പ്രശസ്ത എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ അരുന്ധതി റോയിക്കെതിരെയുള്ള കോടതിയലക്ഷ്യ നടപടി സുപ്രീംകോടതി സ്‌റ്റേ ചെയ്തു. 2015ല്‍ ബോംബെ ഹൈക്കോടതിയായിരുന്നു അരുന്ധതിക്കെതിരെ നടപടിക്ക് ഉത്തരവിട്ടിരുന്നത്. മാവോവാദിബന്ധമാരോപിച്ച് പോലീസ് അറസ്റ്റുചെയ്ത ഡല്‍ഹി സര്‍വകലാശാലയിലെ പ്രൊഫസര്‍ ജി. സായിബാബയ്ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പച്ചെഴുതിയ ലേഖനമാണ് അരുന്ധതിയെ കുരുക്കിലാക്കിയത്. സായിബാബയ്ക്ക് ജാമ്യം നിഷേധിച്ചതിനെത്തുടര്‍ന്ന് ഔട്ട്‌ലുക്ക് മാസികയിലെഴുതിയ ലേഖനം ജുഡീഷ്യറിയെ അവഹേളിക്കുന്നതാണെന്നായിരുന്നു ആരോപണം.
ഇന്ത്യയെപ്പോലെ സഹിഷ്ണുത നിലനില്‍ക്കുന്ന ഒരു രാജ്യത്ത് സര്‍ക്കാരിനും പൊലീസിനും സായിബാബയെ ഭയമാണെന്നും മജിസ്‌ട്രേറ്റ് ഒരു ചെറിയ പട്ടണത്തില്‍ നിന്നും വരുന്ന ആളാണെന്നും പറയുന്നത് എഴുത്തുകാരിയുടെ മോശപ്പെട്ട മനോഭാവമാണ് വെളിവാക്കുന്നതെന്ന് ജസ്റ്റിസ് എ.ബി ചൗധരി നിരീക്ഷിച്ചിരുന്നു. ബാബു ബജ് റംഗിക്കും മായ കോട്‌നാനിക്കും അമിത് ഷാക്കും ജാമ്യം നല്‍കിയ ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടി നിയമപീഠത്തെ ചോദ്യം ചെയ്യാനും അപമാനിക്കാനും എഴുത്തുകാരി മുതിര്‍ന്നുവെന്നും ജസ്റ്റിസ് ചൗധരി ആരോപിച്ചിരുന്നു.
നേരത്തെ കോടതിയലക്ഷ്യക്കേസ് സ്‌റ്റേചെയ്യണമെന്നാവശ്യപ്പെട്ട് അരുന്ധതി റോയി സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളിയിരുന്നു. കേസ് പരിഗണിക്കുന്ന ബോംബെ ഹൈക്കോടതിയുടെ നാഗ്പുര്‍ ബെഞ്ചിനു മുമ്പാകെ അരുന്ധതി നേരിട്ടു ഹാജരാകണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു