മാനസം, ജംഗമം, സ്ഥാവരം എന്നിങ്ങെന തീര്‍ത്ഥങ്ങള്‍ മൂന്നു വിധമാകുന്നു. തീര്‍ത്ഥങ്ങളുടെ ദര്‍ശനത്തിനായി പോകുന്നവര്‍ അതായത് തീര്‍ത്ഥാടകര്‍, ഈ മൂന്നു വിധ തീര്‍ത്ഥങ്ങളാലും ശുദ്ധി വരുത്തേണ്ടതാണ്. സത്യം, ക്ഷമ, ഇന്ദ്രിയ സംയമം, കരുണ, മധുരമായ സംസാരം, ജ്ഞാനം, തപസ്സ് എന്നിവ മാനസതീര്‍ത്ഥങ്ങളാണ്. ജ്ഞാനികളായ സജ്ജനങ്ങള്‍ ജംഗമതീര്‍ത്ഥങ്ങളാണ്. മക്കള്‍ക്ക് അച്ഛനമ്മമാരും, ഭാര്യയ്ക്ക് ഭര്‍ത്താവും, ഭര്‍ത്താവിന് ഭാര്യയും, ശിഷ്യനു ഗുരുവും ദുര്‍ഗുണങ്ങളെ അകറ്റി ശുദ്ധി പ്രദാനം ചെയ്യുന്ന സഞ്ചരിക്കുന്ന തീര്‍ത്ഥരൂപങ്ങളാണ്. പുണ്യനദികള്‍, പുണ്യപര്‍വതങ്ങള്‍, പുണ്യസ്ഥലങ്ങള്‍, പുണ്യഗുഹകള്‍, പുണ്യവൃക്ഷങ്ങള്‍, പവിത്ര സമുദ്രങ്ങള്‍ എന്നിവ സ്ഥാവരതീര്‍ത്ഥങ്ങളാണ്. മാനസതീര്‍ത്ഥങ്ങള്‍ ദര്‍ശിക്കാനായി നാം യഥാകാലം അത്യാഗ്രഹം, കോപം, അസൂയ, അലസത, അഹങ്കാരം, മാത്സര്യം എന്നീ ദുര്‍ഗുണങ്ങളെ മനസ്സില്‍നിന്നകറ്റി ശുദ്ധരായി മാറണം. ധ്യാനം, മൗനം, ആത്മനിയന്ത്രണം, അന്യര്‍ക്ക് ഹിതകരവും സത്യവുമായ സംസാരം, സത് ഗ്രന്ഥങ്ങളുടെ പാരായണം എന്നിവയിലൂടെയും സ്‌നാനം, ബ്രഹ്മചര്യം, അഹിംസ, സസ്യാഹാരം എന്നീ നിബന്ധനകള്‍ പാലിക്കുന്നതിലൂടയും മാനസതീര്‍ത്ഥങ്ങള്‍ പൂര്‍ണ്ണമായും ദര്‍ശിക്കാന്‍ കഴിയും.
ജ്ഞാനികളായ സജ്ജനങ്ങളുമായുള്ള സംസര്‍ഗ്ഗം നല്ല ഗുണങ്ങളെ വളര്‍ത്തുന്നു. ഈശ്വരവിശ്വാസത്തോടൊപ്പം ശ്രേഷ്ഠന്മാര്‍, മാതാപിതാക്കള്‍, ഗുരുക്കന്മാര്‍, ജ്ഞാനികള്‍ എന്നിവരെ ആദരിക്കുകയും അവരുടെ ശിക്ഷണത്തില്‍ കഴിയുകയും ചെയ്യുന്നതോടെ പരിശുദ്ധരാകുന്നവര്‍ ജംഗമതീര്‍ത്ഥങ്ങളെ ദര്‍ശിച്ചവരാകുന്നു.
മേല്‍പ്പറഞ്ഞ പ്രകാരം മാനസതീര്‍ത്ഥങ്ങളെയും ജംഗമതീര്‍ത്ഥങ്ങളെയും ദര്‍ശിച്ചവര്‍ സ്ഥാവരതീര്‍ത്ഥങ്ങളെ ദര്‍ശിക്കാന്‍ യോഗ്യരായതായി കണക്കാക്കാം. സ്ഥാവരതീര്‍ത്ഥങ്ങളിലേക്ക് ദര്‍ശനത്തിനു പോകുമ്പോള്‍ സ്‌നാനം, ദാനം, ജപം മുതലായവ മുടക്കംകൂടാതെ ചെയ്യണം. സ്ഥാവരതീര്‍ത്ഥങ്ങളില്‍ വസിക്കുന്ന നാളുകളില്‍ പാപകര്‍മ്മങ്ങള്‍ ചിന്തിക്കുകയോ ചെയ്യുകയോ അരുത്. സദ്ഭാവനയോടൊപ്പം മനസ്സില്‍ ദയാഭാവം സൂക്ഷിക്കുന്ന ജ്ഞാനികളാണ് പുണ്യസ്ഥലങ്ങളും പുണ്യപര്‍വതങ്ങളും പുണ്യനദികളും മറ്റും ദര്‍ശിക്കാന്‍ യോഗ്യര്‍. സ്ഥാവരതീര്‍ത്ഥങ്ങളില്‍ പോയി ചെയ്യുന്ന ചെറിയ പുണ്യകര്‍മ്മങ്ങള്‍ക്കുപോലും അനേകമടങ്ങ് ഫലപ്രാപ്തിയുണ്ടാകുന്നു.