മയ്യഴിപ്പുഴയുടെ തീരങ്ങളിലൂടെ ആദ്യദേശത്തിന്റെ കഥപറഞ്ഞ എം മുകുന്ദൻ രണ്ടാം ദേശത്തിന്റെ കഥപറഞ്ഞ് പുതിയൊരു ഇതിഹാസം സൃഷ്ടിക്കുകയാണ്. ഡൽഹി ഗാഥയിലൂടെ ആധുനീക ഇന്ത്യയുടെ സംഭവഗതികൾക്കെല്ലാം സാക്ഷ്യം വഹിച്ച ഡൽഹിയിലെ സാധാരണ മനുഷ്യരുടെ ജീവിതത്തിൽ ചരിത്രത്തിന്റെ ഇടപെടലുകൾ ആവിഷ്കരിക്കുന്ന നോവലിന്റെ പതിനായിരം കോപ്പികൾ അച്ചടിച്ച ആദ്യ വർഷത്തിൽ തന്നെ വിറ്റുതീർന്നു. ഏറെ വായനക്കാരെ ആകർഷിച്ചു കൊണ്ട് മുകുന്ദന്റെ ഡൽഹി ഗാഥകൾ ആറാമത്തെ പതിപ്പ് ഡി സി ബുക്സ് ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്നു.
ഇന്ത്യൻ ജീവിതത്തിന്റെ ഗതിവിഗതികളെ നിർണ്ണയിക്കുന്ന അധികാരസിരാകേന്ദ്രമായ ഡൽഹിയെയും ആയിരത്തിതൊള്ളായിരത്തി അറുപതുകൾ മുതൽ ഇന്നേവരെ അവിടെയുണ്ടായ സംഭവപരമ്പരകളേയും പശ്ചാത്തലമാക്കി രചിച്ച നോവലാണ് ഡൽഹിഗാഥകൾ. ചരിത്ര താളുകളിലെ നായകരും , പ്രതിനായകരുമായി പ്രത്യക്ഷപ്പെടുന്ന വ്യക്തികളല്ല മറിച്ച് ഡൽഹിയിൽ ജീവിക്കാൻ വിധിക്കപ്പെട്ട സാധാരണക്കാരാണ് ഡൽഹിഗാഥകളിലെ കഥാപാത്രങ്ങൾ. അവരുടെ ജീവിതത്തിൽ ചരിത്രവും ചരിത്രസംഭവും എങ്ങിനെയെല്ലാം ഇടപെടുന്നു എന്നും അവരുടെ വൈയക്തിക സാമൂഹ്യ ജീവിതം എങ്ങിനെയെല്ലാം മാറ്റിമറിക്കപ്പെടുന്നു എന്നും നമുക്ക് അനുഭവവേദ്യമാക്കുന്നു. ഇന്ത്യൻ അവസ്ഥയുടെ സങ്കീർണ്ണതകൾ മുഴുവൻ നോവലിലൂടെ
ഇഴപിരിക്കാനുള്ള മുകുന്ദന്റെ വിജയകരമായ ഒരു ശ്രമമാണ് ഡൽഹിഗാഥകൾ.
ഡൽഹിഗാഥയെ ഒ എൻ വി കുറുപ്പ് വിശേഷിപ്പിച്ചത് മോഡേൺ ഇന്ത്യൻ ക്ലാസ്സിക് എന്നാണ്. നോവല്‍ വായിച്ചുകഴിഞ്ഞുള്ള കവിയുടെ സ്വാഭാവിക പ്രതികരണമായിരുന്നു അത്. ഒരു ഇന്ത്യന്‍ നോവലെന്ന് വിശേഷിപ്പിക്കാന്‍ കഴിയുന്ന തരത്തിലുള്ള നോവലുകള്‍ ഇന്ത്യന്‍ നോവല്‍സാഹിത്യചരിത്രത്തില്‍ത്തന്നെ അപൂര്‍വമായിരിക്കും. എം മുകുന്ദന്റെ നോവലുകളുടെ കൂട്ടത്തില്‍ ഈ നോവല്‍ ഏറെ തലയെടുപ്പോടെ നില്‍ക്കുന്നു.സഹദേവനാണ് നോവലിലെ കേന്ദ്രകഥാപാത്രം. അയാള്‍ പുരോഗമന രാഷ്ട്രീയവീക്ഷണമുള്ള ആളും നോവലിസ്റ്റും പ്രപഞ്ചത്തോളം വലിയ മനുഷ്യസ്നേഹം ഉള്ളില്‍പേറുന്ന ആളുമാണ്. അയാളെ ഡല്‍ഹിയിലേക്ക് കൊണ്ടുവന്നത് ആദ്യകാലങ്ങളില്‍ത്തന്നെ ഡല്‍ഹിയില്‍ എത്തിയ കമ്യൂണിസ്റ്റായ ശ്രീധരനുണ്ണിയാണ്.
40 വര്‍ഷത്തോളമുള്ള സഹദേവന്റെ ജീവിതത്തിന് നോവലില്‍ യവനിക വീഴുമ്പോഴാണ് വായനക്കാര്‍ ഇത് ഒരുനോവലിന്റെ കഥയാണെന്ന് തിരിച്ചറിയുന്നത്. വിസ്മയകരമായ വായനാനുഭവമായി ഇത് വായനക്കാരില്‍ നിറയുന്നു. ഡല്‍ഹി എന്ന രാജ്യതലസ്ഥാനത്തെ കേന്ദ്രപ്രമേയവും ഭൂമികയുമാക്കിയ നോവലില്‍ നാല്‍പ്പതുവര്‍ഷക്കാലത്തെ ഡല്‍ഹിയുടെ രാഷ്ട്രീയ- സാമൂഹിക ജീവിതവും തെളിഞ്ഞുമറയുന്നു. പഞ്ചാബി, മലയാളി, ബംഗാളി, തമിഴ്, ബിഹാറി തുടങ്ങിയ വ്യത്യസ്തഭാഷണ സമൂഹങ്ങളോടുകൂടിയ ഡല്‍ഹിയെ സാംസ്കാരികവൈവിധ്യത്തോടുകൂടിത്തന്നെ മുകുന്ദന്റെ ചേതോഹരമായ വിവരണകല പിടിച്ചെടുക്കുകയാണ്. മുകുന്ദനെ സംബന്ധിച്ചിടത്തോളം തന്റെ സംഘര്‍ഷഭരിതമായ ദല്‍ഹി ജീവിതത്തിന്റെ ഭാരം ഇറക്കിവയ്ക്കല്‍കൂടിയായി തീരുകയായിരുന്നു ഈ നോവല്‍രചന.