പൊറോട്ട കഴിക്കുന്നതിന്റെ ദൂഷ്യ വശങ്ങളെ കുറിച്ച് പറയുന്ന ഒരു വീഡിയോ അടുത്തിടെയാണ് ഭാവന യു ട്യൂബിൽ കണ്ടത്. വീഡിയോ കണ്ടതിന്റെ ചൂടാറും മുൻപേ അടുത്ത ദിവസം തന്നെ ഭവന ചൂട് പൊറോട്ട രുചിച്ചു. താനൊരു പൊറോട്ട പ്രേമിയാണെന്ന രഹസ്യം പരസ്യപ്പെടുത്താനും ഭാവനയ്ക്ക് മടിയൊന്നുമില്ല.
” പലപ്പോഴും വിചാരിക്കും പൊറോട്ട കഴിക്കരുത് , കഴിക്കരുതെന്ന് . പക്ഷെ നല്ല ഇളം ചൂടുള്ള സോഫ്റ്റായ പൊറോട്ട കിട്ടിയാൽ ആരാ കഴിക്കാത്തേ ?’ ചിരിയോടെ ഭാവനയുടെ ചോദ്യം.
തട്ടുകടകളിലെ ഭക്ഷണം ഇഷ്ടമാണെങ്കിലും തട്ടുദോശ ഭാവനയ്ക്ക് തീരെ ഇഷ്ടമല്ല.
” കട്ടിയുള്ള ദോശ എനിക്ക് ഇഷ്ടമല്ല. നെയ്‌റോസ്‌റ്റ് പോലെ മൊരിഞ്ഞ നേരിയ ദോശയാണെങ്കിൽ കഴിക്കാം. പക്ഷെ അത്തരം ദോശ തട്ടുകടകളിൽ പ്രതീക്ഷിക്കാൻ പറ്റില്ലല്ലോ !”
രാത്രികളിൽ റോഡുമാർഗം യാത്ര ചെയ്യുമ്പോഴെല്ലാം ഭവന അത്താഴത്തിനായി തട്ടുകടകളെ തന്നെയാണ് ആശ്രയിക്കാറ്. വലിയ ഹോട്ടലിൽ പോയി ഓർഡർ ചെയ്ത് കഴിച്ചിറങ്ങുന്നതിന്റെ നാലിലൊന്ന് സമയം വേണ്ട തട്ടുകടയിൽ നിന്ന് ഭക്ഷണം കഴിക്കാൻ. കാറിലിരുന്ന് കഴിക്കാം. സമയലാഭമുണ്ട്. മിക്കപ്പോഴും അതീവ രുചികരമായ ഭക്ഷണമായിരിക്കും തട്ടുകടകളിൽ നിന്ന് ലഭിക്കുക. അത്തരം കടകൾ തേടിപോകാറുണ്ട് പലപ്പോഴും. ചില തട്ടുകടകളിൽ സദാ മട്ടിലുള്ള രുചിയേ കിട്ടൂ. തീരെ രുചികരമല്ലാത്ത വിഭവങ്ങൾ കിട്ടുന്ന തട്ടുകടകളുമുണ്ട്.
പലപ്പോഴും ഉറ്റവരോടും ഉറ്റ ചങ്ങാതിമാരോടും നമ്മൾ പറയാറുണ്ട്. ” ഇന്നാള് പോയപ്പോ കഴിച്ച ആ തട്ടുകടയിലെ രുചി എന്നൊക്കെ ”…
തൃശ്ശൂർ പൂങ്കുന്നത്ത് ഒരു തട്ടുകടയുണ്ട്. അവിടെപ്പോയി പൊറോട്ടയും ചിക്കൻ കറിയും ഓംലെറ്റും ഞാനെത്ര തവണ കഴിച്ചിട്ടുണ്ടെന്നോ !”
കൊള്ളി (കപ്പ) കുഴമ്പുപോലെ വേവിച്ചെടുത്ത് അതിൽ മുട്ട പൊട്ടിച്ചൊഴിച്ച് ബീഫിന്റെ ഗ്രേവി തൂവി തരുന്ന വിഭവമാണ് തൃശ്ശൂരിലെ തട്ടുകടകളുടെ ഹൈലൈറ്റ്. ഞാൻ ബീഫ് കഴിക്കാത്തതുകൊണ്ട് അതൊഴിവാക്കും.
തൃപ്രയാർ അമ്പലത്തിൽ തൊഴാൻ പോകുമ്പോളൊക്കെ തിരിച്ചു വരുമ്പോൾ തൃപ്രയാറിൽ തട്ടുകടയിൽ നിന്ന് ഭക്ഷണം കഴിക്കുന്നതും പ്ലാൻ ചെയ്തിട്ടാവും പോകുന്നത്. നല്ല ചിക്കൻ കറിയും നല്ല ഗ്രേവിയും കിട്ടും തൃപ്രയാറിലെ തട്ടുകടയിൽ. വീട്ടിൽ നോൺ വെജ് പാചകം ചെയ്യാത്തതുകൊണ്ട് പുറത്തൊക്കെ പോകുമ്പോൾ ഞാൻ ചിക്കനും മുട്ടയുമൊക്കെ കഴിക്കാറുണ്ട്. പിന്നെ മസാല പുരട്ടി വേവിച്ചു തരുന്ന കാടമുട്ട.
തൃശ്ശൂർ നിന്ന് തിരുവനന്തപുരത്തേക്ക് പോകുമ്പോൾ ആലപ്പുഴ , കൊല്ലം ഭാഗങ്ങളിലെ തട്ടുകടകളിൽ നിന്ന് ഒരുപാട് തവണ ഭക്ഷണം കഴിച്ചിട്ടുണ്ട്. വല്ലപ്പോഴും മാത്രമാണ് ”ഇന്നത്തെ അത്ര രസമായില്ലല്ലോ എന്ന് തോന്നുന്നത് ‘.
മിക്കപ്പോഴും നല്ല രുചിയുള്ള ഭക്ഷണം തന്നെയാവും ഒട്ടുമിക്ക തട്ടുകടകളിലേതും. തിരുവനന്തപുരം ഡെസ്റ്റിനേഷൻ ആയതുകൊണ്ട് തിരുവനന്തപുരത്തെ തട്ടുകടകളിൽ നിന്ന് ഭക്ഷണം കഴിക്കാൻ പറ്റിയിട്ടില്ല. രാത്രി മിക്കവാറും താമസിക്കുന്ന ഹോട്ടലിൽ ചെക്ക് -ഇൻ ചെയ്യാറാണ് പതിവ്.
തട്ടുകടകളോട് ചേർത്ത് നിർത്തി കാറിലിരുന്ന് ഭക്ഷണം കഴിക്കാൻ രസമാണ്. ഷേഡുള്ള വിൻഡ് ഗ്ലാസ്സുള്ളതുകൊണ്ട് ആരും അറിയില്ല. രാത്രി എത്ര വിശന്നാലും വലിയ ഹോട്ടൽ വേണ്ട തട്ടുകടകൾ മതിയെന്ന് വാശിപിടിച്ച് എത്രയോദൂരം ഞാൻ സഞ്ചരിച്ചിട്ടുണ്ട്. തട്ടുകടയിലെ രുചികളോടുള്ള ഇഷ്ടം കൊണ്ടാണത്.
കേരളത്തിന് പുറത്തെ തട്ടുകടകളിലെ രുചികളും പരീക്ഷിക്കണമെന്ന് പലരും പറയാറുണ്ടെങ്കിലും ഇതുവരെ അതിന് സാധിച്ചിട്ടില്ല. കേരളത്തിലെ പോലെ കേരളത്തിന് പുറത്ത് പോയാൽ കിലോമീറ്ററോളം കാറിൽ സഞ്ചരിക്കേണ്ട ആവശ്യം വരാത്തത് കൊണ്ടാവും ഇതുവരെ മറുനാടൻ തട്ടുകടകളിലെ രുചികൾ നുകരാൻ ഭാഗ്യം കിട്ടാത്തത്.
പറഞ്ഞു നിർത്തുമ്പോഴും നാവിൽ വീണ്ടുമൊരു തട്ടുകട വിഭവത്തിന്റെ രുചിയൂറുന്നുണ്ടായിരുന്നു ഭാവനയ്ക്ക്.
ഡി സി ബുക്സ് പ്രസിദ്ധീകരിച്ച കേരളത്തിലെ പ്രമുഖരുടെ തട്ടുകടയോർമ്മകൾ പങ്കിടുന്ന ‘ഡബിൾ ഓംലറ്റ് : ഞങ്ങളുടെ തട്ടുകട’ എന്ന പുസ്തകത്തിലാണ് നടി ഭാവനയുൾപ്പെടെയുള്ള രാഷ്ട്രീയ സാംസ്കാരിക സാമൂഹ്യ മേഖലകളിലെ പ്രശസ്തർ തങ്ങളുടെ തട്ടുകട രുചികൾ വായനക്കാരുമായി പങ്കുവയ്ക്കുന്നത്. ചലച്ചിത്ര പത്ര പ്രവർത്തകനായ എസ്. അനിൽ കുമാറാണ് പുസ്തകം തയ്യാറാക്കിയത്.
എല്ലാവർക്കും ഒരുപോലെ ആശ്രയിക്കാവുന്ന വലിയ രുചികളുടെ ചെറിയ ഇടങ്ങളാണ് തട്ടുകടകൾ. സക്കറിയ , കാനായി കുഞ്ഞിരാമൻ , എം എ ബേബി , പന്ന്യൻ രവീന്ദ്രൻ , മുകേഷ് , ലാൽ ജോസ് , എം . ജി ശശിഭൂഷൺ , ദീപ നിശാന്ത് , ഭാവന എന്നീ പ്രമുഖരുടെ പ്രിയ രുചിയിടങ്ങളായി മാറിയ ചില തട്ടുകട വിശേഷങ്ങളാണ് കേരളം 60 പുസ്തക പരമ്പരയിലെ ‘ഡബിൾ ഓംലറ്റ് : ഞങ്ങളുടെ തട്ടുകട’. പുസ്തകത്തിന്റെ ആദ്യ പതിപ്പാണ് ഇപ്പോൾ വിപണിയിൽ.