നവകേരള വാർഷികാഘോഷങ്ങളുടെ ഭാഗമായി സാഹിത്യ പ്രവർത്തക സഹകരണ സംഘം 151 പുസ്തകങ്ങൾ പ്രകാശനം ചെയ്തു. പുസ്തക പ്രകാശനങ്ങളുടെ ഉദ്ഘാടനം വ്യാഴാഴ്ച വൈകീട്ട് 4 : 30 ന് തിരുവനന്തപുരം വിജെടി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ‘കടമ്മനിട്ടയുടെ കൃതികൾ’ എന്ന പുസ്തകം കടമ്മനിട്ടയുടെ ഭാര്യ ശാന്തമ്മയ്ക്ക് നൽകി നിർവ്വഹിച്ചു.
സാഹിത്യ മേഖലയിലും അസഹിഷ്ണുത പെരുകുകയാണ്. എന്ത് എഴുതണം , എന്ത് പറയണമെന്ന് തീരുമാനിക്കാൻ ചിലർക്ക് അവകാശമുണ്ടെന്ന നിലപാടാണ് ചിലർക്കുള്ളത്. അതിനു വിരുദ്ധമായ നിലപാടെടുക്കുന്നവരുടെ ജീവനെടുക്കാനും മടിയില്ല’ പുസ്തകങ്ങളുടെ പ്രകാശനം നിർവ്വഹിച്ചു കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തങ്ങളുടെ നിലപാട് തുറന്നു പറയുന്നതിന്റെ പേരിൽ കൊല ചെയ്യപ്പെടുകയാണ് സ്ഥിതി.കൊലപാതകികൾ തങ്ങൾ എന്തിനാണ് കൊല ചെയ്തതെന്ന് തുറന്നു പറയുന്ന അപകടകരമായ അവസ്ഥയിലേക്ക് രാജ്യത്തെ കൊണ്ടെത്തിക്കുന്നു. ഈ അസഹിഷ്ണുതയ്ക്കെതിരായ ചെറുത്തുനിൽപിന് പുരോഗമന പ്രസ്ഥാനങ്ങളും എഴുത്തുകാരും അണിനിരക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
സഹകരണമന്ത്രി കടകം പള്ളി സുരേന്ദ്രൻ അധ്യക്ഷനായ ചടങ്ങിൽ കെ മുരളീധരൻ എം എൽ എ മുഖ്യപ്രഭാഷണം നടത്തി. രണ്ടു ദിവസത്തെ പുസ്തകമേളയും വി ജെ ടി ഹാളിൽ ആരംഭിച്ചു. കഥ, കവിത , നോവൽ , നിരൂപണം , ശാസ്ത്രം , വൈജ്ഞാനിക സാഹിത്യം , പൊതുവിജ്ഞാനം , യാത്രാവിവരണം , തുടങ്ങിയ സാഹിത്യമേഖലയിലെ പുസ്തകങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.