിരവധി തവണ ചിത്ര പുസ്തകത്തിൽ വരികയും അഭ്രപാളികളിൽ ചലനം സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്.
കുട്ടികൾക്കും കുട്ടികളെ സ്നേഹിക്കുന്നവർക്കും വേണ്ടി എന്ന ഉപശീർഷകത്തോടെയാണ് ജോഹന്ന സ്പൈറി തന്റെ ബാലസാഹിത്യകൃതികളിൽ ഏറ്റവും പ്രശസ്തമായ ‘ഹൈദി’ എഴുതിയത്. ഹൈദി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഈ നോവലിന്റെ മുഴുവൻ പേര് ‘ഹൈദീസ് ഇയേഴ്സ് ഓഫ് വാണ്ടറിംഗ് ആൻഡ് ലേർണിംഗ് ‘ എന്നാണ്. സ്വയം പ്രകാശിക്കുകയും മറ്റുള്ളവരെ പ്രകാശിപ്പിക്കുകയും ചെയ്യുന്ന ഹൈദി എന്ന ബാലികയുടെ ജീവിതകഥയാണ് ജോഹന്ന സ്പൈറി അവതരിപ്പിക്കുന്നത്.
അനാഥയായ ഹൈദിയെ അമ്മായിയാണ് വളർത്തിയത്. അഞ്ചുവയസായപ്പോൾ ഹൈദിയെ അമ്മായി പർവ്വതപ്രദേശത്ത് താമസിക്കുന്ന അപ്പൂപ്പന്റെ അടുത്ത് കൊണ്ടുചെന്നാക്കി. ഒറ്റയ്ക്ക് ജീവിക്കുന്ന അപ്പൂപ്പന് ഹൈദിയുടെ വരവ് ഇഷ്ടപ്പെട്ടില്ലെങ്കിലും താമസിയാതെ അവൾ അപ്പൂപ്പന്റെ ഹൃദയം കീഴടക്കി.അവിടത്തെ ആട്ടിടയ ബാലൻ പീറ്ററുമായും ഹൈദി ചങ്ങാത്തത്തിലായി. മൂന്നു വർഷത്തിന് ശേഷം അമ്മായി ഹൈദിയെ കൂട്ടിക്കൊണ്ടുപോകുന്നു. സ്വിറ്റ്സർലാൻഡിൽ നിന്നും ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ടിലേക്കായിരുന്നു യാത്ര.
അവിടെ ഒരു ധനിക കുടുംബത്തിലെ ക്ലാരയ്ക്കു കൂട്ടായിരുന്നു ഹൈദി. നടക്കാൻ ശേഷിയില്ലാത്തവളായിരുന്നു ക്ലാര. ഒരു വര്ഷം അവിടെ ചെലവഴിച്ച ഹൈദി വീട്ടിലേക്കു പോകാനാ ഗ്രഹിച്ചു. രോഗവും സ്വപ്നാടനവും ഡോക്ടറുടെ നിർദേശ പ്രകാരം ഹൈദിയെ മടക്കിയയച്ചു. അവൾ തിരിച്ചെത്തിയതോടെ അപ്പൂപ്പനും സന്തോഷമാകുന്നു. ഹൈദിയും ക്ലാരയും ആട്ടിടയൻ ബാലനും ഒന്നിക്കുന്നു. തനിയെ നടക്കാൻ പഠിച്ച ക്ലാര ഹൈദിയെ ഏറ്റെടുക്കാൻ തയ്യാറായി. സ്വന്തം ജീവിത കഥ തന്നെയാണ് ജോഹന്ന സ്പൈറി ഭാവനയിൽ കുഴച്ച് അവതരിപ്പിച്ചത്. ആരിലും വേദന സൃഷ്ടിക്കുന്ന ജീവിതമായിരുന്നു സ്പൈറിയുടേത്.
പുസ്തകം മലയാളത്തിലേക്ക് പുനരാഖ്യാനം ചെയ്തിരിക്കുന്നത് എ വി ശ്രീകുമാർ ആണ്. ഡോ. പി കെ രാജശേഖരൻ ആണ് പുസ്തകത്തിന്റെ ജനറൽ എഡിറ്റർ.
സ്വിസ് ബാലസാഹിത്യകാരിയായ ജോഹന്ന സ്പൈറി ജൂൺ 12-നു സ്വിറ്റ്‌സര്‍ലന്‍ഡിലെ സൂറിച്ചിനടുത്തുള്ള ഹിര്‍സെലില്‍ ജനിച്ചു. ജീവിതത്തിലെ പ്രതിബന്ധങ്ങള്‍ക്കിടയില്‍ വന്നുവീണ ഏകാന്തതയില്‍നിന്നു രക്ഷപ്പെടാനാണ്ജോഹന്ന സ്പൈറി എഴുത്തിലേക്കു തിരിഞ്ഞത്. 1871-ല്‍ അവരുടെ ആദ്യകഥ (A Leaf on Vrony’s Grave) അച്ചടിച്ചുവന്നു. ജെ.എസ്. എന്ന പേരിലായിരുന്നു കഥയുടെ പ്രസിദ്ധീകരണം. അതോടെ ജോഹന്ന തുടര്‍ച്ചയായി എഴുതാന്‍ തുടങ്ങി. പ്രധാനമായും കുട്ടികളെ ഉദ്ദേശിച്ചുള്ളവയായിരുന്നു ആ കഥകള്‍. 1880-ല്‍ ‘ഹൈദി‘ പ്രസിദ്ധീകരിച്ചു. സ്‌കൂളില്‍ ഒപ്പം പഠിച്ച അന്ന എലിസ ഫൊണ്‍ സാലിസ്–ഹൂസിലിന്റെ വീട്ടില്‍ ഒരു ഒഴിവുകാലത്ത് കുറച്ചുനാള്‍ താമസിച്ച അനുഭവത്തില്‍നിന്നു പ്രചോദനം നേടിയതാണ് ജോഹന്ന സ്‌പൈറി ‘ഹൈദി‘ രചിച്ചത്. പെട്ടെന്നുതന്നെ അതു ജനപ്രീതിനേടി. 1901 ജൂലൈ 7-ന് ജോഹന്ന സ്പൈറി അന്തരിച്ചു.
‘കോര്‍ണെല്ലി’ , ‘എറിക്കും സാലിയും’ , ‘ഗ്രിറ്റ്‌ലിയുടെ മക്കള്‍’ , ‘മെയ്‌സ്‌ലി: സ്വിസ് താഴ്‌വരകളുടെ കഥ’, വെറോണിക്കയും മറ്റു കൂട്ടുകാരും’തുടങ്ങി ഒട്ടനവധി കൃതികള്‍ ജോഹന്ന സ്പൈറി രചിച്ചിട്ടുണ്ട്.