‘ഹേ ചോരശാസ്ത്ര അധിദേവതയേ,
മോഷണപാതയില്‍ കുടിയിരുന്ന്
വസ്തുസ്ഥിതിവിവരജ്ഞാനമേകുവോനേ,
ഇരുളില്‍ ഒളിയായ് വഴി നടത്തുവോനേ,
നിന്‍ പാദയുഗ്മം സ്മരിച്ച്
നാമമുച്ചരിച്ച്
ഇതാ കള്ളനിവന്‍
കളവിന് പുറപ്പെടുന്നു’
മോഷണത്തിനും ശാസ്ത്രമുണ്ടെന്നത് ഒരു പുതിയ അറിവാണ്. അപ്പോള്‍ അതിന് ഒരു അധിദേവതയുമുണ്ടെന്ന് അറിഞ്ഞാലോ?. കളവിന്റെ അധിഷ്ഠാനദേവന്‍ ജ്ഞാനമൂര്‍ത്തിയായ സാക്ഷാല്‍ സുബ്രഹ്മണ്യന്‍ ആണെന്ന അറിവ് ആരെയും അമ്പരപ്പിക്കുന്നതാണ്. ആ അമ്പരപ്പിനുപിന്നിലെ പൊരുള്‍ തേടിയുള്ള അന്വേഷണമാണ് വി.ജെ.ജയിംസിന്റെ ചോരശാസ്ത്രം എന്ന നോവലിന് കാരണമായത്.
പ്രത്യക്ഷത്തില്‍ ഏറ്റവും ലളിതമെന്നു തോന്നുന്ന, തമാശകള്‍ നിറഞ്ഞതെന്നു പ്രതീക്ഷിക്കാവുന്ന ഒരു പ്രമേയത്തിന്റെ ഗൗരവപൂര്‍വമായ ആവിഷ്‌കരണമാണ് ചോരശാസ്ത്രം. പലവിധ പ്രലോഭനങ്ങള്‍ക്കുമിടയില്‍ സ്വന്തം തൊഴില്‍ മറന്നുപോകുന്ന അലസനെന്നു വിളിക്കാവുന്ന ഒരു കള്ളന്‍ ‘ചോരശാസ്ത്ര പണ്ഡിതനാ’യ പ്രൊഫസറുടെ കെണിയില്‍ പെടുക, അയാളില്‍ നിന്ന് ചോരശാസ്ത്രം അഭ്യസിക്കുക, നോട്ടം കൊണ്ടു പൂട്ടു തുറക്കുന്ന വിദ്യ സ്വായത്തമാക്കുക, അവന്‍ ലോകത്തെ നിധിജ്ഞാനങ്ങള്‍ക്കായി അലയുക… ഒടുവില്‍ കള്ളന്‍ ജീവിതത്തിന്റെ പൊരുള്‍ തിരിച്ചറിഞ്ഞു മടങ്ങുന്നിടത്താണ് ചോരശാസ്ത്രം എന്ന നോവല്‍ വ്യത്യസ്തമാകുന്നത്.
ശാസ്ത്രപ്രാവീണ്യത്താല്‍ തന്റേതായ രീതിയില്‍ പഠനം തുടര്‍ന്ന കള്ളന് നിധിജ്ഞാനം ലഭ്യമാകുന്നതാണ് അവന്റെ ജീവിതത്തിലെ വഴിത്തിരിവാകുന്നത്. പക്ഷെ അത് അവനു നല്‍കുന്നത് ഉറക്കമില്ലാത്ത, കണ്ണടയ്ക്കാനാകാത്ത ഒരവസ്ഥയായിരുന്നു. കളവിന്റെ ശാസ്ത്രമായാലും അതിനുമുണ്ടൊരു നീതിശാസ്ത്രം എന്നുകൂടി ഓര്‍മ്മിപ്പിക്കുന്ന ഈ ചോരശാസ്ത്രം മലയാളനോവല്‍ സാഹിത്യത്തിലെ ശ്രദ്ധേയമായൊരു രചനയാണ്. സരളമായ, കഥയുടെ സരണിയില്‍ അധികം ഉപകഥകളിലേക്കു സഞ്ചരിക്കാതെ ചരിക്കുന്ന നോവല്‍ മികച്ചൊരു വായനാനുഭവം പകരുന്നു.
പ്രമേയത്തിന്റെ വ്യത്യസ്തതകള്‍ കൊണ്ടും അവതരണഭംഗിയാലും വായനക്കാര്‍ക്ക് വിസ്മയം പകരുന്ന എഴുത്തുകാരനാണ് വി.ജെ ജയിംസ്. അദ്ദേഹത്തിന്റെ ആദ്യ കൃതി പുറപ്പാടിന്റെ പുസ്തകം ഡി സി ബുക്‌സ് സംഘടിപ്പിച്ച നോവല്‍ മത്സരത്തില്‍ പുരസ്‌കാരം നേടിക്കൊണ്ടാണ് പുറത്തിറങ്ങിയത്. മലയാറ്റൂര്‍ പ്രൈസും ഇതിലൂടെ അദ്ദേഹത്തിന് ലഭിച്ചു. ദത്താപഹാരം, ഒറ്റക്കാലന്‍ കാക്ക തുടങ്ങിയ നോവലുകളും ശവങ്ങളില്‍ പതിനാറാമന്‍, ഭൂമിയിലേക്കുള്ള തുരുമ്പിച്ച വാതായനങ്ങള്‍, വ്യാകുലമാതാവിന്റെ കണ്ണാടിക്കൂട്, പ്രണയോപനിഷത്ത്, നിരീശ്വരന്‍ തുടങ്ങിയ കൃതികളും രച്ചിട്ടുണ്ട്.
2002ല്‍ ആണ് ചോരശാസ്ത്രം പ്രസിദ്ധീകരിച്ചത്. നോവലിന്റെ എട്ടാമത് പതിപ്പ് ഇപ്പോള്‍ പുറത്തിറങ്ങി.