മാസ്മരികമായ രചനാരീതി കൊണ്ട് വായനക്കാരെ ത്രസിപ്പിക്കുന്ന ബെന്യാമിന്റെ പുതിയനോവൽ തികച്ചും കേരള പശ്ചാത്തലത്തിലുള്ളതായിരിക്കും. ആടുജീവിതം എന്ന ഒരൊറ്റ നോവൽ കൊണ്ട് വായനക്കാരെ തന്നിലേക്കടുപ്പിച്ച മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ തന്റെ പുതിയ നോവലിനെ കുറിച്ച് വാചാലനായപ്പോൾ വായനയുടെ മറ്റൊരു ലോകം തുറക്കപ്പെടുകയാണ്. മഞ്ഞവെയിൽ മരണങ്ങളും അക്കപ്പോരിന്റെ ഇരുപതു നസ്രാണി വർഷങ്ങളുമൊക്കെ എഴുത്തുകാരനിൽ സൃഷ്ടിച്ച ആത്മനിർവൃതിയുടെ തുടർച്ചയായിരിക്കും ബെന്യാമിന്റെ പുതിയ നോവൽ.
പുതിയ നോവലിനെ കുറിച്ച് ബെന്യാമിൻ
”കേരള പശ്ചാത്തലത്തിൽ എഴുതിയിരിക്കുന്ന നോവലാണ്. അക്കപോരിന്റെ ഇരുപത് നസ്രാണി വർഷങ്ങൾ എന്ന നോവലിന്റെ തുടർച്ചയായിരിക്കും പുതിയ നോവൽ. പേര് തീരുമാനിച്ചിട്ടില്ല. ഡിസി ബുക്ക്സ് പുറത്തിറക്കുന്ന പുസ്തകം സെപ്റ്റംബറോടുകൂടി വിപണിയിൽ എത്തും. കേരളത്തിൽ വന്ന് സെറ്റിലായതിനു ശേഷം സമ്പൂർണ്ണമായി കേരള പശ്ചാത്തലത്തിൽ എഴുതുന്ന ഒരു നോവൽ എന്ന നിലയിൽ പ്രതീക്ഷയുണ്ട്. മാത്രമല്ല എന്റെ എഴുതപ്പെട്ട നോവലുകളിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നോവലായിരുന്നു അക്കപോരിന്റെ ഇരുപത് നസ്രാണി വർഷങ്ങൾ. അതിന്റെ വ്യത്യസ്ത സ്വഭാവം, അതിന്റെ ഗ്രാമീണത ഒക്കെ പുതിയ നോവലിലും കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ട്. ഒരു നാടിന്റെ സ്വഭാവം, അത് പുലർത്തുന്ന പല രീതികൾ, ഇരുപത് വർഷത്തിന്റെ ചരിത്രം ഒക്കെ അക്കപ്പോരിന്റെ ഇരുപത് വർഷങ്ങളിൽ കാണാം. അക്കപ്പോരിന് ശേഷമുള്ള ഇരുപതു വർഷത്തെ ചരിത്രം ആണ് പുതിയ നോവലിൽ പറയുന്നത് അതിൽ ദേശത്തിനുണ്ടായിട്ടുള്ള മാറ്റങ്ങളും രാഷ്ട്രീയപശ്ചാത്തലങ്ങളും കടന്നുവരുന്നു”
നാല് നോവലുകളുടെ സഞ്ചയം എഴുതണമെന്നാണ് ആഗ്രഹം. ക്രിസ്ത്യൻ വിശ്വാസം അനുസരിച്ച് എൺപത് വർഷമാണ് ഒരു മനുഷ്യന്റെ ആയുസ്സ് എന്ന് പറയാറുണ്ട്. നാല് ഇരുപതുകളുടെ കാലഘട്ടം. ഇങ്ങനെ ഇരുപത് വർഷങ്ങൾ വീതം രേഖപ്പെടുത്തുന്ന നാല് നോവലുകൾ. എൺപത് വർഷങ്ങളുടെ ചരിത്രം. ആ ശ്രേണിയിലെ രണ്ടാമത്തെ നോവൽ ആണ് പുതിയ നോവൽ എന്ന് പറയാം.
സഭയുടെ ചരിത്രത്തിന് അക്കപ്പോരിന്റെ ഇരുപത് നസ്രാണിവർഷങ്ങൾ എന്ന നോവലിൽ പ്രാധാന്യമുണ്ടായിരുന്നു. എന്നാൽ പുതിയ നോവലിൽ 20 വർഷത്തെ സാമൂഹിക രാഷ്ട്രീയ ചരിത്രമാണ് പറയാൻ ശ്രമിക്കുന്നത്. ഒരു ‘പൊളിറ്റിക്കൽ സറ്റയർ’ എന്ന് പുതിയ നോവലിനെ വിശേഷിപ്പിക്കാനാണ് എനിക്ക് ഇഷ്ടം. സഭയുടെ ചരിത്രം എന്നതിൽ നിന്ന് മാറി ഇരുപത് വർഷത്തെ കേരള ചരിത്രത്തിന്റെ സൂഷ്മമായ അടയാളപ്പെടുത്തലിനാണ് ഈ നോവലിൽ ശ്രമിച്ചിരിക്കുന്നത്. പ്രത്യേകിച്ച് മധ്യതിരുവിതാംകൂറിന്റെ ഒരു സമാന്തര ചരിത്രം.