ഏകധ്രുവലോകമെന്നത് ലോകത്തെ ഏറ്റവും അപകടകരമായ അവസ്ഥാവിശേഷമാണ്. തിരുത്തുവാന്‍ നിയമങ്ങളില്ലെങ്കില്‍ പുണ്യവാളന്മാരും പിശാചുക്കളാകും. ഞങ്ങളുടെ സംശയമാണ് നിങ്ങള്‍ക്കെതിരെയുള്ള ഭീകരമായ കുറ്റമെന്ന അവസ്ഥ നമ്മുടെ ലോകത്തെ ഭരിച്ചു തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ കുറച്ചായി. നിരപരാധികളുടെ ചുടുനിണം വീണ് ഭൂമി വിലപിക്കാന്‍ തുടങ്ങിയിട്ടും കാലം കുറെയായി. ഭീകരവാദി എന്ന പേര് നിങ്ങള്‍ക്ക് ചാര്‍ത്തപ്പെട്ടാല്‍ നിങ്ങള്‍ വീട്ടിലും നാട്ടിലും അന്യരാകുന്നു. സത്യമെന്തെന്ന് അന്വേഷിക്കാന്‍ മെനക്കെടാത്ത സമൂഹം ചോദ്യം ചെയ്യാന്‍ മുതിരുമെന്ന് കരുതുക വയ്യല്ലോ. ചെറുപ്പത്തിലേ വാര്‍ദ്ധക്യത്തിന്റെ കൂട്ടിലടക്കപ്പെടുന്ന സംസ്‌കാരങ്ങള്‍ ഊര്‍ദ്ധശ്വാസം വലിക്കുകയാണ്. ഇതെല്ലം കാണുകയും കേള്‍ക്കുകയും ചെയ്യുന്ന ഒരു എഴുത്തുകാരന് എങ്ങനെയാണ് നിഷ്‌ക്രിയനായിരിക്കാന്‍ കഴിയുക? അവന്റേതായ കര്‍മ്മ മേഖലയിലൂടെ പ്രതികരിക്കാതിരിക്കാനാകുക? നിരപരാധികളുടെ ചോരയില്‍ വരച്ച ആധുനിക ലോകയാഥാര്‍ഥ്യങ്ങളുടെ നേര്‍ചിത്രമാണ് ജുനൈദ് അബൂബക്കര്‍ എഴുതിയ പൊനോന്‍ ഗോംബെ എന്ന ഹൃദയാര്‍ദ്രമായ നോവല്‍.
സോമാലിയയിലുള്ള മൊഗാദിഷുവിലെ മല്‍സ്യബന്ധനത്തൊഴിലാളിയായ സുലൈമാന്‍ മഗീദയില്‍ അനുരക്തനാവുകയും അവളെ വിവാഹം കഴിക്കുകയും ചെയ്യുന്നു. നീലയും പച്ചയും നിറമുള്ള പൊനോന്‍ ഗോംബെ എന്ന മത്സ്യത്തിന്റെ നിറത്തിലുള്ള വിവാഹ വസ്ത്രമാണ് സുലൈമാന്‍ അവള്‍ക്കു നല്‍കിയത്. മഗീദ സുലൈമാന്റെ മാത്രം പൊനോന്‍ ഗോംബെയാവുന്നു. ക്ഷീണത്താല്‍ വിവാഹ രാത്രിയില്‍ ഉറങ്ങിപ്പോയ മഗീദ കാലത്തു വൈകിയെഴുന്നേല്‍ക്കുമ്പോള്‍ കൂടെ കിടന്ന ഭര്‍ത്താവിനെ കാണാനില്ല. അസ്വസ്ഥയായ അവളുടെ അന്വേഷണം നോവല്‍ അവസാനം വരെ തുടരുന്നു. അമേരിക്കന്‍ എംബസ്സി ആക്രമണവുമായി സംശയിക്കപ്പെട്ട് അവനെ വിവാഹരാത്രിയില്‍ തന്നെ പിടിച്ചു കൊണ്ടുപോയി എന്നവള്‍ അറിയുന്നില്ല. സുലൈമാന് സഹിക്കേണ്ടി വന്ന പീഡന പര്‍വ്വങ്ങളെപ്പറ്റിയും അവള്‍ ബോധവതിയല്ല. പക്ഷെ, ഒന്നവള്‍ക്കറിയാം. അവള്‍ സുലൈമാന്റെ മാത്രം പൊനോന്‍ ഗോംബെയാണ്. അവള്‍ അവനെ അന്വേഷിച്ചിറങ്ങും. പീഡനങ്ങളുടെ കൊടുമുടിയുടെ ഉയരങ്ങളിലും വേദനയുടെ താഴ്വാരങ്ങളിലും ഒന്ന് മാത്രം സുലൈമാനും പ്രതീക്ഷയുണ്ട് അവള്‍, അവന്റെ പൊനോന്‍ ഗോംബെ അവനായി മാത്രം കാത്തിരിക്കും. കാലം എന്താണ് അവര്‍ക്കായി കാത്തു വെച്ചീട്ടുള്ളത്? മനുഷ്യത്വമില്ലായ്മയുടെ വന്‍കടല്‍ കടക്കാന്‍ അവര്‍ക്കാകുമോ? പീഡനത്തിന്റെ ക്രൂരതയെയും പ്രണയത്തിന്റെ പ്രതീക്ഷയേയും നന്നായി വരച്ചു കാണിക്കുന്ന നോവലാണ് ജുനൈദ് അബൂബക്കറിന്റെ പൊനോന്‍ ഗോംബെ.
