വർത്തമാനകാലത്ത് ഇന്ത്യയ്ക്ക് നഷ്‌ടമായ മാനവികതയുടെ മുഖം വീണ്ടെടുക്കണമെന്ന് എം ടി വാസുദേവൻ നായർ. അതിനു സാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്നവർക്ക് എന്ത് ചെയ്യാൻ കഴിയുമെന്ന് ചിന്തിക്കണം. സർഗാത്മക സ്വാതന്ത്ര്യം അനിവാര്യമാണ്. പുരോഗമനകലാസാഹിത്യ സംഘങ്ങളുടെ 80 ാം വാർഷികാഘോഷങ്ങളുടെ ഭാഗമായുള്ള ദേശീയ സെമിനാർ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു എം ടി.
സാഹിത്യമെന്നത് ഒരു സാമൂഹ്യ സ്ഥാപനമാണെന്നു ബോധ്യപ്പെടുത്തുകയായിരുന്നു പുരോഗമന കലാസാഹിത്യ സംഘം ചെയ്തത്. മുദ്രാവാക്യ സാഹിത്യമെന്നൊക്കെയുള്ള വിമർശനങ്ങൾക്ക് സാഹിത്യ സംഘം ഇരയായിട്ടുണ്ട്. എന്നാൽ ഇന്ന് ആ മുദ്രാവാക്യങ്ങൾ യാഥാർഥ്യമായി.
പലതിനെയും മാറ്റിയെഴുതി. ജീവിതത്തിന്റെ പരുഷമായ യാഥാർഥ്യങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാൻ എഴുത്തുകാരനെ പ്രചോദിപ്പിക്കുകയാണ് സംഘം ചെയ്തത്. അങ്ങിനെയാണ് തകഴിയുടെ രണ്ടിടങ്ങഴിയും , തോട്ടിയുടെ മകനുമടക്കം മണ്ണിന്റെ മണമുള്ള സാഹിത്യ കൃതികൾ പിറക്കുന്നത്. വാക്കുകൾ വച്ച് കളിക്കുന്ന ചതുരംഗമല്ല സാഹിത്യം. അത് ജീവൽ പ്രധാനമായിരിക്കണം. സാമൂഹ്യ രാഷ്ട്രീയ സാംസ്‌കാരിക മേഖലയിൽ നവോദ്ധാനത്തിൻറെ കൂടെ സഞ്ചരിക്കാൻ കലാ സാഹിത്യ സംഘത്തിനായി. പോയ കാലത്തെ ഓർമ്മിപ്പിക്കുന്നതുപോലെ ഇനിയും പലതും ചെയ്യാനുണ്ട് എന്നതും ഓർക്കണം. എം എ ബേബി എം ടി യെ ആദരിച്ചു. പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന പ്രസിഡന്റ് വൈശാഖൻ അധ്യക്ഷനായി.