നവീന മലയാള നോവലിസ്റ്റുകളില്‍ മനുഷ്യാനുഭവങ്ങളുടെ വ്യത്യസ്തമായ മേഖലകളിലൂടെ സഞ്ചരിച്ച എഴുത്തുകാരനാണ് ആനന്ദ്. അതുവരെ മലയാളത്തിന് അപരിചിതമായിരുന്ന മനുഷ്യാവസ്ഥകള്‍ ആവിഷ്‌കരിക്കാന്‍ അദ്ദേഹം ഉപയോഗിച്ച ശൈലിയും വ്യത്യസ്തമായിരുന്നു. മലയാളനോവല്‍ രംഗത്തെ ഏറ്റവും ശ്രദ്ധേയമായ സ്വരങ്ങളിലൊന്നായി തുടരുന്ന ആനന്ദ് ചെറുകഥയുടെ മേഖലയിലും ഗണനീയമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ചിന്തകന്‍ കൂടിയായ ആനന്ദ് നോവലുകളിലായാലും കഥകളിലായാലും തന്റെ ചരിത്ര ദര്‍ശനം അവതരിപ്പിക്കന്‍ ശ്രമിക്കാറുണ്ട്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ കൃതികള്‍ ചരിത്രത്തിന്റെ രാഷ്ട്രീയമാണ് ചര്‍ച്ച ചെയ്യുന്നത് എന്നുപറയേണ്ടിവരും.
നമ്മുടെ മിക്ക നോവല്‍ രചയിതാക്കളും അവരുടെ ആദ്യനോവലുമായി കടന്നുവരുമ്പോള്‍ സഹൃദയലോകത്തിന് അപരിചിതര്‍ ആയിരിക്കുകയില്ല. ഇതില്‍നിന്ന് വ്യത്യസ്തമായിരുന്നു ആനന്ദ് എന്ന നോവലിസ്റ്റിന്റെ രംഗപ്രവേശം. ‘ആള്‍ക്കൂട്ടം‘ 1970ല്‍ പുറത്തുവരുമ്പോള്‍ ആനന്ദ് മലയാളസാഹിത്യരംഗത്ത് പുതുമുഖം ആയിരുന്നു. രണ്ടുകൊല്ലത്തിനുശേഷം ‘മരണസര്‍ട്ടിഫിക്കറ്റ് ‘ എന്ന നോവലും പ്രസിദ്ധപ്പെടുത്തിക്കഴിഞ്ഞാണ് ആനന്ദിന്റെ ചില കഥകള്‍ ആദ്യമായി ആനുകാലികങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. അവ 1960കളുടെ തുടക്കത്തില്‍ത്തന്നെ എഴുതപ്പെട്ട കഥകളായിരുന്നുതാനും. അവയില്‍ ആദ്യത്തേത് 1960ല്‍ എഴുതിയതായി കാണുന്ന ‘പൂജ്യം’ എന്ന രചനയാണ്. ആശയപ്രധാനമായ ആഖ്യാനമായി ചെറുകഥയെ മാറ്റിയ ആനന്ദിന്റെ രീതി ആ രചനയില്‍ത്തന്നെ രൂപപ്പെടുന്നു. ഈ ആദ്യകഥയില്‍ത്തന്നെ ആനന്ദ് തന്റെ ജീവിതത്തെക്കുറിച്ചുള്ള അവബോധവും കാഴ്ചപ്പാടും വ്യക്തമാക്കുന്നുണ്ട്.
മനുഷ്യജീവിതത്തിന്റെ നിസ്സഹായമായ അവസ്ഥയെക്കുറിച്ചും പ്രകൃതിയിലെ ജീവജാലങ്ങളിലെ അനന്തമായ നൈരന്തര്യത്തിലെ ഒരു കണ്ണിമാത്രമാണ് അവന്‍/അവള്‍ എന്ന യാഥാര്‍ഥ്യത്തെക്കുറിച്ചും ‘പൂജ്യം’ ഓര്‍മിപ്പിക്കുന്നു.’കുഴി’, ‘കൊടുമുടി’ എന്നീ കഥകളുടെ അന്തര്‍ധാരയും ആ രാഷ്ട്രീയാവസ്ഥയോടുള്ള പ്രതികരണാമെന്ന നിലയില്‍ രൂപപ്പെട്ടിട്ടുള്ളതാണ്. എണ്‍പതുകള്‍ മുതല്‍ ആനന്ദ് എഴുതിയ കഥകളില്‍ ഏറെയും സമൂഹത്തിലെ സാധാരണ മനുഷ്യരെ വെറും ഇരയാക്കി മാറ്റുന്ന നീതിന്യായവ്യവസ്ഥയെക്കുറിച്ചുള്ള അന്വേഷണത്തിന്റെ വ്യത്യസ്തമായ മുഖങ്ങളെയാണ് ആവിഷ്‌കരിക്കുന്നത്. ഏകാഗ്രവും ഭാവാത്മകവുമായ, ലിറിക്കല്‍ സ്പര്‍ശമുള്ള കഥാസങ്കല്‍പത്തില്‍നിന്ന് അകലെയാണ് അദ്ദേഹത്തിന്റെ ചെറുകഥകള്‍. ചിലതൊക്കെ സാങ്കേതികാര്‍ഥത്തില്‍ ചെറുകഥ എന്നു വിളിക്കാന്‍ കഴിയാത്തതും, നോവലെറ്റിന്റെ ദൈര്‍ഘ്യം പുലര്‍ത്തുന്നതുമാണ്. ചില രചനകളിലാകട്ടെ പ്രബന്ധാത്മകതയാണ് മുന്നിട്ടുനില്‍ക്കുന്നത്.