ഗ്വാണ്ടനാമോയിലും ഇറാഖിലും അഫ്ഘാനിസ്ഥാനിലും എന്ന് വേണ്ട പീഡനവിചാരണാ കേന്ദ്രങ്ങളില്‍ അരങ്ങേറുന്ന ക്രൂരമായ പീഡനങ്ങളുടെ നോവാണ് പൊനോന്‍ ഗോംബെ നമ്മെ അനുഭവിപ്പിക്കുന്നത്. നിരപരാധികളാണെന്നറിഞ്ഞതിനു ശേഷവും തുടരുന്ന പീഡനമുറകളും അതിനു മനുഷ്യത്വം കൊടുക്കുന്ന വലിയ വിലയുമാണ് നോവല്‍ വായിക്കുമ്പോള്‍ നമുക്ക് ഓര്‍മ്മ വരിക. നമ്മുടെ ചിന്തയെയും ബോധത്തെയും തട്ടിയുണര്‍ത്താന്‍ ക്രൂരതയുടെ ഈ അധ്യായങ്ങള്‍ക്കാവുന്നുണ്ട്. നിരപരാധികളുടെ മേലുള്ള ഈ ക്രൂരത, താങ്ങാവുന്നതിലപ്പുറം എന്ന് വായനക്കാരെക്കൊണ്ട് പറയിപ്പിക്കാന്‍ തക്ക വിധം വിശദമായിത്തന്നെ നോവലിസ്റ്റ് എഴുതിയിട്ടുണ്ട്. എഴുത്തുകാരനെന്ന നിലയില്‍, ഈ നോവലെഴുതിയ ദിവസങ്ങള്‍ ജുനൈദിന് ഉറങ്ങാനായിട്ടുണ്ടാവുമോ എന്ന് ഞാന്‍ സംശയിക്കുന്നു. അഞ്ചു വര്‍ഷത്തില്‍ താഴെയാണ് സുലൈമാന് പീഡനം ഏല്‍ക്കേണ്ടി വരുന്നതെങ്കിലും നൂറ്റാണ്ടുകളായി അവന്‍ അതനുഭവിക്കുന്നതായി വായനക്കാര്‍ക്ക് തോന്നിപ്പിക്കുന്നതില്‍ നോവലിസ്റ്റ് വിജയിക്കുന്നുണ്ട്.
