25 കൊല്ലം മുമ്പ് തുടങ്ങിയ സാമ്പത്തിക പരിഷ്‌കരണ നടപടികളിലെ ഏറ്റവും വലിയ നികുതിപരിഷ്‌കാരമായ ജി എസ് ടിക്ക് (ചരക്ക് സേവന നികുതി) രാജ്യം വഴിമാറുകയാണ്. ചരക്കു സേവന നികുതി മേഖലയിലെ അഴിമതി ഇല്ലാതാക്കുന്നതിനും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള നികുതി സമന്വയിപ്പിച്ച് ഒരു ദേശീയ സെയില്‍സ് ടാക്‌സ് കൊണ്ടുവരുന്നതിനുമാണ് ജി.എസ്.ടി നടപ്പാക്കുന്നത്. 27 ശതമാനം നികുതിയാണ് സര്‍ക്കാരിന്റെ പരിഗണനയിലുള്ളത്. രാജ്യന്തര തലത്തില്‍ 16 ശതമാനമായിരിക്കേയാണ് ഇന്ത്യയില്‍ 27 ശതമാനം പരിഗണിക്കുന്നത്. അന്തസ്സംസ്ഥാന ക്രയവിക്രയങ്ങള്‍ക്കായി ഐ.ജി.എസ്.ടി. (integrated goods and service tax) എന്ന തത്ത്വത്തെ ആധാരമാക്കിയുള്ള നികുതി, സംവിധാനം നടപ്പാക്കാനുള്ള നിര്‍ദ്ദേശം അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഈ സംവിധാനത്തില്‍ എല്ലാ അന്തര്‍സംസ്ഥാന ക്രയവിക്രയങ്ങളിലും കേന്ദ്ര സര്‍ക്കാര്‍ ഐ.ജി.എസ്.ടി. പിരിക്കും.
ഭരണഘടനയില്‍ ഭേദഗതിവരുത്തി പുതിയ നികുതിഘടന ഏര്‍പ്പെടുത്താന്‍ ശുപാര്‍ശ ചെയ്യുന്നതാണ് പത്ത് ഭേദഗതി നിര്‍ദ്ദേശങ്ങള്‍ അടങ്ങുന്ന ചരക്ക് സേവന നികുതി ബില്ല്. 122-ാം ഭരണഘടന ഭേദഗതിബില്ലാണിത്. GST നിലവില്‍ വരുന്നതോടെ വാറ്റ്/വില്പന നികുതി, വിനോദനികുതി, ആഡംബര നികുതി, ലോട്ടറി, ചൂതുകളി, വാതുവയ്ക്കല്‍ തുടങ്ങിയവയിന്മേലുള്ള നികുതികള്‍, സംസ്ഥാനങ്ങള്‍ ചുമത്തുന്ന സെസ്സുകള്‍, സര്‍ച്ചാര്‍ജ്ജുകള്‍, ഒക്‌ട്രോയി(നഗരചുങ്കം) എന്നിവ ഇല്ലാതാകും. നിലവിലെ നികുതി ഘടനയില്‍ നിന്നും GST എങ്ങനെ വ്യത്യസ്തമാകുന്നു, അതെങ്ങനെ പ്രവര്‍ത്തിക്കുന്നു, പാര്‍ലമെന്റ് അംഗീകാരം നല്കിയാല്‍ എന്ത് സംഭവിക്കും എന്നിങ്ങനെയുള്ള കാര്യത്തില്‍ ജനങ്ങള്‍ക്കും,വ്യവസായികള്‍ക്കും ആശങ്കയുണ്ട്. ഈ ആശങ്കകള്‍ പരിഹരിക്കുന്നതിനായി സാമ്പത്തിക വിദഗ്ധനും, ഗുലാത്തി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിനാന്‍സ് ആന്റ് ടാക്‌സേഷനില്‍ പ്രൊഫസറുമായ ജോസ് സെബാസ്റ്റിയന്‍ തയ്യാറാക്കുന്ന പുസ്തകമാണ് GST അറിയേണ്ടതെല്ലാം.
GST യെ സംബന്ധിച്ച സര്‍വ്വസംശയങ്ങള്‍ക്കുമുള്ള ഉത്തരങ്ങള്‍ ഉള്‍ക്കൊള്ളുന്ന പുസ്തകമാണ് GSTഅറിയേണ്ടതെല്ലാം. ചരക്ക് സേവന നികുതി എന്ത്? എന്തുകൊണ്ട്?, നമ്മുടെ ചരക്ക് സേവന നികുതി സമ്പ്രദായം, ചരക്ക് സേവന നികുതിയിലെ നിരക്കുകള്‍, നികുതി ബാദ്ധ്യത, രജിസ്‌ട്രേഷന്‍, റിട്ടേണ്‍ സമര്‍പ്പണം, നികുതി ഒടുക്കല്‍, ചരക്ക് സേവന നികുതി പ്രായോഗികതലത്തില്‍, ചരക്ക് സേവന നികുതി: വളരാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള വന്‍ അവസരം തുടങ്ങി ജിഎസ്ടിയുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങളും ഈ പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്.
ഉയര്‍ന്ന വിറ്റുവരവിലേയ്ക്കും ലാഭത്തിലേയ്ക്കും വളരാന്‍ ആഗ്രഹിക്കുന്ന വ്യാപാരികള്‍, സേവന ദാദാക്കള്‍, വ്യവസായികള്‍ എന്നിവര്‍ക്ക് ചരക്ക് സേവന നികുതി എങ്ങനെ പ്രയോജനപ്പെടുത്താം എന്നതിനെക്കുറിച്ചും ഉദാഹരണങ്ങളിലൂടെ ചൂണ്ടിക്കാട്ടുന്നു. അനുബന്ധമായി വിവിധ സേവനങ്ങളുടെ ചരക്കുകളുടെയും നികുതി നിരക്കുകള്‍ വിശദമായി നല്‍കിയിരിക്കുന്നു. ജൂലൈ 10ന് പുറത്തിറങ്ങുന്ന പുസ്തകം പ്രീ ഓഡറിലൂടെയും വായനക്കാര്‍ക്ക് സ്വന്തമാക്കാം.