പ്രകൃതി വിഭവങ്ങളാല്‍ സമ്പന്നമായ സംസ്ഥാനമാണ് കേരളം. ജൈവവൈവിധ്യങ്ങളുടെ കലവറയായ പശ്ചിമഘട്ടവും പുഴകളും കൃഷിക്ക് അനുയോജ്യമായ കാലാവസ്ഥയും എല്ലാം കേരളത്തിന്റെ ഹരിതഭംഗിക്ക് മാറ്റുകൂട്ടുന്നു. പക്ഷേ, സ്വാതന്ത്യാനന്തരം ഇന്ത്യയെ നയിച്ച വികസനസങ്കല്പങ്ങളില്‍നിന്ന് കേരളവും മുക്തമായിരുന്നില്ല. വലിയ അണക്കെട്ടുകള്‍, വൈദ്യുതനിലയങ്ങള്‍ വ്യാവസായിശാലകള്‍ തുടങ്ങി വികസനവഴിയിലെ സുപ്രധാനഘടകങ്ങളെല്ലാം ഇവിടെ തലപൊക്കി. ഇവയെല്ലാം കാലക്രമേണ നമ്മുടെ സുന്ദരമായ പ്രകൃതിക്ക് നാശംവിതയ്ക്കുന്നവയായിത്തീര്‍ന്നു. നദീതിരങ്ങളില്‍ തലപൊക്കിയ ഫാക്ടറികള്‍ മലിനജലവും മലിനമായവായുവും പുറംതള്ളാന്‍തുടങ്ങി. വൈപ്പിന്‍ശാലയും, കണ്ണൂരിലെ മോത്തി കെമിക്കല്‍സും, കാതിക്കൂടം നീറ്റാലജാറ്റിനും, പ്ലാച്ചിമടയും ഒക്കെ നമ്മുടെ മുന്നില്‍ ഇതിനുതെളിവായി ഇന്നും അവശേഷിക്കുന്നു. ഇതുപോലെ കാര്‍ഷികരംഗത്തും കുതിച്ചുചാട്ടങ്ങളുണ്ടായി. വിഷാംശംകലര്‍ന്ന രാസവസ്തുക്കള്‍ അവയുടെ ഉത്പാദനത്തില്‍ വര്‍ദ്ധനവുണ്ടാക്കിയപ്പോള്‍ അത്,മനുഷ്യന്റെ ആരോഗ്യത്തെ നശിപ്പിച്ചുകൊണ്ടിരുന്നു. എന്‍ഡോസള്‍ഫാന്‍ ദുരന്തം ഇതിന്റെ അനന്തരഫലമാണ്. മാത്രമല്ല ക്വാറികളും കരിമണല്‍ഖനനവും, സൈലന്റ് വാലിയുമെല്ലാം അക്ഷരാര്‍ത്ഥത്തില്‍ പ്രകൃതിചൂഷണത്തിന്റെ അടിസ്ഥാനഘടകങ്ങള്‍തന്നൊയാണ്.
കേരളത്തില്‍ നിരവധി പരിസ്ഥിതി സമരങ്ങള്‍ നടന്നിട്ടുണ്ട്. എണ്‍പതുകള്‍ക്കുശേഷം ശക്തമായ, പരിസ്ഥിതിയെ കുറിച്ചുള്ള വ്യവഹാരങ്ങള്‍ കേരളത്തിലെ പാര്‍ശ്വവത്കൃത സമുദായങ്ങളുടെ പശ്ചാത്തലത്തില്‍ നിന്ന് വളരെ അപൂര്‍വമായേ വിലയിരുത്തപെട്ടിട്ടുള്ളൂ. ‘സൈലന്റ് വാലി പ്രക്ഷോഭങ്ങള്‍’ മുതല്‍ എന്ന് പൊതുവെ അടയാളപെടുത്താറുള്ള കേരളത്തിലെ പരിസ്ഥിതി രാഷ്ട്രീയത്തിന്റെ ചരിത്രം, കേരളത്തിലെ ദലിത് ബഹുജന്‍ പിന്നോക്ക ന്യൂനപക്ഷ സമൂഹങ്ങളുടെ അതിജീവന ചരിത്രത്തിന്റെയും അവരുടെ പോരാട്ടത്തിന്റെയും പശ്ചാതലത്തില്‍ വിലയിരുത്തുന്ന പഠനങ്ങള്‍ അതുകൊണ്ടുതന്നെ അനിവാര്യമാണ്. വി എന്‍ ഹരിദാസ് രചിച്ച കേരളത്തിലെ പരിസ്ഥിതി മുന്നേറ്റങ്ങള്‍ ഇനിവരുന്നൊരു തലമുറയ്ക്ക് എന്ന പുസ്തകം ഇവിടെയാണ് പ്രസക്തമാകുന്നത്. കേരളത്തില്‍ ഇന്നോളം നടന്നിട്ടുള്ള പ്രധാന പ്രകൃതി സംരക്ഷണത്തിന്റെ.. പോരാട്ടത്തിന്റെ ചരിത്രമാണ് ഈ പുസ്തകം. വ്യവസായ മലിനീകരണം, പ്രകൃതിവിഭവ സംരക്ഷണം, മാലിന്യം തുടങ്ങി മൂന്നുഭാഗങ്ങളായി തിരിച്ചാണ് വി എന്‍ ഹരിദാസ് കേരളത്തിലെ പരിസ്ഥിതി മുന്നേറ്റങ്ങളെക്കുറിച്ച് സവിസ്തരം എഴുതിയിരിക്കുന്നത്.
അറുപതാണ്ടുകള്‍ക്കിടയില്‍ പരിസ്ഥിതി സംരക്ഷണത്തിനായി കേരളത്തില്‍ നടന്ന മുന്നേറ്റങ്ങളുടെ ചരിത്രം അടയാളപ്പെടുത്തിയ ഈ പുസ്തകം കേരളത്തിന്റെ സാമൂഹികസാംസ്‌കാരികചരിത്രത്തെ അടയാളപ്പെടുത്തുന്ന കേരളം 60 പുസ്തകപരമ്പരയില്‍ ഉള്‍പ്പെടുത്തിയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.