ഹനിക്കപ്പെടുന്ന സ്വാതന്ത്ര്യമാണ് നോവലിന്റെ വിഷയം. ‘ചങ്ങലകളുറപ്പിച്ചിരിക്കുന്ന ഇരുമ്പു വളയം പോലെ സ്വാതന്ത്ര്യം ഒരു ചെറിയ വൃത്തമായിരിക്കുന്നു. തുടങ്ങിയിടത്തു തന്നെ അവസാനിക്കുന്ന സ്വാതന്ത്ര്യം.’ എന്ന് ഒരിടത്തു നോവലിസ്റ്റ് പറയുന്നു. സ്വാതന്ത്രമെന്ന് നാം അഹങ്കരിക്കുന്ന നമ്മുടെ നാട് സ്വാതന്ത്രമാണോ എന്ന ചോദ്യത്തിലേക്ക് നോവലിസ്റ്റ് ഒരു ചാട്ടുളി ചോദ്യം ചോദിക്കാതെ എറിയുന്നുണ്ട്. ‘മറ്റൊരുവന്റെ ഇംഗിതമനുസരിച്ചേ ഇവിടെ കാര്യങ്ങള്‍ മുന്നോട്ടു പോകൂവെന്നതാണ് ആദ്യം പേടിക്കേണ്ട അറിവ്.’ എന്നൊരിടത്തും, ‘കണ്ണ് തുറക്കും മുന്‍പേ കൂട്ടിലിട്ടു വളര്‍ത്തിയ അണ്ണാന്‍കുഞ്ഞാണ് ഞാനിപ്പോള്‍, കതകു തുറന്നു വെച്ചാലും അതിന്നരികെ വരെ പോയിട്ട് കൂട്ടിലേക്ക്, അതിന്റെ സ്ഥിരം മൂലയിലേക്ക് തിരികെയെത്തുന്ന അണ്ണാന്കുഞ്ഞെ’ന്നു മറ്റൊരിടത്തും ജുനൈദ് അബൂബക്കര്‍ പറയുന്നുണ്ട്. ഇത്തരം അസ്വാതന്ത്ര്യവും ക്രൂരമായ പീഡനവും മനുഷ്യനെ എവിടെ കൊണ്ടാണ് എത്തിക്കുക? ”ഇപ്പോള്‍ ഏതു കൊച്ചു കുട്ടികള്‍ പറഞ്ഞാലും അനുസരിക്കാന്‍ തയ്യാറാണ്. ആജ്ഞകള്‍ ആരുടേതാണെങ്കിലും അനുസരിക്കാന്‍ പാകത്തില്‍ മനസ്സിനെ കുഴച്ചു മറിച്ചു പാകപ്പെടുത്തിയിരിക്കുന്നു അന്ധകാരത്തിന്റെ തടവറകള്‍. ഇതെല്ലം അനുഭവിച്ചു പുറത്തേക്ക് രക്ഷപ്പെട്ടു വരുന്നവര്‍ കാണുന്ന കാഴ്ചയോ? നിസ്സംഗതയുടെ ഈ വേദനയായിരിക്കാം ഒരു പക്ഷെ സുലൈമാനെ കൂടുതല്‍ വേദനിപ്പിച്ചിരിക്കുക. തീവ്രവാദിയുടെ കുടുംബക്കാര്യം അന്വേഷിക്കാനാര്‍ക്കാണ് സമയം? ‘സ്വാതന്ത്ര്യം കൊണ്ട് ഒരു കാര്യവുമില്ല മുയല്‍ക്കുഞ്ഞുങ്ങളെ. കൂടുകള്‍ക്കുള്ളിലാണ് സുരക്ഷ.’ എന്ന സുലൈമാന്റെ വാക്കുകള്‍ ഒന്നും മനസ്സിലാകാതെ ചുവന്ന കണ്ണുകളുരുട്ടി അദ്ഭുതത്തോടെ നോക്കിയിരിക്കുന്നൊരു പഞ്ഞിക്കെട്ടിനോട് മാത്രമല്ല, ആ സുഖം തേടുന്ന നാമോരോരുത്തരോടുമാണ്.
