സംഗീതത്തിന്റെ സമ്പന്നവും ശാസ്ത്രീയവുമായ പാരമ്പര്യം ഉള്‍ക്കൊള്ളാന്‍ യുവതലമുറ തയ്യാറാവണമെന്ന് പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി. അന്തരിച്ച സംഗീത സംവിധായകന്‍ ജി ദേവരാജനെക്കുറിച്ച് സംഗീതസംവിധായകന്‍ എം ജയചന്ദ്രന്‍ രചിച്ച വരിക ഗന്ധര്‍വ്വഗായകാ എന്ന പുസ്തകം പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേവരാജന്‍ എന്ന സംഗീതസംവിധായകനെ മലയാളത്തിന് നല്‍കിയത് ഇടതുപക്ഷ പ്രസ്ഥാനമാണെന്നും എം എ ബേബി പറഞ്ഞു. ജയില്‍ മോചിതനായ എ കെ ജി കൊല്ലം എസ്എന്‍ കോളജിലെത്തിയപ്പോള്‍ സ്വീകരിക്കാന്‍ ഒ എന്‍ വി രചിച്ച കവിതയാണ് ദേവരാജന്‍ ആദ്യം ചിട്ടപ്പെടുത്തിയതെന്നും എം എ ബേബി അനുസ്മരിച്ചു.
ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഡി സി ബുക്‌സ് പുസ്തകമേളയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ റാണി മോഹന്‍ദാസ് പുസ്തകം ഏറ്റുവാങ്ങി. സംഗീതസംവിധായകന്‍ പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ് അദ്ധ്യക്ഷനായി. രാജേന്ദ്രന്‍ എടത്തുംകര പുസ്തകപരിചയം നടത്തി. ടി പി ശാസ്തമംഗലം, എം ജയചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.