ജനപ്രിയമായ കവിതകളിലൂടെയും സവിശേഷമായ ആലാപന ശൈലിയിലൂടെയും ജനഹൃദയങ്ങളില്‍ ചിരപ്രതിഷ്ഠ നേടിയ കവിയാണ് മധുസൂദനന്‍ നായര്‍. മനുഷ്യമനസുകളെ ശ്രവണമധുരമായ കാവ്യാലാപനം കൊണ്ടു നിറച്ച മധുസൂദനന്‍ നായരുടെ മലയാളത്തിലെ ഹൃദ്യമായ എണ്‍പതു കവിതകളുടെ സമാഹാരമാണ് മധുസൂദനന്‍ നായരുടെ കവിതകള്‍ എന്ന ഈ പുസ്തകം. മധുസൂദനന്‍ നായരുടെ കവിതകളുടെ മാധുര്യം കാലത്തിന്റെ വ്യതിയാനങ്ങളില്‍ നിന്ന് മായാതെ വായനക്കാരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് നാറാണത്തു ഭ്രാന്തന്‍ മുതലുള്ള കവിതകള്‍ മധുസൂദനന്‍ നായരുടെ കവിതകള്‍ എന്ന ഒറ്റ പുസ്തകമായി ഡിസി ബുക്‌സ് പുറത്തിറക്കുന്നത്.
കവിയരങ്ങുകള്‍ ഒരു വിഭാഗത്തിന്റെ അഭിരുചികളെ തൃപ്തിപ്പെടുത്തിക്കൊണ്ട് പിന്‍വാങ്ങിയപ്പോള്‍ ഒരു ജനതയുടെ മൊത്തം സ്വീകാര്യതയും ഊഷ്മളതയോടെ ഏറ്റു വാങ്ങിയ മധുസൂദനന്‍ നായര്‍ എന്ന കവി ആ ഇടം നിറച്ചു. തത്വചിന്തകളുടെ ധാരാളിത്തവും ദര്‍ശനങ്ങളുടെ നിഗൂഢ ഭംഗിയും മധുസൂദനന്‍ നായരുടെ കവിതകളില്‍ കാണാം. അതിനു കാരണം ബാല്യകാലം തൊട്ട് കണ്ടു വളര്‍ന്ന വറുതിയും കെടുതിയും പട്ടിണിയും സമൃദ്ധിയും എല്ലാമാണെന്ന് മധുസൂദനന്‍ നായര്‍ പറഞ്ഞിട്ടുണ്ട്. പുണ്യപുരാണം രാമകഥ,സീതായനം, അഗസ്ത്യഹൃദയം, അകത്താര്, പുറത്താര്?, ഉപനിഷദ്, ഗംഗ, തിരസ്‌കാരം, യക്ഷി, മേഘങ്ങളെ കീഴടക്കുവിന്, നടരാജസ്മൃതി, ഒരു പന്തമെരിയുന്നു, സാക്ഷി. കിളിപ്പാട്ട്, സന്താനഗോപാലം, ഒരു കിളിയും അഞ്ച് വേടന്മാരും, ഭരതീയം, വാക്ക്, ഗാന്ധർവ്വം തുടങ്ങി മധുസൂദനന്‍ നായരുടെ അനേകം കൃതികള് ഇതിനകം പുറത്തു വന്നിട്ടുണ്ട്.
അടരുവാന്‍ വയ്യ നിന്‍
ഹൃദയത്തില്‍ നിന്നെനിക്കേതു സ്വര്‍ഗ്ഗം വിളിച്ചാലും ….
ഉരുകി നിന്നാത്മാവിന്നാഴങ്ങളില്‍
വീണു പൊലിയുമ്പോഴാണെന്റെ സ്വര്‍ഗ്ഗം …..
നിന്നിലലിയുന്നതേ നിത്യസത്യം ….
ഒരു കാലത്തിന്റെ തീവ്ര പ്രണയത്തിന് നിറം ചാര്‍ത്തിയ ഓ എൻ വി കുറുപ്പിന്റെ അനശ്വരമായ വരികളാണിത്. മധുസൂദനന്‍ നായരുടെ ആലാപനത്തിൽ കേരളക്കര നെഞ്ചോട് ചേര്‍ത്ത് ചൊല്ലുകയും , കേള്‍ക്കുകയും ചെയ്ത കവിയുടെ കവിതാലോകത്തിലെ ഒരേട്. ‘അടരുവാന്‍ വയ്യ’ എന്ന ഈ കവിത മധുസൂദനന്‍ നായർ ആലപിച്ച ഏറ്റവും ജനകീയ കൃതികളിലൊന്നാണ്.
