ഭാവ വൈചിത്രങ്ങളുടെ ഇന്ദ്രചാപ ഭംഗികള്‍ കവിതകളില്‍ ആവിഷ്‌കരിച്ച് ആബാലവൃദ്ധം ജനങ്ങളെ വശീകരിക്കുകയും വിസ്മയിപ്പിക്കുകയും ചെയ്ത മലയാളത്തിന്റെ മാഹാകവിയായിരുന്നു ചങ്ങമ്പുഴ കൃഷ്ണപിള്ള. മേഘജ്യോതിസ്സിന്റെ ക്ഷണിക ജീവിതം പോലെ മുപ്പത്തിയാറാം വയസ്സില്‍ ഈ ലോകം വെടിഞ്ഞ് പോകേണ്ടിവന്നെങ്കിലും ആ പ്രായത്തിനുള്ളില്‍ അദ്ദേഹം നല്‍കിയ കാവ്യ സം ഭാവനകള്‍ മലയാള കവിതയില്‍ ഈ ശ്രേഷ്ഠഭാഷയുള്ളിടത്തോളം കാലം വിളങ്ങി നില്‍ക്കും. മഹാകവി വെണ്ണിക്കുളം ചങ്ങമ്പുഴയെക്കുറിച്ച് എഴുതിയതുപോലെ തുഞ്ചനും കുഞ്ചനും വിളങ്ങിയ നാട്ടിലേക്ക് മണിവേണുവുമായി വന്നെത്തിയ ശാപഗ്രസ് തനായ ഗന്ധര്‍വ്വന്‍ തന്നെയായിരുന്നു ചങ്ങമ്പുഴ.1948 ജൂണ്‍ 17നായിരുന്നു ആ ഗന്ധര്‍വ്വന്‍ തിരിച്ചു വിളിക്കപ്പെട്ടത്. 69 വര്‍ഷങ്ങള്‍ക്കിപ്പുറവും മരണത്തിന് അനശ്വരമായ കവിതകളിലൂടെ അദ്ദേഹം ഇന്നും ജീവിക്കുന്നു.
എറണാകുളം ജില്ലയിലെ ഇടപ്പള്ളിയില്‍ ചങ്ങമ്പുഴത്തറവാട്ടിലെ പാറുക്കുട്ടിയമ്മയുടെയും തെക്കേടത്തു വീട്ടില്‍ നാരായണമേനോന്റെയും മകനായി 1911 ഒക്ടോബര്‍ 11നാണ് ചങ്ങമ്പുഴ കൃഷ്ണപിള്ള ജനിച്ചത്. ഒരു നിര്‍ദ്ധന കുടുംബത്തിലെ അംഗമായതിനാല്‍ ബാല്യകാലം ക്ലേശകരമായിരുന്നു. മനുഷ്യനെന്ന നിലയിലും കവിയെന്ന നിലയിലും മറ്റുള്ള മലയാളകവികളില്‍നിന്നു തികച്ചും ഒറ്റപ്പെട്ടു നില്‍ക്കുന്നു മഹാകവി ചങ്ങമ്പുഴ.
ഇടപ്പള്ളി മലയാളം പ്രൈമറി സ്‌കൂള്‍, ശ്രീകൃഷ്ണവിലാസ് ഇംഗ്ലീഷ് മിഡില്‍ സ്‌കൂള്‍, ആലുവാ സെന്റ് മേരീസ് സ്‌കൂള്‍, എറണാകുളം സര്‍ക്കാര്‍ ഹൈസ്‌കൂള്‍, സെന്റ് ആല്‍ബര്‍ട്ട്‌സ് സ്‌കൂള്‍ എന്നിവിടങ്ങളില്‍ അദ്ധ്യയനം നടത്തി അദ്ദേഹം ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഹൈസ്‌കൂള്‍ വിദ്യാഭ്യാസം അവസാനിച്ചകാലത്താണ് അദ്ദേഹത്തിന്റെ ആത്മസുഹൃത്തും ഇടപ്പള്ളിപ്രസ്ഥാനത്തിന്റെ ജനയിതാക്കളില്‍ ഒരാളും കവിയുമായിരുന്ന ഇടപ്പള്ളി രാഘവന്‍പിള്ള അന്തരിച്ചത്. ഈ സംഭവം ചങ്ങമ്പുഴയുടെ ജീവിതത്തെ അഗാധമായി സ്പര്‍ശിച്ചു. അതില്‍നിന്നുദ്ഭിന്നമായ വേദനയുടെ കണ്ണീരുറവയില്‍നിന്നു പിറവിയെടുത്ത ഒരു നാടകീയ വിലാപകാവ്യമാണ് ‘രമണന്‍’. ആ കൃതി മലയാളത്തിലെ ഒരു മഹാസംഭവമായി പരിണമിച്ചു.
