വനിതകളുടെ സാമൂഹ്യവും സാമ്പത്തികവുമായ ശാക്തീകരണത്തിനുതകുന്ന നയപരിപാടികൾ ആവിഷ്കരിക്കുക , ലിംഗപരമായ വിവേചനം തടയുക , അതിക്രമങ്ങളിൽ നിന്നും സംരക്ഷണം നൽകുക എന്നീ ചുമതലകൾ നൽകിക്കൊണ്ട് യാഥാർഥ്യമായ വനിതാ ശിശുവികസനത്തിന്റെ പുതിയ വകുപ്പ് അഭിമാനാർഹമാണെന്ന് സുഗതകുമാരി.
ഇതൊരു കെട്ടകാലമാണ്. പിഞ്ചു കുഞ്ഞുങ്ങൾ പോലും ബലാത്സംഗം ചെയ്യപ്പെടുകയും കൊല ചെയ്യപ്പെടുകയും ചെയ്യുന്നു. ഈ സാഹചര്യത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി ഒരു പ്രത്യേക വകുപ്പ് എന്നത് പ്രതീക്ഷ നൽകുന്നു , സുഗതകുമാരി പറഞ്ഞു. സർക്കാരിന് ഇക്കാര്യത്തിൽ തീർച്ചയായും അഭിമാനിക്കാം. പ്രമുഖ നടിയെപോലും തട്ടിക്കൊണ്ടു പോയി ദ്രോഹിക്കുന്നു. സ്ത്രീകൾക്കെതിരായ അക്രമങ്ങൾ ക്രമാതീതമായി വർദ്ധിക്കുന്ന ഈ കാലത്ത് ഇങ്ങനെ ഒരു വകുപ്പ് ആശ്വാസകരമായി തീരട്ടെ. പീഡനക്കേസുകളിൽ പത്തും ഇരുപതും വർഷങ്ങൾക്കു ശേഷം പീഡിതയെ മൊഴിയെടുക്കാൻ വിളിക്കുന്ന തലതിരിഞ്ഞ ഈ കാലത്ത് നിരാശ്രയർക്കും ശബ്ദമില്ലാത്തവർക്കും വേണ്ടി പ്രവർത്തിക്കാൻ പുതിയ വകുപ്പിന് സാധിക്കണം.സുഗതകുമാരി അഭിപ്രായപ്പെട്ടു.