‘പന്ത്രണ്ടു മക്കളെപ്പെറ്റൊരമ്മേ, നിന്റെ
മക്കളില് ഞാനാണു ഭ്രാന്തന്..
പന്ത്രണ്ടു രാശിയും നീറ്റുമമ്മേ, നിന്റെ
മക്കളില് ഞാനാണനാഥന്..’.(നാറാണത്ത് ഭ്രാന്തന്‍)
കവിതകള് മധുരമായി പാടിക്കൊണ്ട് മലയാളികളെ പുളകമണിയിച്ച മധുസൂദനന്‍ നായരിലെ കവിയെ മലയാളികളറിയുന്നത് 1986 ല് നാറാണത്ത് ഭ്രാന്തന്‍ എന്ന കവിത പ്രസിദ്ധീകരിക്കുന്നതോടെയാണ്. പ്രസിദ്ധീകരിച്ച് എട്ടു വര്ഷത്തിനിനുള്ളില് 20 എഡിഷനുകള് അച്ചടിക്കേണ്ടി വന്ന ഏക മലയാളകൃതിയും നാറാണത്ത് ഭ്രാന്തന്‍ തന്നെ. 1986 ല് നാറാണത്ത് ഭ്രാന്തനെന്ന കവിതയ്ക്ക് കുഞ്ഞുപിള്ള സ്മാരക അവാര്ഡ് ലഭിച്ചു.
‘മകനേ, ഇതിന്ത്യയുടെ ഭൂപടം,
വന്ധ്യയുടെ വയര് പിളര്‌ന്നൊഴുകും
വിലാപവേഗം പോലെ…….
……മകനേ, ഇതിന്ത്യയുടെ ഭൂപടം…'(ഭാരതീയം)
1991 ല് ഭരതീയം എന്ന കവിതയ്ക്ക് കെ. ബാലകൃഷ്ണന് അവാര്ഡ് ലഭിച്ചു. 1993 ല് കേരള സാഹിത്യ അക്കാദമി അവാര്ഡും ആശാന് പുരസ്‌കാരവും മധുസൂദനന്‍ നായർ നേടി.നാറാണത്ത് ഭ്രാന്തന്‍ മുതല്‍ മധുസൂദനന്‍ നായര്‍ ശ്രദ്ധാപൂര്‍വ്വം തെരഞ്ഞെടുത്ത കാവ്യരീതികളുടെ സവിശേഷമായ സമാഹരണമാണ് മധുസൂദനന്‍ നായരുടെ കവിതകള്‍ എന്ന ഈ പുസ്തകം. വായനക്കാരെ കവിതകളുടെ സുഖശീതളിമയിലേക്ക് ഒഴുക്കുന്ന ശ്രേഷ്ഠമായ ഒരു കാവ്യാനുഭവം.
നെയ്യാറ്റിന്കരയിലെ ടൗണ് എല്.പി സ്‌കൂളിലും കോട്ടൂര്‌ക്കോണം ഹൈസ്‌കൂളിലുമായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ധനുവച്ചപുരത്തെ എന്.എസ്.എസ് കോളജ് , എം.ജി. കോളജ് , തിരുവനന്തപുരം, യൂണിവേഴ്‌സിറ്റി കോളജ് , തിരുവനന്തപുരം എന്നിവിടങ്ങളില് നിന്നാണ് മധുസൂദനന്‍ നായർ ഉന്നതബിരുദങ്ങള് കൈക്കലാക്കിയത്. വിദ്യാഭ്യാസത്തിന് ശേഷം നിരവധി ജോലികള് അദ്ദേഹം ചെയ്തിട്ടുണ്ട്. ആദ്യകലത്ത് കേരളശബ്ദത്തിന്റെ കുങ്കുമം വാരികയിലും കോണ്ഗ്രസ്സിന്റെ മുഖപ്പത്രമായ വീക്ഷണത്തിലും ജോലി നോക്കി. പിന്നീട് തിരുവനന്തപുരം ആകാശവാണിയില് പ്രോഗ്രാം അവതാരകനായി കുറച്ചുകാലമുണ്ടായിരുന്നു.സംസ്ഥാന ഭാഷാ ഇന്സ്റ്റിറ്റിയൂട്ടില് പരിഭാഷാ വിഭാഗത്തില് സഹ പത്രാധിപരായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ സെന്റ് സേവിയേഴ്‌സ് കോളജില് മലയാള വിഭാഗം തലവനായിരിക്കെ ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിച്ചു .