സോമാലിയയിലെ മൊഗാദിഷുവിലാണ് കഥ തുടങ്ങുന്നത്. വിവിധ രാജ്യങ്ങളിലെ ജയിലുകളിലൂടെ വികസിക്കുന്ന കഥാ ഭൂമിക ഒടുവില്‍ അഫ്ഗാനിസ്ഥാനില്‍ നിന്ന് ദുബായ് വഴി ആഫ്രിക്കയിലേക്ക് തന്നെ തിരിച്ചു പോകുമ്പോള്‍ നമുക്ക് കാണാന്‍ കഴിയുക, ലോക നോവല്‍ ഭൂപടത്തില്‍ അടയാളപ്പെടുത്തുന്ന മലയാള സാന്നിധ്യമാണ്. തികച്ചും സാര്‍വത്രികമായ ഒരു വിഷയത്തെപ്പറ്റി തീര്‍ത്തും വിദേശമായൊരു രാജ്യത്തിന്റെ ഭൂമികയില്‍പറക എളുപ്പമല്ല. ഒപ്പം, വായനക്കാര്‍ക്ക് കഥാപാത്രങ്ങള്‍ നമുക്ക് വേണ്ടപ്പെട്ടവര്‍ എന്ന തോന്നലുണ്ടാക്കുക എന്ന ശ്രമകരമായ ദൗത്യവും. ഈ രണ്ടു ദൗത്യവും വിജയകരമായി പൂര്‍ത്തിയാക്കുന്നുണ്ട് ജുനൈദ് അബൂബക്കര്‍. ഹാരിസ് നെന്മേനിയുടെ മാജി, ജുനൈദ് അബൂബക്കറിന്റെ പൊനോന്‍ ഗോംബെ എന്നിങ്ങനെ പുതിയ മലയാള നോവലുകള്‍ വിദേശ ഭൂമികയില്‍ എഴുതി വിജയിപ്പിക്കുന്ന കാഴ്ച മലയാളത്തിന് അഭിമാനവും പ്രതീക്ഷയുമാണ്. ലളിതമായ ഭാഷയിലുള്ള ആഖ്യാനം എഴുത്തിന്റെ മാറ്റ് കൂട്ടുന്നു.നഷ്ടപ്പെടുന്ന മാനുഷികമൂല്യങ്ങളെപ്പറ്റി ആകുലപ്പെടുന്ന ഒരെഴുത്തുകാരനെ നമുക്ക് പൊനോന്‍ ഗോംബെയില്‍ കാണാം. ‘മറ്റുള്ളവന്റെ വേദനയില്‍, നിസ്സഹായതയില്‍ ചിരിക്കുന്ന, ആനന്ദിക്കുന്ന ഏക ജീവിവര്‍ഗ്ഗമാണ് മനുഷ്യന്‍.’ എന്ന് ഒരിടത്തു പറയുന്ന എഴുത്തുകാരന്‍ ചുറ്റുപാടും ഇത്തരം സംഭവങ്ങള്‍ നടക്കുമ്പോള്‍ അതിനോട് തീര്‍ത്തും നിര്‍വികാരപരമായി പ്രതികരിക്കുന്ന സമൂഹത്തെയും ചോദ്യം ചെയ്യുന്നു. സുലൈമാനെ കാണാനായതോടെ അന്വേഷിക്കാനിറങ്ങിയ മഗീദയോടുള്ള ഒരു ചോദ്യത്തില്‍ ഇത് വ്യക്തമാക്കുന്നു. ‘ഒരു രാജ്യത്തില്‍ സമാധാനം കൊണ്ടു വരാന്‍ ആ ജനങ്ങളെ മുഴുവന്‍ കൊന്നൊടുക്കണമെന്നു പറയുന്നതെന്ത് ന്യായമാണെന്ന് നീ ചിന്തിച്ചിട്ടുണ്ടോ? സുലൈമാന്‍ പോയിക്കഴിഞ്ഞപ്പോഴാണല്ലോ നീ കാണാതാകുന്നവരെപ്പറ്റി ചിന്തിക്കുന്നതു തന്നെ.’