ആനന്ദ് അടിസ്ഥാനപരമായി ഒരു ചിന്തകനാണ്. ഈ ചിന്തകള്‍ പ്രകടിപ്പിക്കാനുള്ള മാധ്യമമാണ് അദ്ദേഹത്തിന് സാഹിത്യം. യുക്തിഭദ്രമായ ലേഖനങ്ങള്‍ എഴുതാമായിരുന്ന ആനന്ദ് പക്ഷേ സംഭവങ്ങളേയോ കഥാപാത്രങ്ങളേയോ സൃഷ്ടിച്ച് തന്റെ ചിന്തകളേയും വിചാരങ്ങളേയും വിശദീകരിക്കുകയാണ് ചെയ്യുന്നത്. ഗോവര്‍ദ്ധന്റെ യാത്രകള്‍, മരുഭൂമികള്‍ ഉണ്ടാകുന്നത്, അഭയാര്‍ത്ഥികള്‍ എന്നീ നോവലുകളിലും ഇതേ സമീപനമാണ് അദ്ദേഹം കൈക്കൊള്ളുന്നത്. വീടും തടവും, ഒടിയുന്ന കുരിശ്, സംവാദം തുടങ്ങിയ സമാഹാരങ്ങളിലെ കഥകളിലും ഇതുതന്നെയാണ് കാണാന്‍ കഴിയുന്നത്.
രാഷ്ട്രീയവും ചരിത്രവുമൊക്കെയാണ് അദ്ദേഹം പ്രമേയമാക്കുന്നതെങ്കിലും വിഷാദം കലര്‍ന്ന ഒരു നിസ്സഹായത പലപ്പോഴും അദ്ദേഹത്തിന്റെ കൃതികളില്‍ കാണാം. മാനവ മഹാദുരന്തത്തെക്കുറിച്ചും അവന്റെ അസ്തിത്വത്തിന്റെ അര്‍ത്ഥത്തെക്കുറിച്ചും ചിന്തിക്കാറുണ്ട്. അതുകൊണ്ടാണ് അസാധാരണമായ നിസ്സംഗത പാലിക്കുമ്പോഴും അദ്ദേഹത്തിന്റെ രചനകളില്‍ വിഷാദം കലര്‍ന്ന ഒരു നിസ്സഹായത നിറഞ്ഞുനില്‍ക്കുന്നത്. ‘പ്രവാചകനും കാവല്‍ക്കാരനും’ എന്ന കഥയിലും ഇതേ നിസ്സഹായതയാണ് കാണാന്‍ കഴിയുന്നത്.
ആധുനിക കഥാസാഹിത്യത്തിലെ ഏറ്റവും മൗലികമായ സ്വരങ്ങളിലൊന്നാണ് ആനന്ദിന്റേത്. നിയതസ്വരൂപികളായ മനുഷ്യര്‍ക്കു പകരം അസ്തിത്വത്തിന്റെ വേരുകള്‍ അറ്റ് അന്യരും പുറംന്തള്ളപ്പെട്ടവരുമായ കഥാപാത്രങ്ങളെയാണ് അദ്ദേഹം അവതരിപ്പിച്ചത്. ആള്‍ക്കൂട്ടം എന്ന നോവല്‍ ഇതിനുദാഹരണമാണ്. ആള്‍ക്കൂട്ടത്തിലാകട്ടെ നായകനേയില്ല. ഇവിടെ വ്യക്തികള്‍ക്ക് പകരം ഒരുകൂട്ടം ആളുകള്‍ മാത്രമാണുള്ളത്. സ്വന്തമെന്നു പറയാന്‍ ഒരു ജീവിതമോ, അനുഭവങ്ങളിലൂടെ വികാസം പ്രാപിക്കുന്ന ലക്ഷ്യമോ ആള്‍ക്കൂട്ടത്തിലെ കഥാപാത്രങ്ങള്‍ക്കില്ല. പരാജയങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ ആഗ്രഹിക്കുന്ന കുറേ മനുഷ്യര്‍ മാത്രമാണ് ഇവിടെയുള്ളത്. മനുഷ്യ മൂല്യം നഷ്ടപ്പെട്ടുവെന്ന ദര്‍ശനം ആദ്യമായി അവതരിപ്പിച്ച കൃതിയാണ് ആള്‍ക്കൂട്ടം. .
