മലയാള കഥാ സാഹിത്യ ചരിത്രത്തിൽ അനിഷേധ്യമായൊരു സ്ഥാനം നേടിയെടുത്ത മലയാറ്റൂർ രാമകൃഷ്ണന്റെ ഏറ്റവും മികച്ച കഥകളുടെ സമാഹാരമാണ് ‘കഥകൾ മലയാറ്റൂർ. ഇത് ഒരേ സമയം അനിശ്ചിതമായ കാലത്തിന്റെയും പ്രശ്ന സങ്കീർണ്ണതകൾ നിറഞ്ഞ മനുഷ്യ ബന്ധങ്ങളുടെയും സമ്മിശ്രമായ കഥന രൂപങ്ങളാകുന്നു. മലയാറ്റൂരിന്റെ ഓരോ കഥയും അനുഭവാവിഷ്കാരത്തിന്റെ വൈവിധ്യം കൊണ്ട് അവിസ്മരണീയമാകുന്നു. 2015 ജൂലൈയിൽ പ്രസിദ്ധീകരിച്ച ‘കഥകൾ മലയാറ്റൂരിന്റെ മൂന്നാം ഡി സി പതിപ്പാണിത്.
നോവല്‍ സാഹിത്യത്തിലും കഥയിലും ചിത്രകലയിലും കാര്‍ട്ടൂണിലും ചലച്ചിത്രത്തിലും ഒരേപോലെ വ്യാപരിച്ച പ്രതിഭയായിരുന്നു മലയാറ്റൂര്‍ രാമകൃഷ്ണന്‍. വേരുകള്‍, യന്ത്രം, യക്ഷി, ആറാം വിരല്‍, ശിരസ്സില്‍ വരച്ചത്, രക്തചന്ദനം തുടങ്ങിയ നോവലുകളിലൂടെയും സര്‍വ്വീസ് സ്‌റ്റോറി- എന്റെ ഐ എ എസ് ദിനങ്ങള്‍, ഓര്‍മ്മകളുടെ ആല്‍ബം തുടങ്ങിയ ഓര്‍മ്മപ്പുസ്തകങ്ങളും മലയാളികൾ ഇരു കയ്യും നീട്ടി സ്വീകരിച്ചവയാണ്. ഏതു കാലത്തെയും ജീവിതാവസ്ഥകളെ ദീർഘവീക്ഷണം ചെയ്തെഴുതിയ മലയാറ്റൂരിന്റെ കഥാ പ്രപഞ്ചത്തിൽ നിന്ന് പ്രശസ്തമായ അനന്തപുരം ക്ലബ്ബിലെ സ്ഥിരാംഗം ബ്രിഗേഡിയര്‍ വിജയന്‍ മേനോന്‍ നായകനായ മലയാറ്റൂരിന്റെ ബ്രിഗേഡിയര്‍ കഥകളൊഴിച്ചുള്ള തിരഞ്ഞെടുത്ത രചനകളാണ് ‘കഥകൾ മലയാറ്റൂരിന്റെ ഉള്ളടക്കം.
വീട്ടാനാകാത്ത കടം, അവസാനം, പന്ത്രണ്ട് പവന്‍, ഇരുപതു മിനിട്ടുകളുടെ കഥ, മരണക്കിണര്‍, നിങ്ങള്‍ക്കിതു സംഭവിക്കാതിരിക്കട്ടെ, മകന്‍, അതിരില്‍ പൂത്തുനിന്ന മരങ്ങള്‍ തുടങ്ങി വിവിധ ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചു വന്ന കാലത്തുതന്നെ അനുവാചകശ്രദ്ധ പിടിച്ചുപറ്റിയ അറുപതോളം കഥകള്‍ ഇതില്‍ സമാഹരിച്ചിരിക്കുന്നു. മലയാറ്റൂരിന്റെ ഭാവനാപ്രപഞ്ചം സൃഷ്ടിച്ച അപരിചിതലോകങ്ങളെ അടുത്തറിയാന്‍ വായനക്കാരെ വിനീതമായി ക്ഷണിക്കുന്ന കൃതിയാണ് ‘കഥകള്‍ മലയാറ്റൂര്‍.
മലയാറ്റൂര്‍ രാമകൃഷ്ണന്‍ 1927 മേയ് 30ന് പാലക്കാട് ജില്ലയിലെ പുതിയ കല്പാത്തിയില്‍ ജനിച്ചു. 1955ല്‍ മട്ടാഞ്ചേരിയില്‍ രണ്ടാം ക്ലാസ് മജിസ്‌ട്രേറ്റായാണ് ഔദ്യോഗികജീവിതം ആരംഭിച്ചത്. 1958ല്‍ ഐഎഎസ് ലഭിച്ചു. സബ് കലക്ടര്‍, കലക്ടര്‍, വകുപ്പ് മേധാവി, ഗവണ്‍മെന്റ് സെക്രട്ടറി, പൊതുമേഖലാ സ്ഥാപനങ്ങളില്‍ ചെയര്‍മാനും എംഡിയും, റവന്യൂ ബോര്‍ഡ് മെമ്പര്‍ എന്നീ നിലകളില്‍ ജോലി നോക്കി. 1981 ഫെബ്രുവരിയില്‍ ഐഎഎസ്സില്‍ നിന്ന് രാജിവച്ചു. ഏഴു വര്‍ഷക്കാലം മലയാറ്റൂര്‍ രാമകൃഷ്ണന്‍ ലളിതകലാ അക്കാദമി ചെയര്‍മാനായിരുന്നു.
മലയാറ്റൂരിന്റെ ഇരുപതിലധികം കൃതികള്‍ ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. വേരുകള്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡും യന്ത്രം വയലാര്‍ അവാര്‍ഡും സാഹിത്യ പ്രവര്‍ത്തക അവാര്‍ഡും നേടിയിട്ടുണ്ട്. 1997 ഡിസംബര്‍ 27ന് അദ്ദേഹം അന്തരിച്ചു.