മന്‍ കി ബാത്ത് എന്ന ജനപ്രിയ റേഡിയോപരിപാടിക്കുശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി പുസ്തകരചനയിലേക്കുതിരിയുന്നു. രാജ്യം ഭരിക്കുന്ന തിരക്കിനിടയിലും യുവതലമുറയ്ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ആത്മവിശ്വാസവും നല്‍കാനാണ് പ്രധാനമന്ത്രി എഴുത്തിന്റെ ലോകത്തേക്ക് പ്രവേശിക്കുന്നത്. യുവാക്കള്‍ക്കായി രചിക്കുന്ന ഈ പുസ്തകം ഈ വര്‍ഷം അവസാനത്തോടെ പുറത്തിറങ്ങും. പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് ആണ് പ്രസാധകര്‍. വിവിധ ഇന്ത്യന്‍ ഭാഷകളില്‍ പുസ്തകം പുറത്തിറങ്ങും. വിദ്യാര്‍ത്ഥികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍,പരീക്ഷാ സമ്മര്‍ദ്ദം മറികടക്കുക, സമചിത്തത നിലനിര്‍ത്തുക തുടങ്ങിയവയും പരീക്ഷകള്‍ക്കു ശേഷം മുന്നോട്ടുള്ള ലക്ഷ്യവുമാണ് പുസ്തകത്തിലെ വിഷയങ്ങള്‍.
പത്താം ക്ലാസ്, 12-ാം ക്ലാസ് പരീക്ഷകളെഴുതുന്ന വിദ്യാര്‍ഥികള്‍ക്ക് അത്യാവശ്യമായ വിഷയങ്ങളാണ് പുസ്തകത്തിലുണ്ടാവുക. അറിവ്, മാര്‍ക്ക് തുടങ്ങിയവ മാത്രമല്ല ഭാവിയുടെ ഉത്തരവാദിത്വങ്ങളെക്കുറിച്ചും വിദ്യാര്‍ഥികളുമായി ചര്‍ച്ച ചെയ്യുന്ന പുസ്തകം പരീക്ഷയ്ക്കു തയ്യാറെടുക്കുന്ന വിദ്യാര്‍ഥികളുടെ കൂട്ടുകാരനായിരിക്കുമെന്നും പ്രസാധകര്‍ വ്യക്തമാക്കുന്നു.
മോദി തന്നെയാണ് ഇത്തരമൊരു പുസ്തകത്തിന്റെ ആശയം മുന്നോട്ടുവെച്ചത്. ‘മന്‍ കി ബാത്തിന്’ ലഭിച്ച വലിയ സ്വീകാര്യതയാണ് പുസ്തക രചനയിലേക്ക് അദ്ദേഹത്തെ എത്തിച്ചത്. തന്റെ ഹൃദയത്തോട് ചേര്‍ന്നു നില്‍ക്കുന്ന വിഷയമാണ് പുസ്തക രചനയ്ക്ക് തിരഞ്ഞെടുത്തിരിക്കുന്നതെന്നും യുവാക്കള്‍ നയിക്കുന്ന ഒരു നാളേയ്ക്കുവേണ്ടിയുള്ള തന്റെ കാഴ്ചപ്പാടുകളാണ് പുസ്തകത്തിലുണ്ടായിരിക്കുകയെന്നും മോദി വ്യക്തമാക്കുന്നതായി പ്രസാധകര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
സര്‍ക്കാരിതര സംഘടനയായ ബ്ലൂക്രാഫ്റ്റ് ഡിജിറ്റല്‍ ഫൗണ്ടേഷനാണ് പുസ്തകം തയ്യാറാക്കാനാവശ്യമായ സാങ്കേതിക-വിവരസഹായങ്ങള്‍ നല്‍കുന്നത്.