നാനാഭാഷമതസ്ഥരുടെ വിഹാരകേന്ദ്രമാണ് ഇന്ത്യ എന്ന മഹാരാജ്യം. ഒരൊറ്റ മതത്തില്‍ മാത്രം വിശ്വസിക്കുകയും ഒരു ഭാഷ മാത്രം സംസാരിക്കുകയും ചെയ്യുന്ന പല രാജ്യങ്ങളും ഛിന്നഭിന്നമായിട്ടും ലോകരാഷ്ട്രങ്ങളുടെ മുമ്പില്‍ ഇന്ത്യ തലയുയര്‍ത്തിപ്പിടിച്ച് നില്‍ക്കുന്നു. അതിനുകാരണം നാനാത്വത്തില്‍ ഏകത്വം കണ്ടെത്തുന്ന സംസ്‌കാരം മാത്രമാണ്. ‘ബഹുസ്വരതയാണ് എന്റെ രാജ്യത്തിന്റെ ഊര്‍ജ്ജവും ജീവവായുവും’ എന്ന നെഹ്രുവിയന്‍ സിദ്ധാന്തം ഇവിടെ എന്നും പ്രസക്തമാണ്.
കഴിഞ്ഞ ഒന്നരപ്പതിറ്റാണ്ടിനിടയില്‍ ഇന്ത്യയുടെ ബഹുസ്വര സംസ്‌കാരത്തിലൂടെ ഒരു മാധ്യമ പ്രവര്‍ത്തകന്‍ നടത്തിയ യാത്രകളുടെ വിവരണമാണ് മഞ്ഞുമലകളും സമതലങ്ങളും: ഇന്ത്യന്‍ യാത്രകള്‍ എന്ന പുസ്തകം. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും കാഴ്ചകള്‍ വിവരിക്കുന്ന ഈ പുസ്തകം മികച്ചൊരു യാത്രാവിവരണം എന്നതിലുപരിയായി വികസനം, പരിസ്ഥിതി സംരക്ഷണം, വര്‍ഗ്ഗീയത, ഊര്‍ജ്ജ സംരക്ഷണം, ഗോത്രസംസ്‌കാരം, കാലാവസ്ഥാ വ്യതിയാനം തുടങ്ങി കാലികപ്രസക്തിയുള്ള പല വിഷയങ്ങളും ചര്‍ച്ച ചെയ്യുന്നു. ഒരു മാധ്യമ പ്രവര്‍ത്തകന്റെ കാഴ്ചപ്പാടിലൂടെ ഇന്ത്യയെ അവതരിപ്പിക്കുന്ന പുസ്തകം അതുകൊണ്ടുതന്നെ ഒരു മികച്ച റഫറന്‍സ് ഗ്രന്ഥം കൂടിയായി മാറുന്നു
ഇന്ത്യയുടെ വടക്കേയറ്റമായ ജമ്മുകശ്മീരില്‍ നിന്നു തുടങ്ങി എല്ലാ സംസ്ഥാനങ്ങളിലൂടെയും സഞ്ചരിച്ച് ആന്തമാന്‍ നിക്കോബാറില്‍ വരെയാത്രചയ്‌തെത്തിയ രചയിതാവ് അവിടങ്ങളിലെയെല്ലാം സംസ്‌കാരങ്ങളെയും കലയെയും സാംസ്‌കാരിക കേന്ദ്രങ്ങളെയും വിട്ടുകളയുന്നില്ല. അവ കൃത്യമായി രേഖപ്പെടുത്തിയിരിക്കുന്നു. ഇന്ത്യന്‍ ദേശീയതയെക്കുറിച്ചുള്ള പൊതു ചിന്താഗതിയ്ക്ക് കാതലായ മാറ്റം വന്നുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ നമ്മുടെ സംസ്‌കാരത്തെക്കുറിച്ചും ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങളെക്കുറിച്ചും അടുത്തറിയാന്‍ ഏറെ ഉപകരിക്കുന്ന മഞ്ഞുമലകളും സമതലങ്ങളും: ഇന്ത്യന്‍ യാത്രകള്‍ എന്ന പുസ്തകം തയ്യാറാക്കിയത് ടി.വി. ജേര്‍ണലിസ്റ്റും എഴുത്തുകാരനുമായ കെ.രാജേന്ദ്രന്‍ ആണ്.
പാലക്കാട് സ്വദേശിയായ കെ.രാജേന്ദ്രന്‍ നിയമത്തില്‍ ബിരുദവും ജേര്‍ണലിസത്തില്‍ പി ജി ഡിപ്ലോമയും സ്വന്തമാക്കി. 2000 മുതല്‍ കൈരളി, പീപ്പിള്‍ ചാനലില്‍ ജേര്‍ണലിസ്റ്റായി ജോലി ചെയ്യുന്നു. നിരവധി മാധ്യമ പുരസ്‌കാരങ്ങളും ഫെലോഷിപ്പുകളും ലഭിച്ചിട്ടുണ്ട്. ചരിത്രം, റഫറന്‍സ്, ലേഖനങ്ങള്‍, ബാലസാഹിത്യം, യാത്രാവിവരണം എന്നീ സാഹിത്യശാഖകളിലായി നിരവധി പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.