ഏറെ ജനശ്രദ്ധ നേടിയ കൃതിയാണ് മരുഭൂമികള്‍ ഉണ്ടാകുന്നത് എന്ന നോവല്‍. ഇത് കുന്ദന്‍ എന്ന വ്യക്തിയുടെ കഥയാണ്. പുതിയ അറിവുകള്‍ കണ്ടെത്തുകയും അതിലൂടെ പീഡനങ്ങള്‍ ഏറ്റുവാങ്ങുകയും ചെയ്യുന്ന കുന്ദനിലൂടെ മനുഷ്യസമൂഹത്തെ മുഴുവന്‍ അധികാരത്തിന്റെ കീഴില്‍ ഒതുക്കുന്ന ആധുനിക ഭരണയന്ത്രത്തിന്റെ ക്രൂരത വെളിപ്പെടുത്തുന്നു. ഇവിടെ എല്ലാവരും നിസ്സഹായരാണ്. മനുഷ്യന്റെ ഈ നിസ്സഹായത താന്‍ കേവലം ഉപകരണം മാത്രമാണെന്നും, സ്വന്തം സ്വാതന്ത്ര്യം തന്റെ പക്കലില്ലെന്നുമുള്ള തിരിച്ചറിവാണ് മരുഭൂമികള്‍ ഉണ്ടാകുന്നത് എന്ന നോവലിലൂടെ ആനന്ദ് നല്‍കുന്നത്. എന്നാല്‍ കൊലമരത്തില്‍ ഒരുക്കിയ കുരുക്ക് കുറ്റവാളിയുടെ കഴുത്തിന് പാകമല്ലാതെ വന്നാല്‍ കുരുക്ക് ചെറുതാക്കുന്നതിനു പകരം പാകമായ മറ്റൊരു ശിരസ്സ് തേടുകയെന്ന വിചിത്രമായ വിധി തേടുകയാണ് ഗോവര്‍ദ്ധന്റെ യാത്രകള്‍ എന്ന നോവലില്‍.
ഉള്ളടക്കത്തിന്റെ സവിശേഷതകൊണ്ട് ആകര്‍ഷകമായിത്തീരുന്ന നോവലാണ് മരണസര്‍ട്ടിഫിക്കേറ്റ്,വ്യാസനും വിഘ്‌നേശ്വരനും, ഉത്തരായനം, അഭയാര്‍ത്ഥികള്‍, എന്നിവയാണ് അദ്ദേഹത്തിന്റെ മറ്റ് നോവലുകള്‍. ഇവയിലെല്ലാം വ്യത്യസ്ത മുഖങ്ങളാണ് ആനന്ദ് പരീക്ഷിച്ചിരിക്കുന്നത്. ആധുനിക മനുഷ്യനെ നായാടുന്ന ദാര്‍ശനിക സമസ്യകളിലൂടെ ആ മഹാനായ എഴുത്തുകാരന്‍ നോവലിന്റെ പുതിയ മാനങ്ങള്‍തേടുകയാണ്.
പി. സച്ചിദാനന്ദന്‍ എന്ന ആനന്ദ് 1936 ല്‍ ഇരിങ്ങാലക്കുടയിലാണ് ജനിച്ചത്. തിരുവനന്തപുരം എന്‍ജിനീയറിങ്ങ് കോളേജില്‍ നിന്ന് സിവില്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം നേടി. നാലുകൊല്ലത്തോളം പട്ടാളത്തില്‍ സേവനമനുഷ്ഠിച്ചു. തുടര്‍ന്ന് ന്യൂഡെല്‍ഹിയില്‍ സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷനില്‍ പ്ലാനിങ്ങ് ഡയറക്ടറായി വിരമിച്ചു.
മലയാളത്തിലെ മുന്‍നിര നോവലിസ്റ്റുകളില്‍ ഒരാളായ ആനന്ദ്നോവല്‍, കഥ, നാടകം, ലേഖനം, പഠനം തുടങ്ങിയ വിഭാഗങ്ങളിലായി ഇരുപതോളം കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആള്‍ക്കൂട്ടത്തിനു ലഭിച്ച യശ്പാല്‍ അവാര്‍ഡും, അഭയാര്‍ത്ഥികള്‍ക്കു ലഭിച്ച കേരള സാഹിത്യ അക്കാദമി അവാര്‍ഡും സ്വീകരിച്ചില്ല. വീടും തടവും. ജൈവമനുഷ്യന്‍ എന്നിവയ്ക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡും മരുഭൂമികള്‍ ഉണ്ടാകുന്നത് വയലാര്‍ അവാര്‍ഡും ഗോവര്‍ദ്ധന്റെ യാത്രകള്‍, 1997ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും നേടി. മഹാശ്വേതാദേവിയുടെ ‘കവി ബന്ദ്യഘടിഗായിയുടെ ജീവിതവും മരണവും’ എന്ന കൃതിയുടെ മലയാള വിവര്‍ത്തനത്തിന് 2012ല്‍ കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.