കൊച്ചിയുടെ ചിരകാല സ്വപ്‌നമായ മെട്രോ റെയില്‍ യാഥാര്‍ത്ഥ്യമാവുമ്പോള്‍ വാര്‍ത്തകളിലെ താരം ഇ ശ്രീധരനാണ്. മെട്രോയുടെ ആലോചനാഘട്ടങ്ങളില്‍ അതിന്റെ പദ്ധതി നിര്‍വ്വഹണ ചുമതല ആര്‍ക്കു നല്‍കണമെന്ന ആലോചനയില്‍ ആദ്യം ഉയര്‍ന്ന പേര് ഇ ശ്രീധരന്റെ പേരാണ്. ഡല്‍ഹി മെട്രോ, കൊല്‍ക്കത്ത മെട്രോ, പാമ്പന്‍ പാലം തുടങ്ങി ഇന്ത്യയിലെ ബൃഹദ് പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കിയ മലയാളി ഇ ശ്രീധരന്റെ പ്രവര്‍ത്തനമികവും കാര്യക്ഷമതയും അത്ഭുതത്തോടെ രാജ്യം വീക്ഷിക്കുമ്പോള്‍ കേരളത്തിന്റെ സ്വന്തം മെട്രോ റെയിലിന് മറ്റൊരു പേര് ആലോചിക്കാന്‍ സാധ്യമല്ല. അന്നുമുതല്‍ ഇന്നുവരെ കൊച്ചിമെട്രോ എന്നാല്‍ ഇ ശ്രീധരനാണ്. മെട്രോയുടെ ഉദ്ഘാടന വേദിയില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്താത്തതിനെചൊല്ലി പലവിധത്തിലുള്ള ചര്‍ച്ചകള്‍ക്കാണ് സാക്ഷ്യം വഹിച്ചത്.
ഇ ശ്രീധരനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വ്യാകമായ സാഹചര്യത്തില്‍ പ്രസ്തകമായ പുസ്തകമാണ് പി വി ആല്‍ബി എഴുതിയ ജീവിതവിജയത്തിന്റെ പാഠപുസ്തകം എന്ന പുസ്തകം. ഇ ശ്രീധരന്റെ സമഗ്രമായ ജീവിതകഥാപുസ്തകമാണിത്. പാലക്കാട് ജില്ലയിലെ ചെറുഗ്രാമമായ ചാത്തന്നൂരിലെ സര്‍ക്കാര്‍ വിദ്യാലയത്തില്‍ പ്രാഥമിക വിദ്യാഭ്യാസം നേടി പഠിച്ചുയര്‍ന്ന ഇ ശ്രീധരന്റെ കര്‍മ്മനിരതമായ ജീവിതത്തിന്റെ എടുകളാണ് ഈ പുസ്തകം വായനക്കാരനു മുന്നില്‍ തുറന്നുവയ്ക്കുന്നത്.
മെട്രോമാന്‍ എന്ന വിശേഷണത്തില്‍ മാത്രം മലയാളി അറിയുന്ന ഇ ശ്രീധരന്‍ അതുമാത്രമല്ലെന്ന് ഈ പുസ്തത്തിലെ ഓരോ അധ്യായങ്ങളും വെളിപ്പെടുത്തുന്നു. രാമേശ്വരത്തെ പാമ്പന്‍പാലം, ഇന്ത്യയിലെ ആദ്യത്തെ മെട്രോയായ കല്‍ക്കത്ത മെട്രോ, കേരളത്തില്‍ നിര്‍മ്മിച്ച ആദ്യത്തെ വന്‍കിട കപ്പല്‍ റാണി പത്മിനി, കൊങ്കണ്‍ റെയില്‍വേ, ഡെല്‍ഹി മെട്രോ തുടങ്ങി ഇ ശ്രീധരന്റെ മേല്‍നോട്ടത്തില്‍ സാക്ഷാത്കരിക്കപ്പെട്ട ഓരോ പദ്ധതിയുടെയും നിര്‍വ്വണത്തിലും അദ്ദേഹം ചെയ്ത ഗൃഹപാഠങ്ങളും ആസൂത്രണരീതികളും മുന്നില്‍വെച്ചാണ് കര്‍മ്മമികവിന്റെ രഹസ്യങ്ങള്‍ ആല്‍ബി തേടുന്നത്. രാഷ്ട്രീയ പ്രതിസന്ധികളെ മറികടക്കുന്നതില്‍ അദ്ദേഹം സ്വീകരിച്ചിട്ടുള്ള വിസ്മയകരമായ തന്ത്രങ്ങള്‍ ഈ പുസ്തകത്തില്‍ ശ്രീധരന്‍ വെളിപ്പെടുത്തിയട്ടുണ്ട്.
മെട്രോ ഓടിത്തുടങ്ങുന്നതോടെ സീറ്റ് മാറ്റിയിരുത്തേണ്ട വ്യക്തിയല്ല ഇ ശ്രീധരന്‍ എന്ന മഹാനായ എഞ്ചിനീയര്‍. രാജ്യം അതിന്റെ വികസന പാതയില്‍ എക്കാലവും നമിക്കേണ്ട പ്രതിഭയാണ്. ജീവിതവിജയത്തിന്റെ പാഠപുസ്തകം ഓരോ വ്യക്തിയുടെയും വളര്‍ച്ചയ്ക്ക് അനിവാര്യമായ പാഠ പുസ്തകമാവുന്നതും അതുകൊണ്ടാണ്.