എറണാകുളം മഹാരാജാസ് കോളേജിലും തുടര്‍ന്നു തിരുവനന്തപുരം ആര്‍ട്ട്‌സ് കോളേജിലും പഠിച്ച് അദ്ദേഹം ഓണേഴ്‌സ് ബിരുദം നേടി. മഹാരാജാസ് കോളേജില്‍ പഠിക്കുന്നകാലത്തുതന്നെ ചങ്ങമ്പുഴ ഒരനുഗ്രഹീത കവിയായിത്തീര്‍ന്നിരുന്നു. അദ്ദേഹത്തിന്റെ പല പ്രസിദ്ധ കൃതികളും അന്നു പുറത്തുവരുകയുണ്ടായി. വിദ്യാഭ്യാസകാലഘട്ടം അവസാനിക്കും മുമ്പുതന്നെ അദ്ദേഹം ശ്രീമതി ശ്രീദേവിഅമ്മയെ വിവാഹം ചെയ്തു. പഠനത്തിനുശേഷം ദുര്‍വ്വഹമായ സാമ്പത്തിക ക്ലേശം നിമിത്തം യുദ്ധസേവനത്തിനുപോയി. അധികനാള്‍ അവിടെ തുടര്‍ന്നില്ല. രണ്ടുവര്‍ഷത്തിനു ശേഷം രാജിവെച്ചു മദിരാശിയിലെ ലാ കോളേജില്‍ ച്ചേര്‍ന്നു. എങ്കിലും പഠനം മുഴുമിക്കാതെ തന്നെ നാട്ടിലേക്കുമടങ്ങി.
പില്‍ക്കാലത്ത് ചങ്ങമ്പുഴയെ പ്രശസ്തിയുടെ കൊടുമുടിയിലേയ്ക്കു നയിച്ച പല കൃതികളും ഇക്കാലത്താണ് രചിക്കപ്പെട്ടത്. ഇതിനിടെ മംഗളോദയം മാസികയുടെ പത്രാധിപസമിതിയംഗമായും അദ്ദേഹം സേവനമനുഷ്ഠിച്ചു. അനന്തരം അദ്ദേഹം സാഹിതീസപര്യയുമായി ഇടപ്പള്ളിയില്‍ സകുടുംബം താമസിച്ചു.
ഉല്‍ക്കണ്ഠാകുലമായ പല പരിവര്‍ത്തനങ്ങള്‍ക്കും വിധേയമാവുകയായിരുന്നു പിന്നീടദ്ദേഹത്തിന്റെ ജീവിതം. ആദ്യം വാതരോഗവും തുടര്‍ന്നു ക്ഷയരോഗവും ആ ജീവിതത്തെ ഗ്രസിച്ചു. എന്തും സഹിച്ചും ജീവിതം ആസ്വദിക്കുവാന്‍ അതീവതാല്‍പര്യം കാണിച്ച ആ മഹാകവി മരണവുമായി അനുക്ഷണം അടുക്കുകയായിരുന്നു അപ്പോള്‍. നാളുകള്‍ അധികം നീങ്ങിയില്ല. കേരളത്തിലെ സഹൃദയലോകത്തെയാകെ ദുഃഖത്തിലാഴ്ത്തിക്കൊണ്ട്, 1948 ജൂണ്‍ 17ആം തീയതി ഉച്ചതിരിഞ്ഞ് തൃശ്ശിവപേരൂര്‍ മംഗളോദയം നഴ്‌സിങ്ങ് ഹോമില്‍വച്ച്, ഈ ലോകത്തോട് അദ്ദേഹം യാത്രപറഞ്ഞു. സ്വന്തം നാടായ ഇടപ്പള്ളിയില്‍ അദ്ദേഹത്തെ സംസ്‌കരിച്ചു. അദ്ദേഹത്തിന്റെ ഓര്‍മ്മയ്ക്കായി ഇടപ്പള്ളിയില്‍ ചങ്ങമ്പുഴ സാംസ്‌കാരിക സമിതി, കലാവേദി, ചങ്ങമ്പുഴ സ്മരക ഗ്രന്ഥശാല, പാര്‍ക്ക് എന്നിവ സ്ഥാപിച്ചിട്ടുണ്ട്. വര്‍ഷം തോറും ചങ്ങമ്പുഴയുടെ ഓര്‍മ്മക്ക് വിവിധ കലാപരിപാടികള്‍ സംഘടിപ്പിച്ചു പോരുന്നു.കവിതാസമാഹാരങ്ങളും ഖണ്ഡകാവ്യങ്ങളും പരിഭാഷകളും നോവലും ഉള്‍പ്പെടെ അമ്പത്തിയേഴു കൃതികള്‍ ചങ്ങമ്പുഴ കൈരളിക്കു കാഴ്ചവച്ചിട്ടുണ്ട്.