സര്‍ക്കാര്‍ ജോലി നേടിയെടുക്കുക എന്നത് എല്ലാ ഉദ്യോഗാര്‍ത്ഥികളുടെയും സ്വപ്‌നമാണ്. എന്നാല്‍ കഷ്ടപ്പെട്ട് ജോലിനേടിയാലും അത് സ്ഥിരപ്പെടുന്നതിനും സ്ഥാനക്കയറ്റം ലഭിക്കുന്നതിനും വകുപ്പുതലപരീക്ഷകള്‍ വിജയിച്ചേ മതിയാകൂ.,ഒരോ സ്ഥാനക്കയയറ്റത്തിനും അതിന്റേതായ വകുപ്പുകള്‍ പ്രത്യേകപരീക്ഷകള്‍ നടത്താറുണ്ട്. പ്രൊബേഷന്‍ പൂര്‍ത്തിയാക്കാനും, പ്രൊമോഷനുമായി എല്ലാ ജീവനക്കാരും പാസാവേണ്ട പരീക്ഷകളെ ‘അക്കൗണ്ട് ടെസ്റ്റുകള്‍’ എന്ന ഗണത്തിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ലോവര്‍, ഹയര്‍ എന്നീ വകഭേദങ്ങള്‍ ഈ പരീക്ഷകള്‍ക്കുണ്ട്. കേരള സര്‍വീസ് ചട്ടങ്ങള്‍ (കെ.എസ്.ആര്‍.) കേരള ട്രഷറി കോഡ് (കെ.ടി.സി.) കേരള ഫിനാന്‍ഷ്യല്‍ കോഡ് (കെ.എഫ്.സി.) ഇന്‍ട്രൊഡക്ഷന്‍ ടു ഇന്ത്യന്‍ ഗവണ്‍മെന്റ് അക്കൗണ്ട്‌സ് ആന്റ് ഓഡിറ്റ് എന്നിങ്ങനെ നാല് വിഷയങ്ങളാണ് ഈ വിഭാഗത്തിലുള്ളത്.
പലപ്പോഴും പി.എസ്.സി നടത്തുന്ന പൊതുപരീക്ഷകളേക്കാള്‍ വാശിയേറിയ മത്സരമാണ് ഇത്തരം പരീക്ഷകളില്‍ നടക്കാറുള്ളത്. അതുകൊണ്ടുതന്നെ ചിട്ടയായ പരിശീലനം ഈ രംഗത്തും ആവശ്യമാണ്. അതിബൃഹത്തും, നിരന്തരം പരിഷ്‌കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നതുമായ നിയമാവലികള്‍ ഉള്‍ക്കൊള്ളുന്നതാണ് ഓരോ വകുപ്പിന്റെയും ഭരണസംവിധാനം. അവയില്‍ നിന്ന് പ്രധാനപ്പെട്ടതും നിത്യോപയോഗപ്രദവുമായവ തിരഞ്ഞെടുത്ത് വളരെ ലളിതമായ രീതിയില്‍ വിശകലനം ചെയ്ത് അവതരിപ്പിക്കുകയാണ് കേരള സര്‍വീസ് ചട്ടങ്ങള്‍ എന്ന പുസ്തകം. ഭരണഭാഷ മലയാളമാക്കിയ ഈ സാഹചര്യത്തില്‍ ഏറ്റവും പ്രസക്തിയുള്ള ഒരു സമ്പൂര്‍ണ്ണ പഠനസഹായിയാണ് ഇത്.
ശമ്പളപരിഷ്‌കരണം, ബത്തകളുടെ പരിഷ്‌കരണം, പെന്‍ഷന്‍/കുടുംബപെന്‍ഷന്‍ പരിഷ്‌കരണം, എല്ലാ മേഖലയിലെയും പ്രധാനപ്പെട്ട ഉത്തരവുകള്‍, ഡിപ്പാര്‍ട്ട്‌മെന്റ് പരീക്ഷയുമായി ബന്ധപ്പെട്ട സാമാന്യ വിവരങ്ങള്‍, മുന്‍കാല ചോദ്യപേപ്പറുകള്‍, പൊതുനിയമങ്ങള്‍,നിബന്ധനകള്‍, ചില നിര്‍വചനങ്ങള്‍, തുടങ്ങി നിരവധികാര്യങ്ങള്‍ കേരള സര്‍വീസ് ചട്ടങ്ങില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. സര്‍ക്കാര്‍വകുപ്പുതല പരീക്ഷകള്‍ക്കും ഇതര സര്‍വ്വീസ് കാര്യങ്ങള്‍ സുഗമമായി കൈകാര്യംചെയ്യുന്നതിനും അനുയോജ്യമായ രീതിയില്‍ അവതരിപ്പിക്കുന്ന ഈ പുസ്തകം കേരള സര്‍വ്വീസ് റൂള്‍സിന്റെ സംഗ്രഹവും പ്രായോഗികവുമായിട്ടുള്ള പഠനംകൂടിയാണ്.
കേരള വാട്ടര്‍ അതോറിറ്റി റിട്ടയേര്‍ഡ് അക്കൗണ്ട്‌സ് ഓഫീസര്‍ പി സുദര്‍ശനാണ് കേരള സര്‍വീസ് ചട്ടങ്ങള്‍ തയ്യാറാക്കിയത്. ഇത് അദ്ദേഹത്തിന്റെ ഒന്‍പതാമത്തെ പുസ്തകമാണ്. ഡി സി ബുക്‌സ് ഐറാങ്കില്‍ പ്രസിദ്ധീകരിച്ച പുസ്തകം ഇപ്പോള്‍ പുറത്തിറങ്ങി.