ഓര്‍മ്മ നഷ്ടപ്പെടുന്ന വ്യക്തികളും സമൂഹവും ഒരു വല്ലാത്ത ബാധ്യത തന്നെയാണ്. നഷ്ടപ്പെടുന്ന സംസ്‌കാരത്തെയും മാനവികതയെയും കുറിച്ച് ഓര്‍മ്മപ്പെടുത്തുന്നുണ്ട് ജുനൈദ് അബൂബക്കര്‍. ‘നിങ്ങളുടെ വീട്ടിലാരൊക്കെയുണ്ട്. എല്ലാവരുമുണ്ടോ? അവരും നിങ്ങളെ മറന്നു കാണും. കണ്ടോണ്ടിരുന്നാല്‍, ബന്ധപ്പെട്ടു കൊണ്ടിരുന്നാല്‍, നമ്മളിവിടെയുണ്ടെന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നാലേ എല്ലാവരും ഓര്‍ക്കുകയുള്ളൂ. അല്ലെങ്കില്‍ മറക്കാന്‍ എല്ലാവര്ക്കും എളുപ്പമാണ്. ചുറ്റുപാടും മനുഷ്യരുള്ളപ്പോള്‍ അവിടെയില്ലാത്തവരെ മറക്കുവാനായിരിക്കും ഉള്ളവര്‍ക്ക് ധൃതി.’ എഴുത്തുകാരന്‍ പറയുന്നു. ‘എല്ലാം പ്രദര്ശിപ്പിച്ചില്ലെങ്കില്‍ ആളുകള്‍ മറന്നു പോകും. അടിമത്തം അവിടെ അവസാനിച്ചു. പക്ഷെ ഇവിടെയിപ്പോഴും തുടരുന്നു. ആരോടും പ്രദര്ശിപ്പിക്കുന്നില്ല, ആരുമറിയുന്നുമില്ല എന്നേയുള്ളൂ.’ ‘സംസ്‌കാരം പഠിക്കാന്‍ ഇപ്പോള്‍ വിദേശികളേ വരുന്നുള്ളൂ. നമ്മള്‍ അവരുടെ സംസ്‌കാരം തേടിപ്പോകും. അവര്‍ നമ്മുടെ സംസ്‌കാരം തേടി വരും. എല്ലാ സംസ്‌കാരങ്ങളും കാഴ്ചബംഗ്ലാവുകളാവുകയും ചെയ്യും.’
തീര്‍ത്തും ലളിതമായ കഥാതന്തുവില്‍ കെട്ടുറപ്പോടെ, മനസ്സില്‍ തട്ടുന്ന വിധം നോവല്‍ അവതരിപ്പിക്കാന്‍ നോവലിസ്റ്റിനാവുന്നുണ്ട്. പീഡനങ്ങളുടെ വിവരണം അല്പം കുറക്കാമായിരുന്നില്ലേ എന്ന് ഇടക്ക് തോന്നിപ്പോയി. സുലൈമാനെ തീവ്രവാദബന്ധത്തിലേക്ക് ബന്ധിപ്പിച്ച ഖാസിം എന്ന ദല്ലാളിന്റെ കഥാപാത്രത്തിനും അറസ്റ്റിലേക്ക് നയിച്ച സംഭവങ്ങളിലും അല്പം കൂടെ വ്യക്തതയോ നാടകീയതയോ വരുത്താമായിരുന്നു എന്നും തോന്നി. എന്നിരിക്കലും നല്ലൊരു തന്റെ ആദ്യ നോവലില്‍ തന്നെ വായനക്കാരെ പിടിച്ചിരുത്താന്‍ ജുനൈദിനാവുന്നുണ്ട്. അവതാരികയില്‍ ടി ഡി രാമകൃഷ്ണന്‍ സൂചിപ്പിക്കുന്നത് പോലെ, വായനക്കാരുടെ തലക്കൊരു കൊട്ടു കൊടുക്കാന്‍ ഈ നോവലിനാവുന്നുണ്ട്. നോവലിന്റെ കഥാതന്തു അവതാരികയില്‍ പറയുന്നത് അവതാരിക വായിച്ച ശേഷം നോവല്‍ വായിക്കുന്നവരുടെ ജിജ്ഞാസയെ ഇല്ലാതാക്കും എന്നു തോന്നി.
ലളിതമായ ഭാഷ കൊണ്ടും വ്യത്യസ്തമായ കഥാ പശ്ചാത്തലം കൊണ്ടും വിഷയത്തിന്റെ സാര്‍വ്വത്രികത കൊണ്ടും മനസ്സില്‍ തട്ടുന്ന എഴുത്തു കൊണ്ടും ജുനൈദ് അബൂബക്കറിന്റെ പൊനോന്‍ ഗോംബെ സവിശേഷ ശ്രദ്ധ പിടിച്ചു പറ്റുന്നു. വായനക്കാരെ സുഖ വായനയുടെ തണലിലേക്കല്ല, മറിച്ചു, ചുട്ടു പൊള്ളുന്ന വെയിലിലേക്കാണ് പൊനോന്‍ ഗോംബെ തുറന്നു വിടുക. ശക്തമായ മലയാള നോവലുകളുടെ നിരയിലേക്ക് അനായാസേന നീന്തിക്കയറുന്നുണ്ട് പ്രവാസിയായ ജുനൈദ് അബൂബക്കറിന്റെ പൊനോന്‍ ഗോംബെ എന്ന ചെറിയ നോവല്‍.